ആട്ടവിളക്കു പോലെ ദീപ്തവും സൗമ്യവുമായ ആ മുഖ പ്രസാദം ഇനിയില്ല. ആറു പതിറ്റാണ്ടു നീണ്ട കലാ സപര്യയ്ക്ക് എന്നെന്നേക്കുമായി തിരശീല വീണു. ഇടയ്ക്കൊക്കെ മോനേ എന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചുകൊണ്ടുള്ള അമ്മയുടെ ഫോൺ വിളികൾ ഇനി ഒരിക്കലും തേടി വരില്ല. ശങ്കരമംഗലത്തെ നാട്യ ധർമ്മിയിൽ അരങ്ങൊഴിഞ്ഞത്, അരങ്ങിലെ ആൺകോയ്മക്കെതിരെ നിരന്തരം ശബ്ദിക്കുകയും നടനവൈഭവത്തിന്റെ സ്ത്രീ വഴക്കം കാട്ടികൊടുക്കുകയും ചെയ്ത വിപ്ലവകാരിയാണ്.
കഥകളിയരങ്ങിലെ ആദ്യ സ്ത്രീസാന്നിധ്യമല്ല ചവറ പാറുക്കുട്ടിയമ്മ. ചിലർ അങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അരങ്ങിൽ നില നിന്നത് ഒരേ ഒരു പാറുക്കുട്ടിയമ്മ മാത്രം. അനേകം ദുരിത പർവങ്ങൾ താണ്ടി വിജയ പാർവത്തിലെത്തിയ സ്ത്രീ പർവം. ചവറ ശങ്കരമംഗലത്ത് സ്വർണപ്പണിക്കാരനായിരുന്ന ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും എട്ടുമക്കളിൽ ആറാമതായിട്ടാണ് പാറുക്കുട്ടിയുടെ ജനനം. അച്ഛൻ ശങ്കരനാചാരി സദാരമ പോലുള്ള ചില നാടകങ്ങളിൽ പാടിയിരുന്നു. ചവറ ശങ്കരമംഗലം സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ കൂട്ടുകാരി ലീലാമണിയോടൊപ്പം ഉച്ചയൂണിന് അവരുടെ വീട്ടിൽ പോകുമായിരുന്നു പാറുക്കുട്ടി. ലീലാമണിയുടെ അച്ഛൻ കെ.പി തോമസ് ഭാഗവതരും അമ്മ മിസ്സി ടീച്ചറും നടത്തിയിരുന്ന നൃത്ത കലാലയത്തിൽ നിന്ന്
'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങി"
ചങ്ങമ്പുഴയുടെ വരികളിൽ തുടങ്ങുന്ന നൃത്തരൂപം കട്ടുപഠിച്ചു. വിവരം അറിഞ്ഞ തോമസ് ഭാഗവതർ പക്ഷേ കോപിച്ചില്ല, സ്കൂൾ വാർഷികത്തിന് പാറുക്കുട്ടിക്ക് കളിക്കാൻ കനകച്ചിലങ്ക പാടിക്കൊടുത്തു. കളി കണ്ടിഷ്ടപ്പെട്ട ഭാഗവതർക്ക് പാറുക്കുട്ടിയെ ശിഷ്യയാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നി. ഫീസ് തരാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞ ശങ്കരനാശാരിയോട് ഫീസ് വേണ്ട ഞാൻ തരുന്ന സ്വർണ്ണം കൊണ്ട് കല്ലുവെച്ചൊരു നെക്ലേസ് പണിതുതന്നാൽ മതിയെന്ന് ഭാഗവതർ പറഞ്ഞു. ഭാഗവതരുടെ ഇളയ മകൾ സുശീലാമണിയാണ് 'ബാല്യകാല സഖി" സിനിമയിൽ നായികയുടെ ബാല്യകാലം ചെയ്തത്. പ്രതിഫലമായി ബോബൻ കുഞ്ചാക്കോ കൊടുത്ത ഒരു പവൻ സ്വർണം അങ്ങനെ കല്ലുവെച്ച മനോഹരമായ നെക്ലേസ് ആയി മാറി.
