port

കൊച്ചി: ചരക്കുനീക്കത്തിൽ റെക്കാഡ് തിരുത്തിക്കുറിച്ച് കൊച്ചി തുറമുഖത്തിന്റെ മുന്നേറ്റം. കഴിഞ്ഞമാസം 2.95 മില്യൺ മെട്രിക് ടൺ ചരക്ക് കൊച്ചി വഴി കടന്നുപോയി. തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജനുവരിയിൽ കുറിച്ച 2.857 മില്യൺ മെട്രിക് ടണ്ണിന്റെ റെക്കാഡാണ് പഴങ്കഥയായത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്‌ത മൊത്തം ചരക്കുനീക്കത്തെ മറികടക്കുന്ന പ്രകടനം,​ നടപ്പുവർഷം ഒരുമാസം ശേഷിക്കേ തന്നെ കൊച്ചി തുറമുഖം കാഴ്‌ചവച്ചിട്ടുണ്ട്.

2017-18ൽ മൊത്തം ചരക്കുനീക്കം 16.5 ശതമാനം വർദ്ധനയോടെ 23.138 മില്യൺ മെട്രിക് ടൺ ആയിരുന്നു. ഈമാസം രണ്ടിന് തന്നെ ഈ നേട്ടം മറികടക്കപ്പെട്ടു. ആകെ 5.55 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്)​ കണ്ടെയ്‌നറുകളും കഴിഞ്ഞവർഷം കൊച്ചി കൈകാര്യം ചെയ്‌തിരുന്നു. 13 ശതമാനമായിരുന്നു വർദ്ധന. നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ 5.37 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൊച്ചി കൈകാര്യം ചെയ്‌തിട്ടുണ്ട്. 6.9 ശതമാനമാണ് വർദ്ധന. കഴിഞ്ഞവർഷത്തെ റെക്കാഡ് ഇക്കുറി മറികടക്കുമെന്ന് ഉറപ്പാണ്. എന്നാൽ,​ മാർച്ച് മാസം കൂടി ശേഷിക്കേ,​ മൊത്തം ആറുലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയാണ് കൊച്ചി തുറമുഖ ട്രസ്‌റ്ര് ട്രാഫിക് വിഭാഗം അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു.

ഏപ്രിൽ-ഫെബ്രുവരിയിൽ കൊച്ചി മൊത്തം കൈകാര്യം ചെയ്‌ത 29.10 മില്യൺ മെട്രിക് ടൺ ചരക്കിൽ 19.41 മില്യൺ മെട്രിക് ടണ്ണും പെട്രോളിയം ഉത്‌പന്നങ്ങളാണ് (പി.ഒ.എൽ)​. 13.6 ശതമാനമാണ് വർദ്ധന. എറണാകുളം അമ്പലമേടിൽ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയിലെ വിപുലീകരണ പദ്ധതി (ഐ.ആർ.ഇ.പി) പൂർണതോതിൽ പ്രവർത്തനസജ്ജമായതാണ് ചരക്കുനീക്കത്തിൽ കൊച്ചിയുടെ മുന്നേറ്റത്തിന് കരുത്താകുന്നത്.

29.13 എം.എം.ടി

കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്‌ത മൊത്തം ചരക്കുനീക്കം 29.138 മില്യൺ മെട്രിക് ടൺ (എം.എം.ടി)​. നടപ്പുവർഷം മാർച്ച് രണ്ടോടെ ഈ റെക്കാഡ് കൊച്ചി തുറമുഖം തിരുത്തിയെഴുതി.

50

ആഡംബര കപ്പലുകൾ

കൊച്ചിയിലെത്തുന്ന ആഡംബര കപ്പലുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയും തുറമുഖ ട്രസ്‌റ്രിന് നേട്ടമാകുന്നുണ്ട്. കഴിഞ്ഞസാമ്പത്തിക വർഷം 42 കപ്പലുകളിലായി 47,​000 സഞ്ചാരികൾ കൊച്ചിയിലെത്തി. ഈവർഷം പ്രതീക്ഷിക്കുന്നത് 50 ആഡംബര കപ്പലുകളാണ്. 50,​000നുമേൽ സ‌ഞ്ചാരികളെയും പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം എട്ട് ക്രൂസ് വെസലുകൾ എത്തിയിരുന്നു.

₹15 ലക്ഷം

ഓരോ ക്രൂസ് ഷിപ്പ് കൊച്ചിയിൽ എത്തുമ്പോഴും തുറമുഖ ട്രസ്‌റ്രിന് ഫീസിനത്തിൽ 30 ലക്ഷം രൂപ കിട്ടുമായിരുന്നു. കൂടുതൽ കപ്പലുകളെ ആകർഷിക്കാനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഫീസ് 15 ലക്ഷം രൂപയായി കുറച്ചു.

പുതിയ ടെർമിനൽ

കൊച്ചി തുറമുഖ ട്രസ്‌റ്രിന്റെ,​ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്രൂസ് ടെർമിനൽ വെല്ലിംഗ്‌ടൺ ഐലൻഡിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 2020ൽ ടെർമിനൽ സജ്ജമാകും. 25.72 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ടെർമിനൽ സജ്ജമാകുമ്പോൾ പ്രതിവർഷം കുറഞ്ഞത് 60 ആഡംബര കപ്പലുകളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.