ന്യൂഡൽഹി:വാഗാ അതിർത്തിയിൽ അഭിനന്ദൻ വർദ്ധമാന്റെ മോചനം നാലു മണിക്കൂറോളം വൈകിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഇടപെടലിനെ തുടർന്നെന്ന് സൂചന. അഭിനന്ദനെ വാഗയിൽ എത്തിക്കുന്നതിനു മുമ്പ് രഹസ്യകേന്ദ്രത്തിൽ വച്ച് പാക് അനുകൂല വീഡിയോ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. അഭിനന്ദനെ മോചിപ്പിക്കുന്നതിനു മുൻപു തന്നെ പാക് മാധ്യമങ്ങൾ ഈ വീഡിയോ പുറത്തുവിടുകയും ചെയ്‌തു.
വാഗയിലെ സൈനിക ഓഫീസ് കോംപ്ലക്സിൽ കൈമാറൽ രേഖകൾ പരിശോധിക്കാൻ സമയമെടുക്കുന്നതായി പ്രചരിപ്പിച്ച ശേഷം അഭിനന്ദനെ ലാഹോറിനടത്ത് ഐ.ഐസ്.ഐയുടെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടപോവുകയായിരുന്നു. പാക് അതിർത്തിക്കുള്ളിൽ തന്റെ ആക്രമണ പദ്ധതി സാധ്യമാകും മുമ്പ് വിമാനം വെടിയേറ്റു വീണെന്നും, പാരച്യൂട്ടിൽ വീണ തന്നെ നാട്ടുകാരുടെ ആക്രമണത്തിൽ നിന്നു രക്ഷിച്ച പാക് സേന പ്രഥമശുശ്രൂഷ ഉൾപ്പെടെ നല്ല പരിചരണം നൽകിയെന്നും അഭിനന്ദിനെക്കൊണ്ട് പറയിച്ച് ചിത്രീകരിക്കുകയായിരുന്നു. 84 സെക്കൻഡ് ദൈർഘ്യുള്ള വീഡിയോ 18 തവണ എഡിറ്റ് ചെയ്ത ശേഷം പുറത്തുവിട്ടു. ഇക്കാര്യങ്ങൾ രഹസ്യ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ അഭിനന്ദ് വെളിപ്പെടുത്തിയേക്കും.