പശ്ചിമ ഘട്ടത്തിലുള്ള മറ്റൊരു അസാധാരണ പക്ഷിയാണ് രാച്ചുക്ക്, രാചൗംഗൻ എന്നൊക്കെ അറിയപ്പെടുന്ന ജെർഡൻസ് നൈറ്റ് ജാർ. ഈ പക്ഷിയെ പറ്റി ആദ്യമായി വിവരിച്ച തോമസ് സി ജേർഡോൺ (ജേർഡൻ) എന്ന പക്ഷിനിരീക്ഷകന്റെ പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേ ഇവയെ കാണാറുള്ളൂ. കേരളത്തിൽ തട്ടേക്കാട് മാത്രമേ ഞാൻ ഇതിനെ കണ്ടിട്ടുള്ളൂ. മറ്റു പല കാടുകളിലും ഉണ്ടെങ്കിലും പകലെല്ലാം മണ്ണിൽ പുതഞ്ഞു വിശ്രമിക്കുകയും സന്ധ്യാ സമയത്ത് ഇര തേടാൻ ഇറങ്ങുകയും ചെയ്യുന്ന ഇവരെ കണ്ടെത്തുക വലിയ വിഷമം. സന്ധ്യ സമയത്ത് പറന്നു വരുന്ന നൈറ്റ് ജാർ എന്റെ മനം കവർന്നു എന്ന് വേണം പറയാൻ. മാക്കാച്ചി കാടയെപ്പോലെ ഇവയ്ക്കും വായ വലുതാണ് .മണ്ണിന്റെ നിറമാണ്.
വാലിലും ചിറകുകളിലും വെള്ളയും തവിട്ടും വരകളും പുള്ളികളുമൊക്കെയുണ്ട്. ഇന്ത്യൻ നൈറ്റ് ജാർ, ലോംഗ് ഇയേർഡ് നൈറ്റ് ജാർ (ചെവിയൻ രാച്ചുക്ക് ), ലാർജ് ടൈൽഡ് നൈറ്റ് ജാർ എന്നിങ്ങനെ മറ്റു വകഭേദങ്ങളുമുണ്ട് ഈ കുടുംബത്തിൽ തന്നെ. എല്ലാവരുടെയും തനതു സ്വഭാവം ഏതാണ്ട് ഒന്ന് തന്നെ. പകൽ മണ്ണിലും രാത്രി നിശാ ശലഭങ്ങളെ തേടിയും ജീവിക്കുന്നവർ. കുറ്റിക്കാടുകളും കൃഷിയിടങ്ങളും അടിക്കാടുകളും ഒക്കെ ഇവയുടെ വാസസ്ഥലങ്ങളാണ്.
ഒരു തടിപ്പലകയിൽ കൃത്യമായ ഇടവേളകളിൽ അടിച്ചാൽ കിട്ടുന്ന ശബ്ദം പോലെയാണ് ഇവരുടേത്. പലപ്പോഴും രാത്രി നമ്മൾ ഇത് കേട്ടിട്ടുമുണ്ടാവാം. ഇന്ത്യയിലും ശ്രീലങ്കയിലും ഫെബ്രുവരി മുതൽ ജൂലായ് വരെ പ്രജനനം നടത്തുന്ന ഇവർ കൂടുണ്ടാക്കാറില്ല. മണ്ണിൽ തന്നെ മുട്ടയിട്ട് മണ്ണിന്റെ നിറം പോലെ സാമ്യമുള്ള തന്റെ പ്രച്ഛന്ന വേഷം, അതിൽ തന്നെ ചിറകുകൾ ഉപയോഗിച്ച് മുട്ടകൾ പൊതിഞ്ഞു പിടിച്ചു കുഞ്ഞുങ്ങളെ വിരിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങൾ ഇലകൾക്കിടയിൽ പതുങ്ങുന്നു. പ്രകൃതി വളരെ സമർത്ഥമായാണ് അതിന്റെ ജീവജാലങ്ങളെ അപായങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് എന്ന് രാചുക്കിനെ നോക്കി മനസിലാക്കാം.