'ക്വീൻ" സിനിമ കണ്ടവരാരും ധ്രുവനെ മറക്കില്ല. അത്രത്തോളം പ്രേക്ഷകമനസിൽ കുടിയിരിക്കാൻ ധ്രുവനായി. കുട്ടിക്കാലം മുതലേ ധ്രുവന്റെ സ്വപ്നം സിനിമയായിരുന്നു. വളരുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അന്നേ സിനിമാനടൻ എന്ന ഉത്തരം മനസിൽ സൂക്ഷിച്ചിരുന്നു. വളർന്നപ്പോഴും ആ ഇഷ്ടത്തിന് മാത്രം മാറ്റം വന്നില്ല. ജീവിതത്തിൽ പല ജോലികൾ ചെയ്യേണ്ടി വന്നെങ്കിലും സിനിമയെ അപ്പോഴും ഉപേക്ഷിക്കാൻ തയ്യാറായില്ല. കാത്തിരിപ്പിനും കഷ്ടപ്പാടിനുമൊടുവിൽ സിനിമയിലെത്തിയ കഥ ധ്രുവൻ പറയുന്നു.
ഒരേയൊരു സ്വപ്നം, സിനിമ
ഒറ്റപ്പാലമാണ് എന്റെ നാട്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോണോ ആക്ടും മിമിക്രിയുമൊക്കെ അവതരിപ്പിക്കുമായിരുന്നു. സ്പോർട്സും ആർട്സുമായിരുന്നു പ്രധാന മേഖല. പഠനത്തിൽ അല്പം മോശമായിരുന്നു. ഒടുക്കത്തെ വികൃതികാരണം ടീച്ചർമാർക്ക് ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല. കുട്ടിക്കാലം മുതൽ അഭിനേതാവാകാനായിരുന്നു ആഗ്രഹം. പക്ഷേ, നാട്ടിൽ നിന്ന് പറയത്തക്ക പ്രോത്സാഹനമൊന്നും കിട്ടിയില്ല. അവസരങ്ങൾ കണ്ടെത്തേണ്ടത് നമ്മൾ തന്നെയല്ലേ.
എങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടേണ്ടതെന്ന് ഒരു പിടിയുമില്ലായിരുന്നു. കോയമ്പത്തൂർ ശങ്കര കോളേജിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പഠിച്ചു. അതു കഴിഞ്ഞു കൊച്ചിയിൽ എം.ബി.എ ഏവിയേഷൻ കോഴ്സിനു ചേർന്നു. അപ്പോഴും സിനിമയായിരുന്നു മനസിൽ. എം.ബി.എ കഴിഞ്ഞ് കൊച്ചിൻ എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി കിട്ടി. അതിനിടയിൽ ചില സമാന ചിന്താഗതിക്കാരെ പരിചയപ്പെട്ടു. അവരുമായി ചേർന്ന് ഷോർട്ട് ഫിലിമുകളിലൊക്കെ അഭിനയിച്ചു. ഷോർട്ട് ഫിലിമിലൊക്കെ അഭിനയിച്ചെങ്കിലും സിനിമയിൽ അവസരം ലഭിക്കാത്തതിലുള്ള നിരാശ ബാധിച്ചു തുടങ്ങി. ജോലി ഉപേക്ഷിച്ചാലേ എന്തെങ്കിലും നടക്കാൻ സാദ്ധ്യതയുള്ളൂയെന്ന് മനസു പറഞ്ഞു. തുടർന്ന് ജോലി ഉപേക്ഷിച്ചു. എന്തു ചെയ്യണമെന്നറിയാതെ മാസങ്ങൾ കടന്നുപോയി. പരിചയമുള്ള പലരോടും അവസരം ചോദിച്ചു. അങ്ങനെയാണ് ഭീമാ ജൂവലറിയുടെ പരസ്യത്തിൽ അഭിനയിക്കുന്നത്. പിന്നെ ചെറുതും വലുതുമായ ചിത്രങ്ങളുടെ ഒാഡിഷനിൽ പങ്കെടുക്കുകയായിരുന്നു പ്രധാന ജോലി.
