അബുദാബി: ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ശക്തമായ ഭാഷയിൽ വ്യക്തമാക്കി ഇന്ത്യ. കാശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനം പാസാക്കിയ പ്രമേയത്തിനെതിരെയാണ് ഇന്ത്യയുടെ മറുപടി. വ്യക്തമാക്കി. ഇവിടത്തെ പ്രശ്നങ്ങൾ ആഭ്യന്തരകാര്യമാണെന്നും ഇതിൽ വേറെ ആരും ഇടപെടേണ്ടതില്ലെന്നും ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
കാശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്നാമ് സമ്മേളനത്തിൽ വിമർശനമുള്ളത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്.
നേരത്തേ, സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി സമ്മേളനത്തിൽ പങ്കെടുക്കാതെ പിൻമാറിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിർക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.