ബഹുമുഖത്വം ഒരു പ്രതിഭയുടെ തിളക്കം കൂട്ടും, പിൽക്കാലത്ത് ചരിത്രം അത് അടയാളപ്പെടുത്തുകയും ചെയ്യും. സ്വജീവിതം മറ്റുള്ളവർക്കുള്ള ജീവിതപാഠമാക്കുന്നത് എപ്പോഴും മഹാന്മാരാണ്. മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്ന അനശ്വരനാമധേയത്തിന്റെ എഴുത്തും ജീവിതവും പ്രകാശബിന്ദുക്കളായി മാറുന്നത് അദ്ദേഹത്തിന്റെ കാലടിപ്പാടുകൾ ചരിത്രമുഹൂർത്തങ്ങളായതുകൊണ്ടാണ്. കാലങ്ങൾക്കിപ്പുറവും മൂലൂർ ഓർമ്മിക്കപ്പെടുന്നുവെങ്കിൽ അതിനുള്ള കാരണവും മറ്റൊന്നല്ല.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തെ സരസകവി എന്നു വിളിച്ചു, അക്ഷരാർത്ഥത്തിൽ അദ്ദേഹം സമരകവിയായിരുന്നു. സമൂഹത്തിലെ ജീർണതകളെയും ചാതുർവർണ്യത്തെയും സ്വജീവിതം കൊണ്ടു തിരുത്താൻ മുന്നിൽ നിന്നു. തിരസ്കാരത്തിന്റെ ഒട്ടേറെ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട് മൂലൂരിന്. അവഗണിക്കപ്പെടാൻ താൻ ഒരുക്കമല്ലെന്നായിരുന്നു ആ നിഷേധങ്ങൾക്കുള്ള മൂലൂരിന്റെ മറുപടി. അദ്ദേഹത്തിന്റെ ധിഷണയെ പരിഗണിക്കാതെ സാഹിത്യചരിത്രത്തിന് ഒരടി പോലും മുന്നോട്ടുപോകാൻ കഴിയില്ലായിരുന്നു. വല്ലാതെ ഇരുണ്ടിരുന്ന ഒരു കാലട്ടത്തിൽ സമൂഹത്തിന്റെ സമൂലപരിവർത്തനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ പേര് കാലം അടയാളപ്പെടുത്തിയതും അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ്.
'മൂലൂരെ ആശാൻ" എന്ന നൂറ്റാണ്ടുപിന്നിട്ട വിളിയിൽ പോലും ആ മഹാനോടുള്ള സ്നേഹാദരവാണ് ബാക്കിയാകുന്നത്. മലയാള സാഹിത്യ നവോത്ഥാനത്തിന്റെ മുൻനിരക്കാരനായ അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മവാർഷികവും 'കവിരാമായണ" ത്തിന്റെ 125ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ ആ മഹദ്ജീവിതത്തിലൂടെ ഒരു പ്രയാണം.
ജ്ഞാനിയായിത്തീർന്ന ബാല്യം
പദ്മനാഭപ്പണിക്കരുടെ അച്ഛൻ മൂലൂർ ശങ്കരൻ വൈദ്യർ മദ്ധ്യതിരുവിതാംകൂറിലെ പേരുകേട്ട വൈദ്യനും പഞ്ചായത്ത് കാര്യസ്ഥനുമായിരുന്നു. 1044, കുംഭമാസത്തിലായിരുന്നു പദ്മനാഭന്റെ ജനനം. തിരുവല്ലയിലെ കാവിൽ കുടുംബാംഗമായിരുന്ന വെളുത്ത കുഞ്ഞമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. അഞ്ചുവയസായപ്പോൾ അമ്മ അവനോട് വിട പറഞ്ഞു. മകന്റെ വിദ്യാഭ്യാസത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു അച്ഛൻ. അതുകൊണ്ടു തന്നെ അക്ഷരാഭ്യാസം നൽകുന്നതിനായി മലഞ്ചരുവിൽ കൊച്ചുകുഞ്ഞാശാൻ എന്ന ഗുരുവിനെ ഏർപ്പാടാക്കി. പഠിക്കാൻ കൊച്ചുപ്രായത്തിലേ ഏറെ താത്പര്യമുണ്ടായിരുന്നു പദ്മനാഭന്. അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് ആ ബാലൻ അക്ഷരങ്ങൾ പഠിച്ചെടുത്തത്. ആശാന്റെ അദ്ധ്യാപനത്തിനുശേഷം അച്ഛൻ തന്നെ അവനെ പഠിപ്പിച്ചു, അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം മുതലായവയൊക്കെ പഠിപ്പിച്ചിരുന്നത്.
