modi

അമേഠി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനത്തിന് ശേഷമാണ് മോദിയുടെ പ്രതികരണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകളാണ് ഇവിടെ നിർമ്മിക്കുന്നത്.

'ഇനി മുതൽ സെെന്യം മേയ്ഡ് ഇൻ അമേഠി തോക്കുകൾ ഉപയോഗിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇത് നിർമ്മിക്കുന്നതെന്ന് മോദി പറഞ്ഞു. കഴി‍ഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ആ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്നായിരുന്നു പ്രധാന ആക്ഷേപം. ഇതിനെതിയാണ് മോദി തുറന്നടിച്ചത്.

'ലോകത്തിലെ ഏറ്റവും മികച്ച തോക്കുകളിൽ ഒന്നായ എ.കെ 203 ഇനി അമേഠിയിൽ നിർമ്മിക്കും. ഇത് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത നിർമ്മാണത്തിലായിരിക്കും മോദി വിശദീകരിച്ചു. 'ചിലർ ലോകം മുഴുവൻ ചുറ്റിനടന്ന് മേയ്ഡ് ഇൻ ഉജ്ജയിനി,​ മേയ്ഡ് ഇൻഡോർ എന്നെല്ലാം പ്രസംഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മെയ്ഡ് ഇൻ അമേഠി യാഥാർത്ഥമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കലാഷ്നിക്കോവ് ഫാക്ടറിയുടെ 538 കോടി രൂപയുടെ 17 ഫാക്റ്ററികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏഴര ലക്ഷത്തോളം തോക്കുകൾ നിർമ്മിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. എ.കെ 47ന്റെ നൂതന രൂപമാണ് എ.കെ 203 തോക്കുകൾ.