അയൽക്കാരി നാണിയമ്മയുടെ ആട്ടക്കാരി എന്ന ദ്വയാർത്ഥപ്രയോഗമാണ് ശരിക്കും ആട്ടക്കാരിയായിക്കളയാം എന്ന തീരുമാനത്തിലേക്ക് ചവറ പാറുക്കുട്ടിയെ നയിച്ചത്. മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാനായിരുന്നു ആദ്യ ഗുരുനാഥൻ. പുരുഷാംഗാനമാർ ആചാരത്തിന്റെ ഭാഗമായി ചമയവിളക്കെടുക്കുന്ന ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ലളിത പൂതനയായിട്ടായിരുന്നു അരങ്ങേറ്റം. കലാമണ്ഡലം കൃഷ്ണൻനായരെ പോലുള്ള പൂതനകൃഷ്ണൻമാർ ആടി ഫലിപ്പിച്ച അതേ വേഷം
.പോരുവഴി ഗോപാലപിള്ള ആശാന് ദക്ഷിണ വെച്ച് കൊട്ടുകാട് മുകുന്ദപുരം കളരിയിൽ കഥകളി അഭ്യസിക്കാൻ തുടങ്ങിയതോടെ ശ്രീകൃഷണ വിലാസം കളിയോഗത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി ചവറ പാറുക്കുട്ടി. തുടക്കത്തിൽ കുട്ടിത്തരം വേഷങ്ങളായിരുന്നെങ്കിൽ പിന്നീട് കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഗുരു ചെങ്ങന്നൂർ രാമൻപിള്ള, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടിനായർ തുടങ്ങിയ മഹാരഥൻമാർക്കൊപ്പം കൂട്ടുവേഷങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ഉണ്ടായി. സ്ത്രീവേഷങ്ങൾ കെട്ടുന്നതിൽ ചില പരിമിതികൾ ഉണ്ടെന്ന് സ്വയം സമ്മതിക്കുമ്പോഴും തന്റെ പൊക്കക്കുറവ് ഉയരങ്ങൾ കീഴടക്കുന്നതിന് തടസമായി ആ പ്രതിഭാധനയ്ക്ക് തോന്നിയിരുന്നില്ല. പുരുഷ കേസരികൾ മാത്രമേ സ്ത്രീ വേഷം കെട്ടിയാലേ നന്നാകൂ എന്ന ധാരണയെ തിരുത്തിക്കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പാറുക്കുട്ടിയമ്മയുടെ മിടുക്ക് മാത്രമെന്ന് സമ്മതിക്കുക തന്നെ വേണം. കലാജീവിതത്തിൽ ചവറ പാറുക്കുട്ടി ഏറ്റവും കൂടുതൽ ആടിയ കഥാപാത്രം ലളിതപൂതനയാണെങ്കിലും മനസാവരിച്ചത് ദേവയാനിയെയായിരുന്നു.
ഒരിക്കൽ ഊരുട്ടമ്പലം അലിയാട് മണ്ഡപത്തിൽ ദുര്യോധനവധം ആട്ടക്കഥ കൊഴുക്കുന്നു. ദുശ്ശാസനനായി വേഷമിട്ട മുട്ടാർ ശിവരാമൻ ചവറ പാറുക്കുട്ടിയുടെ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാനായി കാണികൾക്കിടയിലുടെ വലിച്ചിഴച്ചു കൊണ്ടു വരുന്നു. വിടടാ ആ പെൺകൊച്ചിനെ എന്നാക്രോശിച്ചു കൊണ്ട് കാണികൾക്കിടയിൽ നിന്ന് ഒരു സ്ത്രീയോടി വന്നു. അവർ ചവറ പാറുക്കുട്ടിയെ അടങ്കം പിടിക്കുകയും സ്ത്രീപീഡകനായ ദുശ്ശാസനന്റെ കയ്യിൽ നിന്ന് പെൺകുട്ടിയെ ബലമായി വിടുവിക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ പിടിവലിയിൽ പാറുക്കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ചരടുകൾ വരെ പൊട്ടിപ്പോയി. കയ്പ്പ് നിറഞ്ഞ ഒട്ടേറെ അനുഭവങ്ങൾ കളിയമ്മയ്ക്ക് ഉണ്ടായിട്ടുണ്ട്.
