പതിറ്റാണ്ടുകൾ മുമ്പ്...
'നെടുവന്നൂർ കോണത്ത് പരാമറടിച്ചു മീനെല്ലാം ചത്തുപൊങ്ങിയേ."
കൂക്കിവിളിച്ചു കൊണ്ട് കിഴക്കേ ഇടവഴിയിലൂടെ ഒാടുകയാണ് തെക്കേവീട്ടിലെ കാന്താരിപ്പയ്യൻ. സ്കൂൾ വിട്ടുവന്നതേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ സമീപത്തെ ബാലസംഘം ഒാടിയെത്തിയപ്പോൾ കണ്ടത് നെടുവന്നൂർകോണം ഏലായല്ല. മരണനിലം. ഒരു ആവസാസവ്യവസ്ഥയാകെ മുന്നിൽ ചത്തുമലച്ചുകിടക്കുന്നു. കതിരിട്ട നെൽച്ചെടികൾ മൂകസാക്ഷികളായി തലകുനിച്ചുനിൽക്കുന്നു. ചലനമറ്റു മലർന്നുകിടക്കുന്നത് എന്തൊക്കെ? സ്വർണനിറമുള്ള മുതുകും വെള്ളപ്പുള്ളികൾ നിറഞ്ഞ അടിഭാഗവുമായി വരാലുകൾ, വയലറ്റും കറുപ്പും ചേർന്ന തവിട്ടുനിറവും മീശയും മുള്ളുമായി കാരി (കടു), കാരിയുടെ അതേരൂപത്തിൽ തടിച്ചുകുറുകിയ മുഷി, കറുത്തുകൊഴുത്ത് പാമ്പിന്റെ അടുത്ത ബന്ധു എന്ന് തോന്നുന്ന നെടുമീൻ , വരാലിന്റെ കുഞ്ഞനിയന്മാരായ വട്ടോൻ (പൊത്ത), പാടിമീനുകളായ പരൽ, മാനത്തുകണ്ണി, കരട്ടി, ഐര, പച്ചത്തവള, കാളത്തവള, മഞ്ഞയും ചാരനിറവും ചേർന്ന കുഞ്ഞൻ തവള, ഞണ്ടുകൾ, വിരയോ മീനോ എന്നുതിരിച്ചറിയാനാവാത്ത നീണ്ടുരുണ്ട ചെറുജീവി , വയലട്ടകൾ, വെള്ളത്തിലാശാൻ, വെള്ളപ്പാറ്റകൾ, ചെല്ലികൾ, വിരകൾ, പുഴുക്കൾ, കീടങ്ങൾ, നെല്ലിലെ ചാഴിയോടൊപ്പം ചത്തുവീണ വിട്ടിലുകൾ , ശലഭങ്ങൾ, തുമ്പികൾ, മറ്റു ഷഡ്പദങ്ങൾ.. നീർക്കോലികൾ (പുളുവൻ). ശുദ്ധമായ ചേറിന്റെ മദിപ്പിക്കുന്ന ഗന്ധമില്ല. പകരം കീടനാശിനിയുടെ രൂക്ഷഗന്ധം. അഴുകാൻ തുടങ്ങിയ ജീവജാലങ്ങളിൽ നിന്നുയരുന്ന പൂതിഗന്ധം. പരാമർ എന്ന രാസായുധത്തിന്റെ മാരകമായ പ്രഹരശേഷി. ഇങ്ങനെയൊരു രംഗത്തിന് സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം. തലചുറ്റുന്നു. ദഹനവ്യവസ്ഥ മുഴുവൻ മുകളിലേക്ക് ഉരുണ്ടുകയറിവരുന്നപോലെ. ചത്തുകിടക്കുന്ന വലിയൊരു നെടുമീനെ കണ്ടപ്പോൾ ജന്തുശാസ്ത്ര അദ്ധ്യാപകൻ യൂറോപ്യൻ ഇൗലുകളെപ്പറ്റി പറഞ്ഞതോർത്തു. സർഗാസോ കടലിൽ മുട്ടവിരിയുന്ന സ്ഫടിക ഇൗലുകൾ. അവ ആയിരക്കണക്കിന് മൈൽ താണ്ടി ശുദ്ധജലാശയങ്ങളിലെത്തി പ്രായപൂർത്തിയാകുന്നു. മുട്ടയിടാറാകുമ്പോഴേക്കും തിരിച്ചുകടലിലേക്ക്... പാവം നിന്റെ അവസാനം.