അക്ഷരങ്ങൾക്ക് ജാതിവിലക്കുള്ള കാലമായിരുന്നു അത്. അവർണർക്ക് പള്ളിക്കൂടത്തിന്റെ പടിയിലെത്താനുള്ള യോഗ്യതയുണ്ടായിരുന്നില്ല. സർക്കാർ പള്ളിക്കൂടങ്ങളിലൊന്നും തന്നെ ഈഴവ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതേ സമയം സ്കൂൾ കെട്ടിടങ്ങളുടെ മുറ്റത്ത് ഒരു കുടിൽ കെട്ടി അവർണരെ ഇരുത്തിച്ചൊല്ലിക്കാറുണ്ടായിരുന്നു. ആ കാലം വല്ലാതെ ഇരുണ്ടതായിരുന്നു. അവർണരും സവർണരുമെന്ന് മനുഷ്യരെ വേർതിരിച്ചിരുന്ന കാലം. അയിത്തപ്പുരയിലിരുന്ന് അക്ഷരങ്ങളെ അറിയേണ്ടി വന്നിരുന്ന, അടിച്ചമർത്തപ്പെട്ടവരുടെ വേദനകളും ഹൃദയഭാരവും ആരും അറിയാതെ പോയ കാലം. ഒന്നുപ്രതികരിക്കാൻ പോലുമാകാതെ തല കുനിച്ച് ജീവിതം തള്ളി നീക്കേണ്ടി വന്നിരുന്നവർ. കുഞ്ഞായിരുന്നെങ്കിലും ഈ കാഴ്ചകളെല്ലാം പദ്മനാഭന്റെ മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് ആ അയിത്തപ്പുരയിലേക്ക് പോയി പഠിക്കില്ലെന്ന് കുഞ്ഞുനാളിലേ അവൻ ശാഠ്യം പിടിച്ചതും. കാലം കടന്നുപോയി. അച്ഛൻ, പദ്മനാഭനെ പതിനൊന്നു വയസു വരെ വൈദ്യശാസ്ത്രം പഠിപ്പിച്ചു.
അതിനുശേഷം ആറന്മുള കൊച്ചുരാമൻ വൈദ്യർ എന്ന പേരിലറിയപ്പെട്ടിരുന്ന മാലക്കര കൊച്ചുരാമൻ പിള്ളയുടെ കീഴിൽ സംസ്കൃതം പഠിക്കാനാക്കി. അക്ഷരങ്ങളിലൂടെയും അറിവിലൂടെയുമുള്ള ഒരു തീർത്ഥയാത്രയായിരുന്നു പിന്നീട്. അങ്ങനെ പതിനെട്ടുവയസുവരെ പഠനം നീണ്ടു, പലകാവ്യങ്ങളും പ്രബന്ധങ്ങളും അലങ്കാരഗ്രന്ഥങ്ങളും അഷ്ടാംഗഹൃദയവും ഹൃദിസ്ഥമാക്കി. കേരളവർമ്മ വലിയകോയിത്തമ്പുരാനുമായി വലിയ ആത്മബന്ധമായിരുന്നു മൂലൂരിന്. ഇലവുന്തിട്ടയിലെ മൂലൂർഭവനം അറിയപ്പെടുന്നത് 'കേരളവർമ്മ സൗധം" എന്ന പേരിലാണ്. ഈ പേരിട്ടത് മൂലൂരാണ്. കേരളവർമ്മയ്ക്ക് കേരളത്തിലുള്ള ഏകസ്മാരകമാണിത്.
കവിതയിലേക്ക് ഹരിശ്രീ
ശ്രീനാരായണഗുരുസ്വാമി വാരണപ്പള്ളിയിൽ താമസിക്കുന്ന കാലം. 1056 ൽ ആറൻമുളക്ഷേത്ര സന്ദർശനാർത്ഥം വാരണപ്പള്ളിയിൽ പദ്മനാഭപ്പണിക്കർ, പെരുന്നെല്ലിയിൽ കൃഷ്ണൻ വൈദ്യരുമൊന്നിച്ചു പോയപ്പോൾ മൂലൂർഭവനത്തിൽ വിശ്രമിക്കുകയുണ്ടായി. അപ്പോഴായിരുന്നു ആദ്യമായി പദ്യശകലമെഴുതിയത്. അത് അത്ര നന്നായില്ലെന്ന് പറഞ്ഞാണ് വീണ്ടും എത്തിയത്. പക്ഷേ, പിന്നീട് കവിതാശകലങ്ങൾ കൂട്ടി എഴുത്തിലും സ്വന്തം പേര് അടയാളപ്പെടുത്തി. ഒരു ദിവസം കൊച്ചുരാമൻപ്പിള്ള ആശാൻ പണിക്കരെയും മറ്റു സഹപാഠികളെയും ഉൾപ്പെടുത്തി ഒരു കവിതാ പരീക്ഷ നടത്തി.
