ഡിക്ഷണറിയിലെ 25 പേജുകൾ വീതം ഒരു ദിവസം വച്ച് പഠിച്ചാണ് താൻ ഇംഗ്ലീഷ് പഠിച്ചതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് പഠിക്കണമെന്ന ആഗ്രഹത്തിൽ പതിനഞ്ചാമത്തെ വയസ്സിൽ ഡിക്ഷണറിയിലെ 25 പേജുകൾ വീതം പഠിച്ചു. ഇതിനായി താൻ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു മലയാളം മീഡിയം സ്‌കൂളിലാണ് ഞാൻ പഠിച്ചത്. എന്റെ അച്ഛൻ ഒരു സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ദെെവം ആരെയും ഒരു വിഡ്ഢിയായി ഭൂമിയിലേക്ക് സൃഷ്ടിക്കുന്നില്ല. ഞാൻ ഡ്രെെവിംഗ് ഇഷ്ടപ്പെടുന്ന ഒരാളാണ്. അടുത്ത ജന്മത്തിൽ എനിക്ക് ഒരു എഫ് വൺ ഡ്രെെവറോ ഒരു റോക്ക് സംഗീതജ്ഞനാകണമെന്നും ആഗ്രഹമുണ്ട്.
ഒരു നല്ല മൃഗസ്നേഹി കൂടിയാണ് താൻ എന്നും കണ്ണന്താനം പറയുന്നു. പൂച്ച,തത്ത,നായ ,മുയൽ ഇങ്ങനെ പോകുന്നു വീട്ടിലെ വളർത്തു മൃഗങ്ങളുടെ നീണ്ട നിരകൾ. സന്തോഷങ്ങളും ഇടനേരങ്ങളും ഇവർക്കൊപ്പവും ചിലവഴിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രി സഭയിൽ അംഗമാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പാവം കുട്ടിയായിരുന്നു. പത്താംക്ലാസ് പരീക്ഷയിൽ 43% മാർക്ക് ലഭിച്ചു. അത് ഒരു അത്ഭുതമായിരുന്നെന്നും അന്നത്തെ ഹെഡ്മസ്റ്റർ പറഞ്ഞിരുന്നു. കുറെപേർ എന്നെ ഇഡിയറ്റ് എന്ന് വിളിച്ചിരുന്നു. പക്ഷെ, ഞാൻ ഇന്റലിജന്റ് ആണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. 1979-ൽ ഐ.എ.എസ് ലഭിച്ചതിനു ശേഷം പുതിയൊരു വഴിത്തിരിവായി. നിരവധി പുസ്‌തകങ്ങളെഴുതി. 100 യുവ ആഗോള നേതാക്കളിൽ ഒരാളായി ടെെം മാഗസിൻ തിരഞ്ഞെടുത്ത കാര്യവും കണ്ണന്താനം പറഞ്ഞു.