നാട്ടിലെ നെടുമീനുകൾ ആഴമുള്ള ജലാശയങ്ങളിൽ വെള്ളത്തിനടിയിലും ചെളിയിലും വയലുകളിൽ മടയിലെ പൊത്തുകളിലുമാണ് കഴിയുക. രാത്രി മുഴുവൻ നീന്തിത്തുടിച്ച് മീനിനെയും തവളയേയും അകത്തക്കിയശേഷം പകൽ സമയങ്ങളിൽ പൊത്തുകളിൽ ഒളിച്ചു പാർപ്പ്. ഇവന്റെ കൊതി അറിയാവുന്ന ചൂണ്ടക്കാർ തവളയെ ചൂണ്ടയിൽ കൊരുത്ത് പൊത്തുകളിലേക്കിട്ടു കൊടുക്കും. ഒറ്റ വിഴുങ്ങൽ. ചൂണ്ട വെട്ടിക്കുമ്പോൾ കുടുങ്ങും. പിന്നെ ഒരു ബലപരീക്ഷണം. ഒടുവിൽ വലിച്ചുപുറത്തേക്കിട്ടാൽ പുളഞ്ഞുപിടയുന്ന ആ വിശ്വരൂപം ആരെയും ഒന്നുപേടിപ്പിക്കും. സാമാന്യം നീണ്ടൊരു പേരും പേരിൽ നെടുവും ഉണ്ടെങ്കിലും നെടുവന്നൂർ കോണം ചെറിയൊരു വയൽ പ്രദേശമാണ്. വരമ്പുതിരിച്ച ഇരുപതോളം ചെറുകണ്ടങ്ങൾ ചേർന്ന ത്രികോണാകൃതിയിലുള്ള തണ്ണീർത്തടം.
കിഴക്കുംപടിഞ്ഞാറും തെക്കും പറങ്കിമാവും കുറ്റിക്കാടും നിറഞ്ഞ കുന്നുകൾ. പിന്നീട് അവ റബർ തോട്ടങ്ങളായി. വടക്ക് തെങ്ങിൻതോപ്പും കരപ്പുരയിടങ്ങളും തെങ്ങിൻതോപ്പിലെ വലിയ ഇടച്ചാലുകൾ കുളങ്ങൾ പോലെയാണ്. ഇടവപ്പാതിക്കാലത്ത് ഏലാ വലിയൊരു ജലാശയമാകും. വേനൽക്കാലത്ത് വെള്ളം മിക്കവാറും വിട്ടൊഴിയുകയും ചെയ്യും. വയലിലെ അവസാന ജല സാന്നിദ്ധ്യങ്ങളാണ് ഒാലക്കുളങ്ങൾ. ഏലായയ്ക്ക് സമീപത്തെ ഒട്ടുമിക്ക വീടുകളും അക്കാലത്ത് ഒാല മേഞ്ഞതാണ്. ഫെബ്രുവരി-മാർച്ച് ആകുന്നതോടെ വെട്ടിയിട്ട് ഉണങ്ങിയ തെങ്ങോലകൾ കീറിക്കെട്ടി വെള്ളത്തിലിട്ട് കുതിർത്ത് മെടഞ്ഞാണ് പുരമേയുക. ഒാല കുതിർക്കുന്നത് വയലിൽ കുളം കുഴിച്ചോ ചാലുകളിൽ വെള്ളം തടഞ്ഞുനിറുത്തിയോ ആണ്. ഇൗ ഒാലക്കുളങ്ങൾ കൂടി വറ്റുന്നതോടെ അടുത്ത വേനൽമഴവരെ ഏലാ ഉണങ്ങിക്കിടക്കും. കണ്ടങ്ങൾ കിളച്ചുകട്ടയുടച്ചിടുന്ന സമയം അതാണ്, വേനൽമഴ കിട്ടിയാൽ കട്ടകൾ അലിഞ്ഞ് വീണ്ടും ചെളി രൂപം കൊള്ളുകയായി. ഇടവപ്പാതിമഴ ഏറിയും കുറഞ്ഞും നിൽക്കെ കണ്ടങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം ചാലുകീറി വിട്ടാണ് ഒാണക്കാലത്ത് കൊയ്തെടുക്കാൻ പാകത്തിലാവുന്ന വിരിപ്പുകൃഷി. മകരമാസത്തിൽ കൊയ്തെടുക്കുന്ന അടുത്ത കൃഷിക്ക് മുണ്ടകൻ എന്നുപറയും. മുണ്ടകൻ നെല്ല് മൂപ്പെത്തിവരുന്നതനുസരിച്ച് വയലിലെ വെള്ളം വറ്റിത്തുടങ്ങും. ഇൗ സമയത്ത് ഇടച്ചാലുകളെല്ലാം മീൻപെരുകി കിടക്കുകയാവും.
