ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. പാക് സെെനിക ആശുപത്രിയിൽ ഇന്നലെ ഉച്ചയ്‌ക്ക് മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പാക് സെെന്യമോ സർക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പുതിയ തെളിവുകൾ പുറത്തുവിടാനിരിക്കെയാണ് മസൂദ് അസറിന്റെ മരണ വാർത്ത പുറത്ത് വന്നിരിക്കുന്നത്. മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്നും അയാളുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മസൂദ് അസറിന് പരിക്ക് പറ്റിയെന്നും തുടർന്ന് കൊല്ലപ്പെട്ടെന്നുമുള്ള തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.