loan-

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മുദ്രാ വായ്‌പാ വിതരണം ഈവർഷം പൂർണലക്ഷ്യം കണ്ടേക്കില്ല. മൂന്നുലക്ഷം കോടി രൂപ മുദ്രാ വായ്‌പയായി 2018-19ൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഏപ്രിൽ മുതൽ ഫെബ്രുവരി 22 വരെയുള്ള കണക്കുപ്രകാരം രണ്ടുലക്ഷം കോടി രൂപ ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്‌തു. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരുമാസം കൂടി ശേഷിക്കേ,​ ഒരുലക്ഷം കോടി രൂപ കൂടി വിതരണം ചെയ്‌താലേ ലക്ഷ്യം കാണാനാകൂ.

2015 ഏപ്രിലിലാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (മുദ്ര)​ സ്‌കീം കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ചെറുകിട-ഇടത്തരം സംരംഭകർക്ക് പരമാവധി പത്തുലക്ഷം രൂപവരെ വായ്‌പാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2017-18 വരെയുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും വിതരണലക്ഷ്യം കാണാൻ മുദ്രാ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം 2.46 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ വിതരണം ചെയ്‌തത്. 2015 മുതൽ ഇതുവരെ 15.56 കോടി അപേക്ഷകളിലായി മൊത്തം 7.23 ലക്ഷം കോടി രൂപ വിതരണം ചെയ്‌തു. ശിശു,​ കിഷോർ,​ തരുൺ എന്നീ മൂന്ന് വായ്‌പാ പദ്ധതികളാണ് മുദ്ര‌യിലുള്ളത്. ശിശു ഇനത്തിൽ പരമാവധി 50,​000 രൂപവരെ ലഭിക്കും. 50,​001 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ വായ്‌പ കിഷോർ വിഭാഗത്തിൽ നേടാം. അഞ്ചുലക്ഷത്തിന് മുകളിൽ പത്തുലക്ഷം രൂപവരെ വായ്‌പയാണ് തരുൺ വിഭാഗത്തിൽ ലഭിക്കുക.