ചാലുകൾ വരമ്പുകെട്ടി അടച്ച് വെള്ളം തേകി വറ്റിച്ച് മീൻപിടിക്കുന്നത് ഞങ്ങൾ കുട്ടികൾക്ക് ഉത്സവം പോലെ. പിടിച്ച് കൈകഴച്ചാലും തീരാതെ വട്ടോനും പരലും. മറ്റു പൊടിമീനുകൾ. പിന്നെ മുഷി, വരാൽ, കാരി. മുഴുത്തൊരു നെടുമീനെ കിട്ടിയാൽ ലോട്ടറി അടിച്ചപോലെ. അത്യപൂർവ്വമായി ആരലിനെയും കിട്ടും. വലിയ പച്ചത്തവളകൾ മറ്റൊരു ഡെലിക്കസിയാണ്. പാളയോ ചരുവമോ കൊണ്ടുള്ള തേകൽ നല്ല അദ്ധ്വാനമാണെങ്കിലും വെള്ളം വാർന്നുവരുമ്പോൾ മുഴുത്ത മീനുകൾ പുളയുകയും ചാടുകയും ചെയ്യുന്നതുകാണുമ്പോഴുണ്ടാകുന്ന ആഹ്ളാദം. വെള്ളത്തിന് അനക്കം തട്ടിത്തുടങ്ങുമ്പോൾത്തന്നെ അന്തേവാസികളായ ജലനാഗശ്രേഷ്ഠന്മാർ (നീർക്കോലി അഥവാ പുളവൻ) അടുത്ത ചാലിലേക്കോ കണ്ടത്തിലോ ഇഴഞ്ഞ് സ്ഥലം വിടും. വെള്ളം വറ്റിക്കഴിഞ്ഞ് ചെളി കലക്കിയാണ് മീൻ പിടുത്തം. പുളവന്മാർ അതിൽപെട്ടാൽ നെടുമീനോ ആരാലോ ആണെന്ന് വിചാരിച്ച് പിടികൂടുമെന്നുറപ്പ്. തിരിച്ചറിഞ്ഞാൽ അറപ്പോടെ വലിച്ചെറിയും. അല്ലെങ്കിൽ തല്ലിയോ നിലത്തടിച്ചോ കൊല്ലും. വിഷമില്ലാത്ത സാധു ആണെങ്കിലും പാമ്പായിപ്പോയില്ലേ? ചില തന്ത്രശാലികളുണ്ട്. ചെളിയിൽ പമ്മിക്കിടന്ന് വേണ്ടത്ര ചെറുമീനുകളെ അകത്താക്കിയശേഷം വളഞ്ഞു. പുളത്ത് ഒരു കോലാഹലമുണ്ടാക്കി അടുത്ത വെള്ളക്കെട്ടിലേക്ക് ഒറ്റച്ചാട്ടം! പക്ഷേ പലപ്പോഴും ഇൗ അതിസാമർത്ഥ്യം അവസാനിക്കുന്നത് അകാലനിര്യാണത്തിലായിരിക്കും. രസകരമായൊരു സംഭവം കൂടി. വെള്ളംവറ്റി ചെളികലക്കുന്ന സമയം കൃത്യമായി ഗണിച്ച് അടുത്ത ചാലുകളിലും കണ്ടങ്ങളിലും നിന്ന് അവ ചാടിച്ചാടിവന്ന് രംഗത്ത് ഫാൾ ഇൻ ആകും. ചെളിയിലും ചണ്ടിയിലും പെട്ട് ചത്തുപോയതും മൃതപ്രയമായതുമായ പൊടി മീനുകളെ ശാപ്പിടാനാണ്. മീൻ ചാകര വസൂലാക്കാൻ കുറെ ദൂരെ നിന്നുവരെ തവളക്കുഞ്ഞന്മാരുടെ പുറപ്പാടുണ്ടാകും. ഇവയുടെ കണ്ണുകളിലെ ആവേശത്തിളക്കം കുട്ടികളിലേതിനെക്കാൾ എത്രയോ!
