kollam

കൊല്ലം: ഐ.ടി.ഐ വിദ്യാർത്ഥിയായ രഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതിയായ ജയിൽ വാർഡൻ വിനീത് നേരത്തെയും നിരവധി കേസുകളിൽ പ്രതി. നിരവധി അടിപിടി കേസുകളിലാണ് ജയിൽ വാർഡൻ വിനീതിനെതിരെ പരാതികൾ ഉള്ളത്. എന്നാൽ തെക്കുംഭാഗം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിന്നീട് ഒത്തുതീർപ്പിൽ കലാശിക്കുകയായിരുന്നു.

വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിൽ വാർ‌‌‌ഡൻ വിനീതിനെതിരെ രഞ്ജിത്തിന്റെ കുടുംബം സംഭവ ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്നും,​ സ്റ്റേ‌ഷന് സമീപത്ത് താമസിക്കുന്ന വിനീതിനെ പിടികൂടിയില്ലെന്നും കൊല്ലപ്പെട്ട ര‍ഞ്ജിത്തിന്റെ കുടുംബം ആരോപിച്ചു.

വിനീതിനെതിരെ കേസെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല കൗണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി രഞ്ജിത്തിന്റെ അച്ഛൻ പറഞ്ഞു. സംഭവത്തെ തുടർന്ന് രഞ്ജിത്തിന്റെ പിതാവിനെ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ചവറ സ്റ്റേ‌ഷനിലേക്ക് വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം,​ രഞ്ജിത്തിന്റെ കൊലപാതകത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള സംഭവ ദിവസം രഞ്ജിത്തിന്റെ വീട്ടിൽ പോയിരുന്നെന്ന് സരസൻ പിള്ളയുടെ ഭാര്യ പറഞ്ഞു. മകളെ ശല്യപ്പെടുത്തിയത് കൊണ്ടാണ് രഞ്ജിത്തിന്റെ വീട്ടിൽ പോയതെന്നും സരസൻ പിള്ളയുടെ ഭാര്യ വീണ വ്യക്തമാക്കി.

സരസൻ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലെത്തിയതെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. വിദ്യാർത്ഥിയുടെ തലക്കടിച്ച് വീഴ്‌ത്തിയത് വിനീതാണെന്നും അതിനാൽ ഇയാൾക്കെതിരെ മതിയായ തെളിവുളൾ ഇല്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. രഞ്ജിത്തിന്റെ കൊലപാതകത്തിൽ സരസൻ പിള്ളക്കെതിരായ ആരോപണം നേരത്തെ സിപിഎം നിഷേധിച്ചിരുന്നു. സംഭവത്തെ തുടർന്ന് അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള ഒളിവിലാണ്.