robotics

ലണ്ടൻ: 'അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ കരലാളനത്തിന്റെ മധുര സ്പർശം" എന്നത് ഇനി വെറും വാക്കല്ല. മൈലുകൾക്കപ്പുറത്തു നിന്നുവരെ പ്രിയപ്പെട്ടവരുടെ സ്പർശമറിയാവുന്നത്രയും വികസിച്ചു കഴിഞ്ഞു റോബോട്ടിക് സാങ്കേതിക വിദ്യ. 8000 കിലോമീറ്റ‌ർ അകലെ നിന്നുവരെ തൊട്ടറിഞ്ഞ് നിയന്ത്രിക്കാൻ ശേഷിയുള്ള റോബോട്ടിക് കൈയാണ് സാങ്കേതിക ലോകത്തെ പുതിയ കണ്ടെത്തൽ. കാലിഫോർണിയയിലെ 'സിൻടച്ച്", 'ഹാപ്റ്റ് എക്സ്" എന്നീ കമ്പനികൾ ലണ്ടനിലെ ഷാഡോ റോബോട്ടിക് കമ്പനിയുമായി ചേർന്നാണ് വിപ്ലവകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

കാലിഫോർണിയയിലിരുന്ന് ലണ്ടനിലുള്ള യന്ത്രക്കൈയെ നിയന്ത്രിച്ചുകൊണ്ട് ആദ്യ പരീക്ഷണം വിജയമായി. പ്രത്യേകമായി തയ്യാറാക്കിയ ഗ്ലൗസ് ധരിച്ചുകൊണ്ട് കാലിഫോർണിയയിലിരുന്ന് ഒരാൾ ലണ്ടനിലെ മേശപ്പുറത്തെ പന്ത് എടുത്ത് ഉയർത്തുകയും കീ ബോർഡിൽ 'ഹലോ വേൾഡ്" എന്ന് ടൈപ് ചെയ്യുകയും ചെയ്തു. ദീർഘ ദൂര നിയന്ത്രണത്തിനൊപ്പം സ്പർശനത്തിലൂടെ പ്രവൃത്തിയുടെ അനുഭവത്തെ കൂടി മനസിലാക്കാൻ കഴിയുന്നു എന്നതാണ് യന്ത്രക്കൈയുടെ പ്രത്യേകത. മറ്റൊരിടത്തിരുന്ന് പ്ലാസ്റ്റിക് കപ്പുകൾ കൊണ്ട് കെട്ടിടം തീർത്തും, ചെസിലെ കരുക്കൾ നീക്കിയും പരീക്ഷണം വിജയമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പ്രവൃത്തി ചെയ്യുന്നയാൾ ധരിക്കുന്ന ഗ്ലൗസും അകലെയിരിക്കുന്ന യന്ത്രക്കൈയും തമ്മിൽ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ചിരിക്കും. ഇതോടെ നിയന്ത്രണത്തിനൊപ്പം ഇന്ദ്രിയസംവേദനവും സാദ്ധ്യമാകും.

ബോംബുകളെ നിർവീര്യമാക്കൽ, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഫലവത്തായി ഉപയോഗിക്കാവുന്നതാണ് ശാത്രലോകത്തിന്റെ ഈ നേട്ടം. ഇതോടെ ആപത്കരമായ പ്രവൃത്തികൾ വരെ അകലെ നിന്നും കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും.