vava-suresh

ഒറ്റ ദിവസം മൂന്ന് രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. ആദ്യമായിട്ടാണ് വാവ സുരേഷ് ഒരു ദിവസം മൂന്ന് രാജവെമ്പാലയെ പിടികൂടുന്നത്. കൊല്ലം ജില്ലയിലെ പുനലൂർ ഡിവിഷന് കീഴിൽ വരുന്ന കറവൂർ സ്റ്റേഷൻ പരിധിയിൽ ഗിരിരാജൻ കോളനിയിലെ ബാബുവിന്റെ വീട്ടിൽ നിന്നാണ് ആദ്യ രാജവെമ്പാലയെ പിടികൂടിയത്. ബാബുവിന്റെ വീട്ടിനുള്ളിലെ കട്ടിലിനടിയിലാണ് പാമ്പ് ഒളിച്ചിരുന്നത്.

രാവിലെ 11: 30ന് വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. അഞ്ച് വയസ് പ്രായവും പത്ത് അടി നീളവുള്ള പെൺരാജവെമ്പാലയെയാണ് പിടികൂടിയതെന്ന് വാവ സുരേഷ് പറഞ്ഞു. അടുത്തത് കൊല്ലം ജില്ലയിലെ തന്നെ ആര്യൻ കാവ് റേഞ്ചിലെ കഴുതുരുട്ടി ഭാഗത്ത് നിന്നാണ്. ഉത്തമൻ എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് ആ‍ൺ രാജവെമ്പാലയെ പിടികൂടിയത്.

പത്ത് വയസ് പ്രായം വരുന്ന 15 അടി നീളമുള്ള രാജവെമ്പാലയാണ് ഇവിടെ നിന്നും പിടികൂടിയത്. ഇന്നത്തെ മൂന്നാമത്തെതും വാവ സുരേഷിന്റെ 160 ആമത്തെ രാജവെമ്പാലയെ പിടികൂടിയത് കോട്ടയം ജില്ലയിൽ നിന്നാണ്. എരുമേലിയിലെ മുട്ടപ്പള്ളിയിൽ നിന്ന് രാജൻ എന്നയാളുടെ വീട്ടിൽ രാത്രിയോടെ വാവ സുരേഷ് എത്തുകയും അടുക്കളയിലെ ചിമ്മിണി സ്റ്റാൻഡിന്റെ അടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. പത്ത് അടി നീളവുള്ള നാല് വയസ് പ്രായം വരുന്ന പെൺ രാജവെമ്പാലയെയാണ് പിടികൂടിയതെന്ന് വാവാ സുരേഷ് പറഞ്ഞു.