hidden-camera

പത്തനാപുരം : അംഗൻവാടിയിലെ മൂത്രപ്പുരയിൽ ഒളിക്യാമറ വച്ച് അംഗൻവാടി അദ്ധ്യാപികമാരുടെ നഗ്നത പകർത്തിയതായി ആശങ്ക.മുപ്പത്തഞ്ചിലേറെ അദ്ധ്യാപികമാരുടെ മേഖലാ യോഗം നടന്ന കൊട്ടാരക്കര താലൂക്കിലെ കിഴക്കൻ മേഖലയിലെ ഒരു അംഗൻവാടിയിലാണ് സംഭവം. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള യോഗമാണ് നടന്നത്.

ഒരു അദ്ധ്യാപികയാണ് ചൂലിനടിയിൽ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടത്. മോഡവുമായി പുറത്തിറങ്ങിയ അദ്ധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. കൊട്ടാരക്കര പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ എത്തി മോഡം കൊണ്ടുപോയി. എന്നാൽ, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായി ആക്ഷേപം ഉയർന്നു. യോഗം നടക്കവേ മൂത്രപ്പുരയിൽ ഒരു യുവാവിനെ കണ്ടതായി അദ്ധ്യാപികമാർ വെളിപ്പെടുത്തിയിട്ടുണ്ട്. മോഡം പ്രവർത്തന സജ്ജമായ നിലയിലാണ് കിട്ടിയത്. എന്നാൽ ഒളി ക്യാമറ കണ്ടെത്താൻ കഴിഞ്ഞില്ല. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വച്ചശേഷം മോഡം വഴി ദ്യശ്യങ്ങൾ തത്സമയം സാമൂഹ്യവിരുദ്ധർ വീക്ഷിച്ചിരുന്നതായി സംശയിക്കുന്നു. ദ്യശ്യങ്ങൾ പകർത്തിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട് .