മലയാള സാഹിത്യ ലോകത്ത് വളർന്നു വരുന്ന പുതിയൊരു എഴുത്തുകാരനാണ് ഗോപീകൃഷ്ണൻ. ഗോപീകൃഷ്ണന്റെ വളരെ ഭാവനാപൂർണമായ പതിനൊന്നു കഥകളാണ് 'ഒരു പീഡിതയുടെ കുമ്പസാരം" എന്ന ചെറുപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കഥാസമാഹാരത്തിലെ മിക്ക കഥകളും സ്ത്രീകളെക്കുറിച്ചുള്ളതാണ്.
ഗോപീകൃഷ്ണന്റെ കഥകൾക്ക് ഒരു ലാളിത്യമുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന നിരവധി കഥാപാത്രങ്ങൾ, അവരുടെ മാനസിക സംഘർഷങ്ങൾ എല്ലാം ഗോപീകൃഷ്ണൻ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം സമൂഹത്തിലെ തിന്മകൾക്കെതിരെ അതിശക്തമായി കഥാപാത്രങ്ങൾ വിരൽചൂണ്ടുന്നുമുണ്ട്. സമൂഹ മനസ്സാക്ഷിയെ നേരിൽ കാണുകയും, അതിനോടൊപ്പം സഞ്ചരിക്കുകയും, അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തെങ്കിൽ മാത്രമേ, ഒരു എഴുത്തുകാരൻ യഥാർത്ഥ സാഹിത്യകാരനാവൂ! ഒരു കഥ നോക്കാം. ഡോ. രാജീവും, ഡോ. മാലതിയും തമ്മിലുള്ള ഒരു പരിചയകഥ. നിരപരാധിയായ ഒരു ചെറുപ്പക്കാരനോട് വാശിതീർക്കാൻ നിർബന്ധപൂർവ്വം നിൽക്കുന്ന ഒരു സ്ത്രീ. ഒടുവിൽ അവൾക്ക് അയാളെ രക്ഷിക്കണമെന്നു തോന്നി. അവസാനം അവൾ എഴുതുന്നു.
''പ്രിയപ്പെട്ട രാജീവേ എനിക്കു മാപ്പുതരൂ, ഒരു പരാതി കൊടുക്കുമ്പോൾ, ഇടനിലക്കാരായി ആരെങ്കിലും ഇടപെട്ട് എന്നെ രാജീവിനെക്കൊണ്ട് വിവാഹം ചെയ്യിക്കാം എന്ന സമ്മതിക്കും എന്നു ഞാൻ വിശ്വസിച്ചു. പക്ഷേ അതുണ്ടായില്ല. എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടവരിൽ ഏറ്റവും മാന്യനാണ് താങ്കൾ.എന്റെ പരാതിയിൽ ഞാൻ പറഞ്ഞിരിക്കുന്നതെല്ലാം കളവാണ്.
സത്യത്തിന് നിരക്കാത്ത മീഡിയാ വിചാരണകളും, പോലീസിന്റെ കള്ളത്തെളിവുശേഖരണവും ബുദ്ധിയില്ലാതെ കൂകിവിളിക്കുന്ന പൊതുജനവും നമ്മുടെ സമൂഹത്തിന് ഒരു തീരാവ്യാധിയാണ്. ഞാൻ ഇനിയും ജീവിച്ചിരുന്നാൽ നമ്മുടെ നാട്ടിലെ കപട സ്ത്രീസംരക്ഷണ നിയമങ്ങളും കുരുക്കിട്ട്, പോലീസും മാധ്യമങ്ങളും ചേർന്ന് ഒരു തെറ്റും ചെയ്യാത്ത എന്റെ പാവം രാജീവിനെ ശിക്ഷിക്കുമെന്നുറപ്പാണ്. ആയതിനാൽ അതിൽ നിന്നും കുറ്റക്കാരനല്ലാത്ത രാജീവിനെ സംരക്ഷിക്കാൻ ഇനിയുള്ള ഏകമാർഗം എന്റെ ആത്മഹത്യയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഞാൻ എന്റെ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. പൊലീസും, കോടതിയും, പൊതുജനവും, മാദ്ധ്യമങ്ങളും എന്നോട് പൊറുക്കുക. രാജീവിന് മോചനം നൽകുക.എന്ന്, നിങ്ങളുടെയെല്ലാം സ്വന്തം ഡോക്ടർ മാലതി."" അവിടെ കഥ അവസാനിക്കുകയാണ്.
സ്ത്രീയുടെ വിവിധ ഭാവങ്ങൾ, സ്നേഹത്തോടും വിനയത്തോടും ഗോപീകൃഷ്ണൻ ഇതിലെ കഥകളിലൂടെ അവതരിപ്പിക്കുകയാണ്. വെറും ഒരു മണിക്കൂർ കൊണ്ട് എല്ലാ കഥകളും വെറുതെ വായിച്ചുപോകാവുന്ന ലാളിത്യത്തിലാണ് ഗോപീകൃഷ്ണൻ എഴുതിയിരിക്കുന്നത്. കടുപ്പമില്ലാത്ത നല്ല മലയാളഭാഷ, വായിക്കുമ്പോൾ നല്ല ഒഴുക്കനുഭവപ്പെടുന്ന ആഖ്യാനശൈലി. എന്തുകൊണ്ടും ഇതു നല്ലൊരു ചെറുകഥാ സമാഹാരമാണെന്ന് നിസംശയം പറയാം.