'അശ്വത്ഥപൃഷ്ഠനിലയം കവിമൗലിഹീരം
വിശ്വംഭരാദിതിസുതൈരപി സേവ്യപദം
ആശാസുകീർത്തിത ഗുണം ചതസൃഷ്വജസ്ര-
മീശാംഘ്രി ഭക്തമിഹ രാമഗുരും ഭജേഹം."
(ആലപ്പുറത്ത് പാർക്കുന്ന കവിശ്രേഷ്ഠനും ഭൂദേവൻമാരാൽപ്പോലും പൂജിതനും നാനാദിക്കിലും പ്രകീർത്തിതനും ഈശ്വരഭക്തനുമായ രാമാഖ്യഗുരുനാഥനെ ഞാൻ ആരാധിക്കുന്നു).
ആശാന് നന്നേ ബോധിച്ചു ആ കവിത, പപ്പുവിന്റെ കവിത ഒരു ശ്ളോകമായിട്ടുണ്ട് എന്നായിരുന്നു ആശാൻ പലരോടും അഭിപ്രായം പറഞ്ഞത്. കവിതയെഴുത്തിൽ പണിക്കർ ശ്രദ്ധയൂന്നി തുടങ്ങിയത് ഈ കാലഘട്ടം മുതലാണ്. യൗവനത്തിലേക്ക് കടന്ന പണിക്കർ കഥകളിയിലും ഉത്സവങ്ങളിലും മനസർപ്പിച്ച് നടക്കുന്നതിൽ പിതാവ് ഒരിക്കൽ ശകാരിച്ചു. ഏറെ വേദനിച്ച പണിക്കർ തനിക്കുള്ള വിഷമം രേഖപ്പെടുത്താൻ രണ്ടു പദ്യങ്ങളെഴുതി അച്ഛന്റെ പെട്ടിയിൽ നിക്ഷേപിച്ചു. ആ വരികൾ ഇങ്ങനെയായിരുന്നു.
'ഇഷ്ടം പൂണ്ടുപഠിക്കയോ ശിശുഗണം
തന്നെപ്പഠിപ്പിക്കയോ
പുഷ്ടാമോദമഹം വിധാതുമിനിയും
ചൊല്ലീടുകിൽ ചെയ്യുവാൻ
അല്ലാതെ ഗൃഹജോലി തന്നിൽ മമ ഹാ
സാർത്ഥ്യമില്ലാതെയായ്
കല്യാത്മൻ മമഭാഗ്യദോഷഗതിയാ-
ലെന്നങ്ങറിഞ്ഞീടണം."
അത് അച്ഛന്റെ ഉള്ളം തണുപ്പിച്ചു. ഹൃദയം നിറഞ്ഞുതൂവുന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. അമ്മാനപ്പാട്ടുകളായിരുന്നു പദ്മനാഭൻ ആദ്യമെഴുതിയത്. പതിനേഴാം വയസിൽ തന്നെ നളചരിതം, ശ്രീപരീക്ഷീദുദ്ഭവം എന്നീ അമ്മാനപ്പാട്ടുകൾ രചിച്ചു. അതിനുശേഷമായിരുന്നു കൃഷ്ണാർജുന വിജയം എന്ന അമ്മാനപ്പാട്ടെഴുതിയത്. 1065 തുലാം 29ാം തീയതി പദ്മനാഭപ്പണിക്കർ വിവാഹിതനായി. പന്തളത്ത് ഇലവുന്തിട്ട അയത്തിൽ തണ്ടാർവംശത്തിൽപ്പെട്ട കുരുംബാംബയായിരുന്നു വധു. വിവാഹശേഷം ഇലവുന്തിട്ടയിലേക്ക് പണിക്കർ താമസം മാറ്റി. കുറച്ചുകഴിഞ്ഞപ്പോൾ കളരിവീട് എന്നൊരു വീട് പണിതു. സംസ്കൃതാദ്ധ്യാപനമായിരുന്നു ആ കാലത്തെ തൊഴിൽ. പണിക്കരാശാനെന്നും മൂലൂർ ആശാനെന്നുമായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആയിടയ്ക്ക് അയത്തിൽ ഒരു കഥകളി സംഘം ഉണ്ടാക്കാനും മുൻകയ്യെടുത്തു. മദ്ധ്യതിരുവിതാംകൂറിൽ പല സ്ഥലത്തും ആട്ടക്കാരുമായി കഥകളി നടത്താൻ പണിക്കർ സഞ്ചരിച്ചിട്ടുണ്ട്.
