കോട്ടയം : അല്പം കുറുമ്പുണ്ടെങ്കിലും ഭാരത് വിശ്വനാഥൻ ഒരാളെപ്പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. ഇന്നലെ അബദ്ധത്തിലെങ്കിലും അവൻ കൊലയാനയായി. രണ്ടു വർഷം മുമ്പാണ് വിശ്വനാഥന്റെ പാപ്പാനായി അരുണെത്തിയത്. പൊതുവേ പാപ്പാന്മാരോട് അനുസരണക്കേട് കാട്ടിയിരുന്ന വിശ്വനാഥനെ അരുണാണ് വരുതിയിലാക്കിയത്. ശാസനയും വല്ലപ്പോഴും ചെറിയ അടിയും കിട്ടിത്തുടങ്ങിയതോടെ അവൻ മിടുക്കനായി. ഉത്സവപ്പറമ്പുകളിൽ സജീവമാകാനിരിക്കെയാണ് പാപ്പാന്റെ അപ്രതീക്ഷിത വിയോഗം.
കുളിപ്പിക്കാനൊഴിച്ച വെള്ളം വീണ് സിമന്റ് തറ തെന്നിക്കിടക്കുകയായിരുന്നു. ഈ വെള്ളത്തിൽ റബർചെരുപ്പ് തെന്നി ബാലൻസ് തെറ്റിയാണ് അരുൺ ആനയുടെ അടിയിലേക്ക് വീണത്. രണ്ടാം പാപ്പാൻ വിഷ്‌ണു എത്തി എഴുന്നേൽക്കാൻ ആവശ്യപ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ വിശ്വനാഥൻ സമയമെടുത്തു.
സംഭവത്തിനുശേഷം വിശ്വനാഥൻ വിഷണ്ണനായി നിൽക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ തയ്യാറായില്ല. ഒടുവിൽ ഉടമ വിനോദ് എത്തി ആശ്വസിപ്പിച്ച ശേഷമാണ് തീറ്റയെടുത്തത്. കൂടാതെ ഇന്ന് നടത്താനിരുന്ന എഴുന്നള്ളിപ്പും വേണ്ടെന്നു വച്ചു.