സ്ഥലങ്ങൾക്ക് ജാതിയും മതവുമുണ്ടോ? ചാതുർവർണ്യമുണ്ടോ? സുന്ദരേശൻ നായർ തമാശയായി ചോദിച്ചതു കേട്ട് എല്ലാവരും നെറ്റി ചുളിച്ചു. പോസ്റ്റുമാസ്റ്ററായി റിട്ടയർ ചെയ്ത അദ്ദേഹം വ്യത്യസ്ത ചിന്താഗതിക്കാരനാണ്. എല്ലാവർഷവും ശിവഗിരിയിൽ പോകും. എടത്വാപള്ളിയിലും വേളാങ്കണ്ണിയിലും പോകും. നിത്യവും മൂന്നു പത്രങ്ങൾ വായിക്കും. വായനയിൽ ജാതിയും മതവുമൊന്നും കടന്നുവരാൻ പാടില്ലെന്ന ചിന്താഗതിക്കാരൻ. ശ്രീനാരായണഗുരുദേവകൃതികൾ പലതും കാണാപ്പാഠം. ചട്ടമ്പിസ്വാമിയുടെ വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നിവയും ഹൃദിസ്ഥം.
ഒരു സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് സ്ഥലങ്ങൾക്ക് ചാതുർവർണ്യമുണ്ടോ എന്ന സംശയം സുന്ദരേശൻ നായർ ഉന്നയിച്ചത്. തന്റെ രക്ഷിതാക്കൾ പേരിനൊപ്പം ജാതിപ്പേരുകൂടി സമ്മാനിച്ചെങ്കിലും സുന്ദരേശൻ നായർ മക്കൾക്കോ ചെറുമക്കൾക്കോ ജാതി വരുന്ന പേരുകൾ ഇട്ടില്ല. മന്നത്ത് പത്മനാഭന്റെയും എ.കെ.ജിയുടെയുമൊക്കെ പാതയാണ് ഇക്കാര്യത്തിൽ ആദരവോടെ അദ്ദേഹം സ്വീകരിച്ചത്.
ഓരോ ജാതിക്കാർക്കും അവരവരുടേതായ ജാതി സ്നേഹം രഹസ്യമായും പരസ്യമായും ഉണ്ടെന്ന് സുന്ദരേശൻ നായർ തെളിവുകൾ നിരത്തി പറയും. ഇക്കാര്യത്തിൽ ഉയർന്ന ജാതിയെന്നോ താണജാതിയെന്നോ ഉള്ള വ്യത്യാസമില്ല.
തന്റെ അഭിപ്രായത്തെപ്പറ്റി അഭിപ്രായം പറയാൻ പലരും മടിച്ചപ്പോൾ സുന്ദരേശൻ നായർ തന്റെ വാദത്തെ സമർത്ഥിച്ചു. ഗ്രാമത്തിൽ രണ്ടേക്കറുണ്ടെന്ന് പറയാൻ മടിക്കുന്നവർ മുംബയിൽ ഒരു സെന്റുണ്ടെന്ന് പത്തുപേർ കേൾക്കെ പറയും. സ്ഥലത്തിന്റെ റിസർവ് ബാങ്ക് മൂല്യം വച്ചാണ് പലരും സ്ഥലത്തിന്റെ ജാതി നിശ്ചയിക്കുന്നത്. നഗരത്തിൽ കോർപ്പറേഷൻ അറവുശാലയ്ക്ക് സമീപമായാലും സ്ഥലവും വീടുമുള്ളയാൾ അത് വലിയ ക്രെഡിറ്റായി അവതരിപ്പിക്കും.
അതേ സമയം ശാന്തസുന്ദരവും പ്രകൃതിഭംഗിയുള്ളതും ദേവാലയത്തിന് സമീപം വീടും അഞ്ചു സെന്റുമുള്ളവൻ അത് വിറ്റ് നഗരപ്രാന്തത്തിലായാലും ചെറിയ വീട് വാങ്ങാനായിരിക്കും തലപുകയുന്നത്. നഗരം സവർണനായും ഗ്രാമം അവർണനായും കരുതുന്നവരും കുറവല്ല. നഗരത്തിലെ മാലിന്യവും കൊതുകും ദുർഗന്ധവും പരാതിയില്ലാതെ സഹിച്ചുകൊള്ളും. ഇത്തരക്കാർ ശാന്തസുന്ദരമായൊരു ഗ്രാമത്തിൽ നല്ലൊരു വീടുവച്ചാലും അംഗീകരിക്കില്ല. ഇതു ഓണം കേറാമൂലയല്ലേ... പട്ടിക്കാടല്ലേ ഇവിടെന്തിന് വീടുവച്ച് മണ്ടത്തരമായി എന്നൊക്കെ തട്ടിവിടും.
പക്ഷേ പിൻഗാമികളെ സമ്പന്നരാക്കാൻ പാടുപെട്ട തന്റെ പൂർവ്വികർ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് ഇവർ ചിന്തിക്കാറില്ല. ഈയിടെ കോടികൾ വാരിക്കൂട്ടി ന്യൂയോർക്കിൽ ഫ്ളാറ്റുള്ള സമ്പന്നൻ ആശുപത്രിക്കിടക്കയിൽ വച്ച് ഒരാഗ്രഹം പ്രകടിപ്പിച്ചു. തന്റെ ചിതാഭസ്മമെങ്കിലും ജനിച്ചുവളർന്ന ഗ്രാമത്തിലെ നീന്തിത്തുടിച്ച പുഴയിലൊഴുക്കണമെന്ന്. അപ്പോൾ സ്ഥലങ്ങൾക്ക് ജാതിയും മതവും ഇല്ലേ? സുന്ദരേശൻ നായരോട് വാദിക്കാൻ പലർക്കും വാക്കുകൾ കിട്ടിയില്ല.
പണ്ടുള്ളവർ ഉണർന്നെണീറ്റാൽ ഭൂമിയെ തൊട്ടുവണങ്ങുമായിരുന്നു. കാരണം ഭൂമിയും അമ്മയായിരുന്നു. ഇപ്പോഴോ...? സുന്ദരേശൻ നായർ പരിഹാസത്തോടെ ചിരിച്ചു.
(ഫോൺ: 9946108220)