മത്സ്യങ്ങളുടെ പുളഞ്ഞുചാട്ടം വിദഗ്ദ്ധമായി അനുകരിക്കുന്ന മിമിക്രിക്കാരായ മാക്രികളുണ്ട്. പിടികൂടപ്പെടുമ്പോൾ കാലുനീക്കി വെപ്രാളം കാണിക്കും. അത്തരക്കാർക്ക് ശിക്ഷയുണ്ട്. ബോംബേയ്ക്ക് അയയ്ക്കൽ. വന്നയിടത്തേക്ക് (വായുമാർഗം) വലിച്ചെറിയുകയെന്നതാണ് ബോംബേയ്ക്ക് അയയ്ക്കൽ. ആകാശഗമനം കഴിഞ്ഞ് പ്ളും എന്ന് പഴയസ്ഥാനത്ത് ചെന്നുവീണാൽ കാര്യമായ പരിക്കൊന്നും ഏൽക്കുകയില്ല. ഏറും വീഴ്ചയും മൂലമുണ്ടാകുന്ന ചെറുഷോക്ക് തീരുന്നതുവരെ അനങ്ങാതെ കിടന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഉൗളിയിട്ടുപോകും! മീൻപിടുത്തം കഴിഞ്ഞാൽ താത്കാലിക തടയണകൾ തുറന്ന് ആ ഭാഗത്തേക്ക് വെള്ളം തിരികെ കയറ്റുകയായി. അതോടെ അങ്ങോട്ടേക്ക് ജലജീവികളുടെയെല്ലാം പുറപ്പാടുണ്ടാകും. മൂന്ന് നാലുദിവസം കൊണ്ട് വെള്ളം തെളിയും. ജലസസ്യങ്ങൾ തലനീട്ടും. പതുക്കെ ആവാസ വ്യവസ്ഥ പഴയപടി. രാസവളങ്ങളെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്ത പഴയ കാലത്ത് ചാണകപ്പൊടിയും ചാരവും പച്ചിലയുമൊക്കെയായിരുന്നു നെൽകൃഷിക്കുള്ള വളങ്ങൾ. പിന്നെ രാസവളങ്ങൾ വന്നു.
ഫാക്ടും ഫോസും യൂറിയയുമൊക്കെ കുട്ടികളുടെ നാവിൽപ്പോലും തത്തിക്കളിച്ചു. അക്കാലത്താണ് മുമ്പെങ്ങുമില്ലാത്തവിധം നെടുവന്നൂർക്കോണം ഏലാ ചാഴിയുടെ ആക്രമണത്തിൽ അമർന്നത്. നെല്ല് കതിരിടുമ്പോൾ അതിനുള്ളിൽ പാൽ പോലെയുള്ള പദാർത്ഥം രൂപം കൊള്ളും. അത് കട്ടിയായി, അരിമണിയാകും. കതിരിലെ 'പാൽ" ഊറ്റിക്കുടിച്ചാണ് ഷഡ്പദമായ ചാഴിയുടെ ഉപജീവനം. കതിര് അതോടെ പതിര് (മങ്ക്) ആകും. ചാഴിയുടെ ഉപദ്രവത്തിനുള്ള പഴയകാല പ്രതിവിധി മന്ത്രി പ്രയോഗമായിരുന്നു. 'ചാഴിയെ വിലക്കും മന്ത്രം." (പാഠങ്ങൾ സദാ ഉരുവിട്ടു പഠിക്കുന്നതിന് 'ചാഴിയെ വിലക്കുന്നപോലെ" എന്നൊരു പ്രയോഗവും നാട്ടിൽ നിലവിൽ ഉണ്ടായിരുന്നു) പക്ഷേ,പഴയ കാലത്തെ പരപ്പിച്ചുകൊണ്ട് ചാഴി മരുന്ന് എത്തി. സാക്ഷാൽ പരാമർ! അന്നത്തെ മൂന്നാം ക്ലാസിലെ മലയാളം പുസ്തകത്തിൽ 'രണ്ടു കൃഷിക്കാർ" എന്നൊരു പാഠമുണ്ടായിരുന്നു. അതിലെ ഒരു കർഷകൻ പഴമയുടെ പ്രതിനിധി കുറുപ്പ്. അപരൻ കൂട്ടുകാരന്റെ മകനും പുത്തൻ കൃഷിക്കാരനുമായ 'ബി.എക്കാരൻ" വേലപ്പൻ. ചാഴിക്കോടിന് മന്ത്രി ഫലിച്ചിരുന്നതായി സന്ദേഹത്തോടെ കുറുപ്പു പറയുമ്പോൾ വേലപ്പന് വ്യക്തമായ മറുപടിയുണ്ട്. ''മന്ത്രം ഫലിക്കുമോ എന്നെനിക്കറിയില്ല. മരുന്നു ഫലിക്കും. തീർച്ച.""അതാണ് നെടുവന്നൂർ കോണത്ത് കണ്ടത്.