പിതാവിന്റെ കാലശേഷം എഴുത്തിൽ നിന്നും സാഹിത്യപ്രവർത്തനങ്ങളിൽ നിന്നുമൊക്കെ ഒട്ടൊരു കാലം വിട്ടു നിന്നു. എങ്കിലും ഏറെക്കാലം പ്രാണനിൽ അലിഞ്ഞുചേർന്നിരുന്ന അക്ഷരങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സാമൂഹ്യമണ്ഡലത്തിൽ മൂലൂർ കൂടുതൽ ഗൗരവത്തോടെ ഇടപെട്ടു തുടങ്ങിയതും ഈ കാലത്തായിരുന്നു. കേരളകൗമുദിയുടെ ആദ്യപത്രാധിപരും മൂലൂരായിരുന്നു.
സാഹിത്യരംഗത്തെ വിപ്ളവങ്ങൾ
ജാതിവ്യവസ്ഥയുടെ കറുത്ത അദ്ധ്യായങ്ങൾ ജീവിതത്തിന്റെ സമസ്തമേഖകളിലും അനുഭവപ്പെട്ടിരുന്ന സമയം. ചിന്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയായിരുന്നു എല്ലായിടത്തും. ഇതിനെതിരെ പദ്മനാഭപ്പണിക്കർ വലുതായി കലഹിച്ചിരുന്നു. മാത്രമല്ല, സ്വന്തം അഭിപ്രായം എവിടെയും വിളിച്ചു പറയാൻ അദ്ദേഹം മടിച്ചതുമില്ല. സവർണരല്ലാത്ത കവികളെ ശ്രദ്ധിക്കാതിരിക്കുന്ന പല പ്രമുഖരെയും കൊണ്ട് മറ്റു ജാതികളിലുൾപ്പെട്ടെ പ്രതിഭകളെ അംഗീകരിപ്പിക്കാൻ അക്ഷരസമരം തന്നെ ചെയ്യേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അവർണർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് സാഹിത്യവേദികളിൽ ഒരുസ്ഥാനം നേടിയെടുക്കുന്നതിന് ചെറിയ പരിശ്രമം മതിയായിരുന്നില്ല. ഒരുഭാഗത്ത് മുലൂർ മാത്രമായിരുന്നു സമരം ചെയ്യാൻ, മറുഭാഗത്ത് എതിർപ്പുള്ളവരും. സമരകാരണമായത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ 'കവിഭാരത" ത്തിന് വെല്ലുവിളിയെന്നോണം മൂലർ രചിച്ച 'കവിരാമായണ"മായിരുന്നു. തുടർന്നു നടന്ന സംവാദത്തിൽ മൂലൂരിന് മുന്നിൽ തമ്പുരാന് കീഴടങ്ങേണ്ടി വന്നു. പണിക്കർ സജീവമായി ഇടപെട്ട രണ്ടു സമരങ്ങളാണ് അവർകൾ വഴക്കും നമ്പൂരിവഴക്കും സ്ത്രീപുരുഷഭൂഷണവാദവും. സവർണരുടെ പേരുകൾക്കൊപ്പം അവർകൾ എന്നുപയോഗിക്കുകയും ആ ബഹുമതി പണിക്കരെ പോലെയുള്ള മറ്റുള്ളവർക്ക് നിഷേധിക്കുകയും ചെയ്തതിൽ നിന്നുണ്ടായ സംവാദമായിരുന്നു ഇത്. ഈഴവകവി നമ്പൂതിരി സമുദായംഗങ്ങളെ തിരുമനസെന്ന് വിളിക്കാതെ നമ്പൂരിയെന്ന് വിളിച്ചതുകൊണ്ടുള്ള കശപിശയായിരുന്നു നമ്പൂരി വഴക്ക്. അമ്പതോളം കൃതികൾ മൂലൂരിന്റേതായുണ്ട്. ഒട്ടേറെ കൃതികൾ വിവർത്തനവിഭാഗത്തിലും പെടുന്നു. 1089 മുതൽ ഇടയ്ക്ക് നാലുകൊല്ലം ഒഴികെ 1104 വരെ പന്ത്രണ്ടുകൊല്ലം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നിയമിച്ചിരുന്നു. പണിക്കരുടെ അസംബ്ളിപ്രസംഗങ്ങൾ മിക്കതും ദീർഘദർശനങ്ങളോടു കൂടിയതായിരുന്നു. 1078 ൽ എസ്.എൻ.ഡി.പിയോഗം രൂപീകരിക്കുന്നതിന് മുമ്പു തന്നെ അദ്ദേഹം സമുദായ പരിഷ്കരണ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
ശ്രീനാരായണഗുരുവിന്റെ
സ്നേഹവാത്സല്യങ്ങൾ
ശ്രീനാരായണഗുരുവിന്റെ സ്നേഹവാത്സല്യങ്ങൾ മൂലൂരിന്റെ ജീവിതത്തെ ആകെമാനം പ്രകാശിതമാക്കിയിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം ഒരു പുതിയ മനുഷ്യനാക്കി തീർത്തുവെന്നാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ നൽകുന്ന സൂചന.
