mullappally-ramachandran

തിരുവനന്തപുരം: വി.ടി ബൽറാമിനെതിരെ വീണ്ടും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ബൽറാം ആരാധകവൃന്ദം വളർത്തുന്നതിൽ തെറ്റില്ല. പക്ഷേ അച്ചടക്ക ലംഘനം പാർട്ടിയിൽ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു

'സോഷ്യൽ മീഡിയയുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അരെയും ഇകഴ്‌ത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുവാൻ ഒരു തരത്തിലും അനുവദിക്കില്ല. ചെറുപ്പക്കാരെ ഞാൻ പ്രോഹത്സാഹിപ്പിക്കുന്നത് പോലെ വേറെ ആരും പ്രോഹത്സാഹിപ്പിക്കാറില്ല. നാളെയും അങ്ങനെ തന്നെയാകും എന്റെ സമീപനം. എന്നാൽ നാളെ ഇവന്റെ സമീപനം ഇതായിരിക്കുമോ?​ എന്നും അദ്ദേഹം ചോദിച്ചു. പലഘട്ടങ്ങളിലും ബൽറാമിനെ പ്രോഹത്സാഹിപ്പിക്കുന്ന സമീപനം എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കഴിവും കാര്യശേഷിയുമുള്ള ചെറുപ്പക്കാരെ എന്നും പ്രോഹത്സാഹിപ്പിച്ചിട്ടേയുള്ളു. ബൽറാമിന്റെ മറുപടി അർഹിക്കുന്ന അവ‌ജ്ഞയോടെ തള്ളിക്കളയുകയാണ്' - മുല്ലപ്പള്ളി പറഞ്ഞു.

എഴുത്തുകാരി കെ.ആർ.മീരക്കെതിരെ ബൽറാം സോഷ്യൽ മീഡിയ വഴിനടത്തിയ ചില പരാമർശങ്ങൾ വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരാമർശങ്ങൾ തള്ളി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത് എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

എന്നാൽ, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണന. തനിക്ക് സൗകര്യമുള്ള സമയത്താണ്ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇടുന്നതെന്നുമായിരുന്നു ബൽറാമിന്റെ മറുപടി.