ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് എല്ലാം അവസാനിപ്പിക്കാൻ തോന്നുന്നവരുടെ എണ്ണം കൂടിവരുന്ന ഈ കാലത്ത് വിഷാദത്തിന്റെ കാരണങ്ങൾ തേടി ഒരു അടൂർ സിനിമ, സുഖാന്ത്യം. ഇതൊരു മുഴുനീള കഥാചിത്രമല്ല. അരമണിക്കൂർ മാത്രമുള്ള ഈ ഹ്രസ്വചിത്രം മനുഷ്യർ ഇന്നനുഭവിക്കുന്ന ജീവിത സമസ്യകളോട് സംവദിക്കുകയാണ്.
ജഗതി എൻ.കെ.ആചാരിയുടെ 'കറക്കു കമ്പനി"എന്ന നാടകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുഖാന്ത്യം തൊഴിൽ രഹിതരും ആശയ സമ്പന്നരുമായ മൂന്നുപേർ ചേർന്ന് ആരംഭിക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പശ്ചാത്തലത്തിൽ ആത്മഹത്യകളുടെ പിന്നാമ്പുറം അനാവരണം ചെയ്യുകയാണ്.'ഹാപ്പി എൻഡ് "എന്ന സ്ഥാപനം വാഗ്ദാനം ചെയ്യുന്നത് സുഖമരണമാണ്.ജീവിതം മനോഹരമാണ്.മരണം ക്രൂരമാണ് തുടങ്ങിയ സന്ദേശങ്ങൾ കമ്പനിയുടെ ചുമരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഫീസ് വാങ്ങിയാണ് നിബന്ധനകളോടെ സുഖമരണം വാഗ്ദാനം ചെയ്യുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ മരണം തേടി ജീവിതത്തിന്റെ പല മേഖലകളിലുള്ളവർ അവിടെ എത്തുകയാണ്. അവിടെയെത്തുന്നവരോട് സ്ഥാപനം സമീപിക്കുന്ന രീതിയാണ് കഥയിലെ ട്വിസ്റ്റ്.
ദമ്പതിമാർക്കിടയിലെ സ്നേഹരാഹിത്യം,പഠിക്കാൻ കുട്ടികളിൽ രക്ഷിതാക്കൾ ചെലുത്തുന്ന സമ്മർദ്ദം ,പ്രണയത്തിന്റെ നൈരാശ്യങ്ങൾ തുടങ്ങി വിഷാദാവസ്ഥയ്ക്ക് ഇടയാക്കുന്ന ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളിലേക്ക് അടൂർ നിരീക്ഷണം നടത്തുകയാണ്.
മുകേഷ്,ഇന്ദ്രൻസ്,പദ്മപ്രിയ,സുധീർ കരമന,അലൻസിയർ,കൃഷ്ണൻ തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കൾ.എം.ജെ.രാധാകൃഷ്ണൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും ബി.അജിത്കുമാർ എഡിറ്റിംഗും എൻ.ഹരികുമാർ ശബ്ദ ലേഖനവും നിർവഹിക്കുന്നു. മാസ്റ്റേഴ്സിനെക്കൊണ്ട് ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു കൊൽക്കത്ത കമ്പനിയുടെ സമ്മർദ്ദമാണ് ഇങ്ങനെയൊരു ചിത്രമെടുക്കാൻ കാരണമെന്ന് അടൂർ പറഞ്ഞു.മുമ്പ് പഠിക്കുന്ന കാലത്ത് അവതരിപ്പിച്ച ജഗതി എൻ.കെ.ആചാരിയുടെ പ്രഹസനത്തിന്റെ ഓർമ്മകൾ മനസ്സിലുണ്ടായിരുന്നു.അത് ഒരു കോമഡിയായിരുന്നു.ആ വിഷയത്തെ ആഴത്തിൽ സമീപിക്കാനാണ് താൻ ശ്രമിച്ചതെന്ന് അടൂർ പറയുന്നു.