'വിത്തശ്രീമലബാർ വിശിഷ്യ തിരുവാം-
കൂർ കൊച്ചിയെന്നീമഹാ-
സംസ്ഥാനത്രയമാർന്ന സിംഹളകുലാ-
ചാര്യത്വമന്യാദൃശം
ഉത്തുംഗാത്മതയാ വഹിച്ചു മരുവും
നാരായണസ്വാമിതാ-
നസ്തോകാബ്ദമിരിക്കുവാൻ കരുണയു-
ണ്ടാകേണമേ ദൈവമേ...""
പണിക്കരുടെ ഡയറിയിൽ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ഈ പദ്യശകലമുണ്ട്. കൊല്ലം എസ്.എൻ.ഡി.പി സമ്മേളനത്തിൽ വച്ചായിരുന്നു ഗുരുവുമായുള്ള ആത്മബന്ധം ഉടലെടുത്തത്. ആ കൂടിക്കാഴ്ച ഒട്ടേറെ മാനങ്ങൾ നൽകുന്നതായിരുന്നു. ആ കണ്ടുമുട്ടലിന് ശേഷം ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗൃഹസ്ഥശിഷ്യനായിട്ടായിരുന്നു പിന്നീടുള്ള ജീവിതം. ഒട്ടേറെത്തവണ ഗുരുവിനെ സന്ദർശിച്ചിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ ഗുരു വന്നപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പം പണിക്കർ സഞ്ചരിച്ചിരുന്നു. ആ കാലയളവിൽ നടന്ന രസകരമായ ഒരു സംഭവം 'സ്മരണ" കളിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുദേവൻ ഒരിക്കൽ മൂലൂർ ഭവനം സന്ദർശിച്ച അനുഭവമായിരുന്നു അത്. ഗുരുവിനെ കണ്ടയുടനെ അന്ന് അവിടെ വളർത്തിയിരുന്ന ഒരു പട്ടി കുനിഞ്ഞിരുന്ന് രണ്ട് കൈകളും നീട്ടി സ്വാമികൾക്ക് പ്രണാമമർപ്പിച്ചു. അദ്ദേഹം കരുതലോടെ, സ്നേഹവാത്സല്യങ്ങളോടെ ആ പട്ടിയുടെ തലയിൽ തലോടി. 'ഈ പട്ടി സംസ്കൃതം പഠിക്കയാലല്ല, പഠിപ്പിച്ചത് കേൾക്കയാലായിരിക്കണം ഇത്ര സൽസ്വഭാവിയായത്" എന്നായിരുന്നു ഗുരുവിന്റെ രസകരമായ മറുപടി. മഹാത്മാഗാന്ധി ഹരിജനോദ്ധാരണപരിപാടികൾ തുടങ്ങുന്നതിന് മുമ്പുതന്നെ ശ്രീനാരായണഗുരു പുലയരെയും പറയരെയും മറ്റും അന്തേവാസികളായി സ്വീകരിച്ചിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ പുരോഗതിക്ക് വേണ്ടിയായിരുന്നു പദ്മനാഭപ്പണിക്കർ പ്രവർത്തിച്ചിരുന്നത്. അവരുടെ കൂട്ടത്തിൽ തന്നെ നേതാക്കൻമാരെ ഉയർത്തിക്കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. കറുമ്പൻ ദൈവത്താനും ടി.ടി. കേശവശാസ്ത്രിയും മൂലൂരിനാൽ കണ്ടെത്തപ്പെട്ടവരാണ്. ദൈവത്താന് ശ്രീമൂലം പ്രജാസഭയിൽ അംഗത്വം നൽകുവാൻ ദിവാനെ പ്രേരിപ്പിച്ചത് മൂലൂരായിരുന്നു.
