പത്തനംതിട്ട : ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയിൽ ഇക്കുറി താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. തിരുവനന്തപുരം കഴിഞ്ഞാൽ പാർട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ ജനകീയ മുഖമായ കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ഒരു വിഭാഗം മുൻകൈ എടുക്കുന്നത്. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഇവിടെ ഉയരുന്നുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയിൽവാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത എന്നത് പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാണ് സാദ്ധ്യത. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള സമരപാതയിൽ എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായും, പന്തളം കൊട്ടാരവുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ കെ.സുരേന്ദ്രനായിരുന്നു.
തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരിൽ ആവേശം നിറയ്ക്കുന്നതിനുമായി ബി.ജെ.പി നടത്തുന്ന പരിവർത്തൻയാത്രയുടെ തെക്കൻമേഖല ജാഥ നയിക്കാൻ കെ.സുരേന്ദ്രനെ നിയോഗിച്ചതും ഈ നീക്കം മുൻനിർത്തിയെന്നാണ് സൂചന. ഇത് കൂടാതെ മന്നം സമാധി ദിനത്തിൽ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുവാനും കെ.സുരേന്ദ്രൻ പോയിരുന്നു. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ ഇക്കുറി അട്ടിമറിവിജയം കെ.സുരേന്ദ്രനിലൂടെ ബി.ജെ.പി നേടുമെന്ന വിശ്വാസമാണ് പാർട്ടി നേതാക്കൾക്കുള്ളത്.