മലയാള സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒരു സിനിമാ താരത്തിനോട് പ്രണയം തോന്നിയ സംഭവത്തെ കുറിച്ച് ഷക്കീല മനസ് തുറക്കുന്നു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല മലയാള നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനോട് തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. 2007ൽ മണിയൻപിള്ള രാജു നിർമ്മിച്ച ഛോട്ടാമുംബൈ എന്ന ചിത്രത്തിൽ ഷക്കീല ഒരു ചെറിയ റോളിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അമ്മ അസുഖബാധിതയായതോടെ കുറച്ച് കാശിന് ആവശ്യമുണ്ടായി. തുടർന്ന് മണിയൻപിള്ള രാജുവിനെ നേരിൽ കണ്ട് സിനിമയിൽ അഭിനയിക്കാനുള്ള പ്രതിഫലം മുൻകൂറായി നൽകുമോ എന്ന് ചോദിച്ചു. ചിത്രത്തിൽ തന്റെ സീനുകൾ ചിത്രീകരിക്കുന്നതിന് മുൻപേ പ്രതിഫലം പൂർണമായി നൽകിയ മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു. മനസിൽ അദ്ദേഹവുമായുള്ള ഇഷ്ടം കൂടി വൈകാതെ താൻ ഒരു പ്രണയലേഖനം തയ്യാറാക്കി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അവർ അഭിമുഖത്തിൽ പറയുന്നു.
എന്നാൽ ഷക്കീലയുടെ ഈ വെളിപ്പെടുത്തലിനോട് മണിയൻപിള്ള രാജു ഒരു ഓൺലൈൻ മാദ്ധ്യമത്തിനോട് പ്രതികരിച്ചു. ഷക്കീലയ്ക്ക് പ്രതിഫലം മുൻകൂറായി നൽകിയത് ശരിയാണ് പക്ഷേ അവർ പറഞ്ഞതുപോലെ ഒരു പ്രണയലേഖനമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നാണ് മണിയൻപിള്ള രാജു പ്രതികരിച്ചിരിക്കുന്നത്.