ന്യൂഡൽഹി:പാക് ഭീകര ഗ്രൂപ്പായ ജയ്ഷെ മുഹമ്മദിന്റെ തലവനും കൊടു ഭീകരനുമായ മൗലാന മസൂദ് അസർ മരണമടഞ്ഞതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാക് സർക്കാരോ സൈന്യമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ജയ്ഷെ മുഹമ്മദ് അത് നിഷേധിച്ചു.
പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ സൈനികാശുപത്രിയിൽ ചികിത്സയിലായിരുന്ന മസൂദ് അസർ ശനിയാഴ്ച ഉച്ചയോടെ മരണമടഞ്ഞു എന്നാണ് അഭ്യൂഹങ്ങൾ പരന്നത്. മസൂദിന് ഗുരുതരമായ വൃക്ക രോഗമാണെന്നും പതിവായി ഡയാലിസിസ് നടത്തുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. കരളിൽ കാൻസർ ആണെന്ന സൂചനകളുമുണ്ട്. ബലാകോട്ട് ഭീകര കേന്ദ്രത്തിലെ ഇന്ത്യൻ ആക്രമണത്തിൽ പരിക്കേറ്റ മസൂദിനെ ആശുപത്രിയിൽ എത്തിച്ചതാണെന്നും ഇന്നലെ മരിച്ചെന്നുമായിരുന്നു മറ്റൊരു റിപ്പോർട്ട്.
മസൂദ് അസർ പാകിസ്ഥാനിൽ ഉണ്ടെന്നും വീടുവിട്ടു പുറത്തു പോകാനാവാത്ത വിധം രോഗബാധിതനാണെന്നും പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനൽ ഇന്റർവ്യൂവിൽ സമ്മതിച്ചിരുന്നു.
കാശ്‌മീരിലെ പുൽവാമയിൽ 40 സി. ആർ പി. എഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്ത ചാവേർ ആക്രമണവും ബലാകോട്ടിലെ ഇന്ത്യൻ പ്രഹരവും പാകിസ്ഥാന്റെ ആക്രമണവും ഇന്ത്യൻ പൈലറ്റിന്റെ പാക് തടങ്കലും മോചനവുമൊക്കെയായി മസൂദ് വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് മരണത്തെ പറ്റി അഭ്യൂഹങ്ങൾ വന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും കഴിഞ്ഞ ദിവസം യു. എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്‌ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. അതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് ഇന്ത്യയിൽ നടത്തിയത്.