ഒരു സ്ത്രീയെന്ന നിലയിൽ തന്റെ സ്വകാര്യത സംരക്ഷിക്കാൻ ,അണിയറയിൽ പുരുഷൻമാരുടെ കണ്ണുകൾക്ക് മറ കെട്ടി വേഷമിടാൻ അപവാദങ്ങളിൽ നിന്നകന്ന് ജീവിക്കാൻ അവർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. കഥകളി അരങ്ങിലെ സ്ത്രീ സാന്നിദ്ധ്യം തന്നെ അപൂർവങ്ങളിൽ അപൂർവമായൊരു കാലഘട്ടം. ശ്രീരാമപട്ടാഭിഷേകം കളിക്കുമ്പോൾ സീതയുടെ ഉള്ളം കയ്യിൽ ശ്രീരാമൻ ദുഃസൂചനയോടെ ഒന്ന് ചൊറിഞ്ഞു. ആ ശ്രീരാമനെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചിട്ടേ ചവറ പാറുക്കുട്ടി അടങ്ങിയുള്ളു. ചില കലാകാരന്മാർ സുരാപാനരസാസക്തർ ആയതിനാൽ അമ്പലക്കമ്മിറ്റിക്കാരോട് ഒളിഞ്ഞും തെളിഞ്ഞും അവർക്ക് പറയേണ്ടി വന്നിട്ടുണ്ട്... ദയവുചെയ്ത് നിങ്ങൾ സത്കാരം ഒഴിവാക്കൂ...
മുതിർന്ന തലമുറയിലെ പല നടന്മാരും ചവറ പാറുക്കുട്ടിയെ മകളെ എന്നപോലെ സ്നേഹിക്കുകയും അവരിലെ കലാകാരിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കീരിക്കാട്ടുള്ള സമസ്തകേരള കഥകളി വിദ്യാലയത്തിൽ ചേർന്ന് തിരുമേ നിയുടെ ശിക്ഷണത്തിൽ തുടർപരിശീലനം നേടി. മാങ്കുളത്തോടൊപ്പം ഡൽഹിയിലെ ഇന്ത്യൻ നാഷണൽ കഥകളി സെന്ററിൽ വിദേശിയരടക്കമുള്ള പ്രൗഢ ഗംഭീരമായ സദസിൽ കഥകളി അവതരിപ്പിച്ചു. കചനായി മാങ്കുളവും ദേവയാനിയായി ചവറ പാറുക്കുട്ടിയും. പന്തളം കേരളവർമ്മയുടെ ശുക്രൻ, തകഴി കുട്ടൻപിള്ളയും മുദാക്കൽ ഗോപിനാഥ പിള്ളയുടെയും പാട്ട്. വാരണാസി സഹോദരൻമാരുടെ ചെണ്ട. സ്മൃതി പഥത്തിൽ ഇരമ്പിയമരുന്ന ആ നാളുകളെപ്പറ്റി പലപ്പോഴും ചവറ പാറുക്കുട്ടി സംസാരിച്ചിട്ടുണ്ട്. പാറുക്കുട്ടിയുടെ ദമയന്തിയെ കണ്ടു മോഹിച്ച് നളനാവാൻ കത്തുകൾ അയച്ചവർ അനവധി. പ്രേമിച്ചു വിവാഹം കഴിച്ച ഒരാളോടൊപ്പം രണ്ടു വർഷമേ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. അതിലൊരു മകളുണ്ട്. കലാമണ്ഡലം ധന്യ. ഭരതനാട്യത്തിൽ എം.എയും ഡോക്ടറേറ്റുമുള്ള ധന്യ പെർഫോമിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.
