ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകൾ ഇവിടെ നിർമ്മിക്കുന്നത്. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയുടെ നട്ടെല്ലാവും ഈ ഫാക്ടറി. ഇവിടെ നിന്നും എ.കെ.47 അടക്കം ഏഴര ലക്ഷത്തോളം തോക്കുകൾ നിർമ്മിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കലാഷ്നിക്കോവ് ഫാക്ടറി ഇന്ത്യയിൽ ആരംഭിക്കുവാൻ റഷ്യ താത്പര്യം അറിയിക്കുകയായിരുന്നു. പത്രണ്ടായിരം കോടിയുടെ ഈ പദ്ധതിയിലൂടെ പ്രതിരോധ നിർമ്മാണ മേഖലയിൽ ഇന്ത്യൻ സാന്നിദ്ധ്യം കൂടുതൽ ശക്തമാവും. പൊതുമേഖല സ്ഥാപനമായ ഓർഡിനൻസ് ഫാക്ടറിയുമായാണ് റഷ്യൻ കലാഷ്നിക്കോവ് ഫാക്ടറി തോക്ക് നിർമ്മാണത്തിനായി സഹകരിച്ച് പ്രവർത്തിക്കുന്നത്.
അമേഠിയിൽ ഇത് കൂടാതെ വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ മറ്റ് നിരവധി പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കുന്നുണ്ട്.