ഈഴവസമുദായത്തിൽ തുടർന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കുന്നതിനും കവിതകളിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും മൂലൂർ ശ്രമിച്ചു. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളും ജീവിതമൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും മൂലൂർ ശ്രദ്ധ വച്ചിരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റ ഉപജ്ഞാതാവ് മൂലൂരായിരുന്നു. ഇന്നും തീർത്ഥാടനകാലത്ത് ശിവഗിരി സമ്മേളനവേദിയിൽ സ്ഥാപിക്കാനുള്ള പഞ്ചലോഹവിഗ്രഹം ഇലവുന്തിട്ടയിലെ മൂലൂർ ഭവനത്തിൽ നിന്നാണ് കൊണ്ടുവരുന്നതും സമ്മേളന ശേഷം വിഗ്രഹം അവിടെ സൂക്ഷിക്കുന്നതും. സവർണക്ഷേത്രങ്ങളിൽ പ്രവേശനമില്ലാതിരുന്ന ഈഴവർ അവിടെ കാണിക്കയിടുന്നതിൽ മൂലൂർ വേദനിച്ചിരുന്നു. പിന്നീടദ്ദേഹം ഈഴവർക്കായി ക്ഷേത്രങ്ങളും സമാജങ്ങളും സമാജമന്ദിരങ്ങളുമുണ്ടാക്കി. ഡോ. പൽപ്പു, കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ തുടങ്ങിയ നേതാക്കൾ മൂലൂരിനെ ഏറെ വിലമതിച്ചിരുന്നു. സമുദായ ഉന്നമനത്തിന് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾക്ക് അംഗീകാരമായി എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ഒരു വെള്ളിമെഡലും സ്വർണമോതിരവും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
നിത്യതയിലേക്ക് ചരിത്രത്തിലൂടെ
സ്വന്തം സമുദായത്തിന്റെ ഉയർച്ച മാത്രമായിരുന്നില്ല മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ ജീവിതവ്രതം. മക്കപ്പുഴ സ്വദേശിയായ കേശവൻ എന്ന പുലയബാലനെ ബ്രഹ്മതിദ്യാഭൂഷൺ പി.കെ. പണിക്കരുടെയടുത്ത് അയച്ച് സംസ്കൃതം പഠിപ്പിച്ച് ആലുവാ അദ്വൈതാശ്രമം സ്കൂളിൽ പഠിപ്പിച്ച് ശാസ്ത്രിപരീക്ഷാവിജയിയാക്കിയത് അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ഒന്നു മാത്രം. ഈ ബാലനാണ് പിന്നീട് തിരുവിതാംകൂർ നിയമസഭാ ഡെപ്യൂട്ടി പ്രസിഡന്റായി ഉയർന്ന ടി.ടി. കേശവശാസ്ത്രി. ഭ്രാന്താലയമാണെന്ന വിശേഷണം മാറ്റിയെഴുതാനായി ആദ്യം രംഗത്തിറങ്ങിയ മഹാൻമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം.
1106 മീനം എട്ടാം തീയതിയായിരുന്നു പണിക്കർ തന്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റി വിട പറഞ്ഞത്. ഷഷ്ടിപൂർത്തിയാഘോഷത്തിന്റെ തൊട്ടടുത്തവർഷമായിരുന്നു ആ വിയോഗം.1969 ഫെബ്രുവരി 15 മുതൽ 19 വരെ നടന്ന സരസകവി മൂലൂർ ജന്മവാർഷികത്തിലെ ജനസഞ്ചയനം തന്നെ ആ ജീവിതത്തോടുള്ള ഒരു ജനതയുടെ സ്നേഹാദരമായിരുന്നു. തിരുവനന്തപുരം പബ്ളിക്ക് ലൈബ്രറി ഹാളിൽ മാർച്ച് നാലിനാണ് മൂലൂർ ശതോത്തര കനജൂബിലിയും കവിരാമായണത്തിന്റെ ശതോത്തര രജതജൂബിലിയും ആഘോഷിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.