ചവറയിലെ നാട്യധർമ്മിയിൽ ഒന്നര ദശാബ്ദക്കാലമായി കലയുടെ നൂപുര ധ്വനികൾ ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട്. ഭാരതനാട്യം, മോഹിനിയാട്ടം. കുച്ചിപ്പുടി, കഥകളി വേഷം, ചെണ്ട, മൃദംഗം, ശാസ്ത്രീയ സംഗീതം, വയലിൻ, ഓർഗൺ....മുന്നൂറിൽ അധികം വിദ്യാർഥികൾ ഇവിടെ ആണ്ടോടാണ്ട് കലാസപര്യയിൽ ഏർപ്പെടുന്നു. എന്നാൽ കലയുടെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിൽ പെണ്ണായി പിറന്നതുകൊണ്ടു മാത്രം ആട്ടം പഠിക്കാൻ പറ്റില്ല എന്ന വാറോല മരിക്കുംവരെ ചവറ പാറുക്കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. പരിഷ്കൃതസമൂഹത്തിന്റെ ഈ വിവേചനത്തിനെതിരെ തന്നാലാവും വിധം അവർ ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്. ദമയന്തിയായും സീതയായും ദേവയാനിയായും കുന്തിയായും പൂതനയായും ഉർവശിയായും മലയത്തിയായും പാഞ്ചാലിയായും സതിയായും പ്രഹ്ലാദനായും കൃഷ്ണനായും അവർ എത്ര എത്ര വേഷപ്പകർച്ച കൈക്കൊണ്ടു!
കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാഡമിയുടെ ഗുരു പൂജാ അവാർഡ്, ഗുരു ചെങ്ങന്നൂർ രാമൻ പിള്ള അവാർഡ്, എം കെ കെ നായർ സ്മാരക അവാർഡ്, ഹൈദരാലി സ്മാരക കഥകളി അവാർഡ്, ഗുരു ഗോപിനാഥ് ട്രസ്റ്റ് ഗുരുശ്രേഷ്ഠാ അവാർഡ് കൊട്ടാരക്കര തമ്പുരാൻ കഥകളി അവാർഡ്, മാലി ഫൗണ്ടേഷൻ കർണ്ണശപഥം അവാർഡ്, കലാമണ്ഡലം വിയത് രാമകൃഷ്ണ പിള്ള അവാർഡ്. അക്ഷരാർത്ഥത്തിൽ സാമ്യമേകുന്നൊരു ഉദ്യാനമായിരുന്നു ചവറ പാറുക്കുട്ടി. കഥകളിയുടെ പ്രോജ്ജ്വല്യ കാലഘട്ടത്തിന്റെ നേർസാക്ഷ്യം. പണമോ പ്രശസ്തിയോ ഒന്നും സ്വപ്നം കാണാൻ പോലുമാകാത്ത കാലഘട്ടത്തിൽ കഥകളിയോടുള്ള ഒടുങ്ങാത്ത അഭിനിവേശം അതൊന്നുകൊണ്ടു മാത്രം അരങ്ങിലെത്തുകയും പ്രതിസന്ധികളെ ഉൾക്കരുത്തോടെ നേരിട്ട് ചരിത്രമായി മാറുകയും ചെയ്ത കളിയമ്മ. ചിട്ടകൾ വടക്കനോ തെക്കനോ ആകട്ടെ അപ്രമാദിത്വം കപ്ലിങ്ങാടനോ കല്ലടിക്കോടനോ കല്ലുവഴിയോ ആകട്ടെ ചവറ പാറുക്കുട്ടി പകർന്നാടിയ വേഷങ്ങൾ ആട്ടവിളക്കിന്റെ ദീപ്തനാളം പോലെ ആസ്വാദകരുടെ മനോമുകുരത്തിൽ എക്കാലവും ഒളിമങ്ങാതെ കത്തിനിൽക്കും.