ഒടുവിൽ സിനിമ വിളിച്ചു
രണ്ടു മൂന്നു വർഷങ്ങൾ പോയതറിഞ്ഞതേയില്ല. കുറേ ഓഡിഷനുകൾ കഴിഞ്ഞപ്പോൾ ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷങ്ങൾ ലഭിച്ചു. 1971 ബിയോണ്ട് ബോർഡേഴ്സ്, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി. ആഷിക് അബുവിന്റെ മമ്മൂക്ക ചിത്രം ഗ്യാംഗ്സ്റ്ററിലാണ് ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ലഭിച്ചത്. മമ്മൂക്കയുടെ കഥാപാത്രം അജ്മീറിൽ വരുന്ന സീനിൽ ഞാനുമുണ്ട്. ഒാഡിഷനിലൂടെയാണ് ആഷിക്കേട്ടനെ പരിചയപ്പെട്ടത്. അപ്പോഴും അവസരങ്ങൾക്കായി കഠിന ശ്രമത്തിലായിരുന്നു. ആയിടയ്ക്കാണ് പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി. കുരുവിള ഡോണട്ട് ഫാക്ടറി എന്ന റെസ്റ്റോറന്റ് തുടങ്ങിയത്. ഞാൻ സിനിമയ്ക്ക് ശ്രമിക്കുന്ന കാര്യം അദ്ദേഹത്തിനറിയാം. അവിടെ ജോലിക്ക് കയറുമ്പോൾ എനിക്ക് ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ. സിനിമ വന്നാൽ ലീവ് വേണം. എന്റെ അഭിനയമോഹം അറിയാവുന്നതുകൊണ്ട് അവരത് അംഗീകരിച്ചു.
ക്വീൻ വന്ന വഴി
ഡോണട്ട് ഫാക്ടറിയിലെ ജോലിക്കിടയിൽ തന്നെയാണ് ക്വീനിന്റെ ഒാഡിഷനു വേണ്ടി ഫോട്ടോസ് അയച്ചത്. ഓഡിഷൻ സമയത്ത് കടുത്ത പനിയും തൊണ്ട വേദനയുമൊക്കെയായി ആകെ സീനായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഡിജോയാണ് സംവിധായകൻ എന്നറിയുന്നത്. ഡിജോയും ഞാനും വർഷങ്ങൾക്ക് മുമ്പൊരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചെറിയൊരു വേഷം എനിക്കുണ്ടാവുമെന്ന് അപ്പോഴേ മനസിലായി. പത്ത് റൗണ്ടോളം ഒഡിഷൻ കഴിഞ്ഞപ്പോഴാണ് ഞാനാണ് നായകൻ എന്നറിഞ്ഞത്. ഷൂട്ടിംഗിന് ഒരുമാസം മുമ്പ്, തിരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം ഇടപ്പള്ളിയിലെ ഒരു വീട്ടിൽകൊണ്ടുപോയി താമസിപ്പിച്ചു. കിടക്കാൻ പായ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുക്കത്തെ കൊതുക് കടിയും. പക്ഷേ എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ കൂട്ടുകാരായി. ഞങ്ങളെ ഒന്ന് സെറ്റാക്കിയെടുക്കാൻ വേണ്ടിയാണ് ഒന്നിച്ചു താമസിക്കാൻ പറഞ്ഞത്.
