ന്യൂഡൽഹി: ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ മർക്കസ് സുബഹാനല്ലയിൽ ഭീകരർക്ക് താമസിക്കായായി ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ. മൂന്ന് ഏക്കർ ചുറ്റളവിൽ പണികഴിപ്പിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിൽ ഒരേ സമയം 600 ഭീകരർ വരെയുണ്ടാകും. ബവാൽപൂരിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ജെയ്ഷെ തലവനായ മസൂദ് അസറിന്റെ നേതൃത്വത്തിൽ മൂന്ന് വർഷം കൊണ്ടാണ് മർക്കസ് സുബഹാനല്ലയുടെ പണി പൂർത്തിയാക്കിയത്. ഭീകരവാദികളായ 600ൽ അധികം പേരാണ് ഇവിടെ താമസിക്കുന്നത്. ജിംനേഷ്യവും, നീന്തൽ കുളവും ഉൾപ്പെടെ എല്ലാവിധ സുഖസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭീകരരുടെ പ്രവേശന കവാടമായി പ്രവർത്തിക്കുന്ന മർക്കസ് സുബഹാനല്ലയിൽ തന്നെയാണ് ജെയ്ഷെ തലവൻ മസൂദ് അസറും കുടുംബവും താമസിക്കുന്നത്. കൂടാതെ മസൂദ് അസറിന്റെ സഹോദരൻമാരും ജെയ്ഷെ ബന്ധമുള്ള ഇവരുടെ കുടുംബങ്ങളും ഇതേ കെട്ടിടത്തിൽ തന്നെയാണ് താമസമാക്കിയിരിക്കുന്നത്.
യു.കെയിൽ നിന്നും ആഫ്രിക്കയിൽ നിന്നും വരുന്ന ഫണ്ടുകൾ ഉപയോഗിച്ച് പാക് ഭരണകൂടത്തിന്റെ പിൻബലത്തോടെയാണ് മസൂദ് അസ്ഹർ ഈ കെട്ടിട സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. ജെയ്ഷെ ഭീകരരുടെ ഒട്ടുമിക്ക എല്ലാ ഒത്തുകൂടലുകളും, ആക്രമണത്തെ കുറിച്ചുള്ള വിവിധ തീരുമാനങ്ങളുമെടുക്കുന്നതും ഇവിടെ വച്ചാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാ വെള്ളിയാഴ്ചകളിലും മസൂദ് അസറിന്റ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഹറോ അല്ലെങ്കിൽ മറ്റ് ഭീകര സംഘടനകളുടെ നേതാക്കൻമാരോ ചെറുപ്പക്കാരെ ജിഹാദികളാകാനുള്ള ക്ലാസുകൾ നടത്തുന്നതും ഇവിടെയാണ്.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷറീഫിന്റെ കാലത്തായിരുന്നു ബവൽപൂരിൽ മർക്കസ് സുബഹാനല്ലയുടെ പണികൾ തുടങ്ങിയത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷമാണ് കെട്ടിടം പണി പൂർത്തിയാക്കി ഭീകരവാദ കേന്ദ്രമായി പ്രവർത്തനം തുടങ്ങിയത്. കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എല്ലാ നിരോധിത സംഘടകളുടെയും കേന്ദ്രം കൂടിയാണ് മർക്കസ് സുബഹാനല്ല.