ഈ 'കൂട്ടക്കൊല" നോക്കി നിന്നപ്പോൾ ആറാം ക്ലാസിൽ പഠിച്ച പദ്യം ഓർമ്മയിലെത്തി- 'ഉപായത്തിൽ അപായ." (പഞ്ചതന്ത്രത്തെ ആസ്പദമാക്കി കുഞ്ചൻ നമ്പ്യാർ രചിച്ചതാണ് പദ്യം.) കഥാസാരം: വൻ വൃക്ഷശിഖരത്തിൽ കൊക്കിന്റെ കുടുംബം. താഴെ മാളത്തിൽ വസിക്കുന്നത് കൃഷ്ണസർപ്പം. കൊക്കിൻ കുഞ്ഞുങ്ങൾ സർപ്പത്തിന്റെ വായിലായി കൊണ്ടിരുന്നു. ദുഃഖിതനായ ബകത്തിന് പരിഹാരം പറഞ്ഞുകൊടുത്തത് പാരമ്പര്യവൈരിയായ ഞണ്ടാണ്. കുറച്ചകലെ ഒരു കീരി പാർക്കുന്നുണ്ട്. അതിന്റെ പൊത്തുമുതൽ സർപ്പഗേഹം വരെ മീൻ കൊണ്ടിടുക. വിദ്യ ഫലിച്ചു. മത്സ്യം പെറുക്കി തിന്നുതിന്ന് സർപ്പത്തിന്റെ അടുത്തെത്തിയ നകുലം അതിനെ കൊന്നു കഷണമാക്കി. അപ്പോഴാണ് കൊക്കിൻകൂടി കണ്ടത്. കയറി കൊക്കുകളുടെ വംശനാശം വരുത്തി!
ഗുണപാഠം: പരാമർ മുതൽ എൻഡോസൾഫാൻ വരെ... നെടുവന്നൂർ കോണത്ത് അടുത്തവർഷവും ചാഴി ആക്രമണമുണ്ടായി. പിന്നെ ഓരോ വർഷവും ചാഴിക്കുവാശി പോലെ. പരാമർ പ്രയോഗവും കൊടുമ്പിരി കൊണ്ടു. ഏറെ കാലത്തിനുശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും നാട്ടിലെത്തിയത്. ഒന്നു കൂടി നടക്കാനിറങ്ങി. നെടുവന്നൂർ കോണത്തേക്ക്. റബർ മരങ്ങളുടെ ബാലാരിഷ്ടത തുടരുന്നു. പുല്ലുസംഹാരി മരുന്നിന്റെ വീര്യത്തിൽ പാഴ് പടർപ്പുകൾ പോലും കരിഞ്ഞുണങ്ങിയിരിക്കുന്നു. നടുക്കണ്ടങ്ങളിലേക്ക് പകുതിയോളം കര ഇറങ്ങിച്ചെന്നു കഴിഞ്ഞു. നടത്തം തുടർന്നപ്പോൾ താഴെ കണ്ടത്തിന്റെ നടുവിൽ അല്പം പച്ചപ്പ്. നീരൊഴുക്കിന്റെ ലക്ഷണം. കരിയിലകൾ ചവിട്ടി മെതിച്ച് അങ്ങോട്ട് ചെന്നു. അടിയിൽ ചുവന്ന ഓരിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ആഴവും ഒഴുക്കുമുള്ളൊരു നീർച്ചാൽ. ചാലിന്റെ തുടക്കത്തിൽ മടപോലെ വെള്ളം കെട്ടി നിൽക്കുന്നു. മടയിലും ചാലിലും നിറയെ പരൽമീനുകൾ! കണ്ണുകൾക്ക് മദ്ധ്യേ വജ്രത്തിളക്കമുള്ള മാനത്തുകണ്ണികൾ! വെള്ളത്തിനടിയിൽ കലക്കമുണ്ടാക്കിക്കൊണ്ട് ഏതൊക്കെയോ മീനുകളുടെ പാതകൾ! പ്രിയപ്പെട്ടവരെ, നിങ്ങൾ എവിടെ നിന്ന് എങ്ങനെ വന്നു?
(ലേഖകന്റെ ഫോൺ:9447277113)