പാട്ന: കോൺഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നതെന്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്‌നയിൽ നടന്ന സങ്കൽപ്പ് റാലിയിൽ പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജവാന്മാർക്കൊപ്പം രാജ്യംമുഴുവൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് എന്തിനാണ്?. ശത്രുവിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇവർ പുറത്തിറക്കുന്നു. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ വ്യോമസേന നടത്തിയ ആക്രമണത്തെ രാജ്യം മുഴുവൻ അഭിനന്ദിക്കുമ്പോൾ ചിലർ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു.
ഭീകരർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാർട്ടികൾ ഡൽഹിയിൽ യോഗം ചേർന്ന് എൻ.ഡി.എയ്‌ക്കെതിരെ വിമർശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ ഇതൊന്നും മറക്കില്ലെന്നും മോദി പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവൽക്കാരനെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്.
എന്നാൽ, നിങ്ങളുടെ കാവൽക്കാരൻ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പുനൽകുന്നു. ബലാകോട്ടിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മോദിയെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്നും അതിനുള്ള തെളിവ് എവിടെയെന്നും മമത ചോദിച്ചിരുന്നു.