രാജ്യത്ത് ചുരുക്കം ചില കേസുകളിൽ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കേസുകളിൻ മാത്രമാണ് കോടതി ഇത്തരത്തിലൊരു വിധിപ്രസ്താവിക്കുന്നത്.
അടുത്ത കാലത്തായി രാജ്യത്ത് നടന്ന വധശിക്ഷകൾ പാക് തീവ്രവാദി അജ്മൽ കസബിന്റെയും, പാർലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സൽ ഗുരുവിന്റേതുമാണ്. ഇവരുടെ വധശിക്ഷ നടപ്പാക്കിയത് രാജ്യത്ത് വിവിധ തരത്തിലുള്ള സംവാദങ്ങൾക്ക് വഴിയൊരുക്കിയ കാര്യം എല്ലാവർക്കും അറിയാം.
വധശിക്ഷകൾ എപ്പോഴും നടക്കാറുള്ളത് പുലർച്ചെയാണെന്നുള്ള കാര്യം നമുക്കറിയാം. പലസിനിമകളിലും നമ്മൾ കണ്ടിട്ടുള്ളതും അങ്ങനെ തന്നെയാണ്. ആരാച്ചാർക്കൊപ്പം വിധി നടപ്പാക്കുന്ന ജഡ്ജിയും ഏതാനും പൊലീസുകാരുമെല്ലാം സാക്ഷികളായി ഉണ്ടാകും. എന്നാൽ എന്തു കൊണ്ടാണ് ഇന്ത്യയിൽ വധശിക്ഷകൾ അതിരാവിലെ നടപ്പാക്കുന്നത് എന്ന കാര്യം അറിയാമോ?
ഒരു വധശിക്ഷ നടപ്പാക്കുമ്പോൾ നിയമപരമായി ഒരുപാട് രേഖകൾ തയ്യാറാക്കേണ്ടതായുണ്ട്. അതിന് ശേഷം മാത്രമേ ബന്ധുക്കൾക്ക് മൃതദേങം വിട്ടുനൽകാൻ സാധിക്കുകയുള്ളു. മരണം സ്ഥിരീകരിച്ച ശേഷവും മുൻപും നടത്തേണ്ട പരിശോധനകൾക്കും സമയം അധികമായി വരും അപ്പോൾ പകൽ നേരത്ത് ശിക്ഷ നടപ്പാക്കിയാൽ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാൻ വൈകും. ഇത് പിന്നീടുള്ള കർമ്മങ്ങൾക്ക് താമസമുണ്ടാക്കിയേക്കാം.
ഇതിന് പുറമെ ഏറ്റവും പ്രധാനമായ ഒരു കാര്യം ശിക്ഷ നടപ്പിലാക്കേണ്ട പ്രതിയുടെ മനസിക ശാരീരിക ആരോഗ്യ നിലകളെ കൂടി പരിഗണിക്കുകയെന്നതാണ്. പകൽ നേരങ്ങളിലാണ് വിധി നടപ്പാക്കുന്നതെങ്കിൽ പ്രതിക്ക് ഒരുപാട് നേരം മരണത്തെ കാത്തിരിക്കേണ്ടി വരും. കൂടാതെ സഹതടവുകാരുടെ സഹതാപം നിറഞ്ഞ നോട്ടം, വാക്കുകൾ, തുടങ്ങി വിധി നടപ്പാക്കുന്നതോർത്ത് ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ അയാൾ കടന്നു പോകേണ്ടി വന്നേക്കാം.
അത്തരത്തിൽ മാനസിക സംഘർഷങ്ങളോടെ ഒരാളെ മരണത്തിലേക്ക് നയിക്കുന്നത് തെറ്റായ നടപടിയാണ്. രാത്രികാലങ്ങളിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ വിധി നടപ്പാക്കുന്നത് പെട്ടെന്നുള്ള സമൂഹ പ്രതികരണങ്ങളിൽ നിന്ന് ഒഴിവാകാൻ കൂടിയാണ്.