ഹോട്ടലിൽ നിന്നും സിനിമയിലേക്ക്
വീട്ടിൽ ഞങ്ങളെല്ലാവരും പാരമ്പര്യമായി ചെണ്ട കൊട്ടുന്നവരാണ്. കുറച്ചുനാൾ മുൻപുവരെ ഞാൻ ചില പ്രോഗ്രാമുകൾക്ക് വേണ്ടി ചെണ്ട കൊട്ടാൻ പോകുമായിരുന്നു. ആ പ്രതിഫലമാണ് ഭക്ഷണം കഴിക്കാനും ഒാഡിഷനും ഉപയോഗിച്ചിരുന്നത്. അതിനു ശേഷം നവരസ എന്ന ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലിക്ക് കയറി. സിനിമയിൽ അവസരം കിട്ടുന്നത് വരെ ഭക്ഷണത്തിനും താമസത്തിനും യാത്രാ ചെലവിനുമുള്ള പണമാകുമല്ലോ. എന്റെ ഈ ചിരി കാരണമാണ് ജോലി കിട്ടിയത്. ഇന്റർവ്യൂ ചെയ്തപ്പോൾ തന്നെ അവർ പറഞ്ഞ പ്രധാന ഡിമാൻഡ് എപ്പോഴും ഇതുപോലെ ചിരിച്ച മുഖവുമായി നിൽക്കണമെന്നായിരുന്നു. ഗസ്റ്റുകളോട് നല്ല രീതിയിൽ ഇടപെടണം. ആഷിക് അബു, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ഗ്രിഗറി, വിജയ് ബാബു, റിമ കല്ലിങ്കൽ തുടങ്ങിയവരെല്ലാം നവരസയിൽ വരാറുണ്ടായിരുന്നു. അവരെയൊക്കെ കാണാനും സംസാരിക്കാനും കഴിയുന്നത് തന്നെ സന്തോഷമായിരുന്നു.
ശക്തിയെന്നും സൗഹൃദങ്ങൾ
എന്റെ മൂന്നാമത്തെ ചിത്രം വരാൻ പോകുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ സിനിമയിൽ ആഴത്തിലുള്ള സൗഹൃദങ്ങൾ തുടങ്ങുന്നതേയുള്ളൂ. ക്വീനിലെ എല്ലാവരുമായും നല്ല അടുപ്പമുണ്ട്. വിളിക്കുകയും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുകയും ചെയ്യും. സംവിധായകൻ ഡിജോയുമായി ഇപ്പോഴും നല്ല കമ്പനിയാണ്.
വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളയാളാണ് ഡിജോ. സിനിമയെക്കുറിച്ച് ഒരുപാട് പുതിയ കാര്യങ്ങൾ പറഞ്ഞുതരും. ഷാഫി സാർ സംവിധാനം ചെയ്യുന്ന ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രമാണ് ഉടൻ റിലീസാകുന്നത്. ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. മൂന്നു സുഹൃത്തുക്കളുടെ ഇടയിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ. ഞാനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഷറഫുദ്ദീനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. റാഫി സാറിന്റേതാണ് തിരക്കഥ.
കുടുംബം
അച്ഛനും അമ്മയും ചേട്ടനും ഏട്ടത്തി അമ്മയുമുള്ള ഒരു സാധാരണ കുടുംബമാണ് എന്റേത്. സ്വാഭാവികമായും അവർക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നെപ്പോലെ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത നാട്ടിൻപുറത്തുകാരനായ ഒരാൾ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടോയെന്നായിരുന്നു സംശയം. രക്ഷപ്പെട്ടവരുടെ കഥകളെക്കാൾ രക്ഷപ്പെടാത്തവരുടെ കഥകളാണ് അവർ കേട്ടിരുന്നത്. ഇപ്പോഴവർക്ക് ശരിക്കും സന്തോഷമായി. ഇത്രനാളും കഷ്ടപ്പെട്ടു പഠിപ്പിച്ച് വളർത്തി വലുതാക്കിയതിന് അവർക്ക് നൽകാൻ കഴിഞ്ഞ ഒരു ചെറിയ സമ്മാനം, അതാണ് എന്റെ സിനിമാജീവിതം.