narendra-modi

അമേതി: 2014നുശേഷം ഉത്തർപ്രദേശിലെ അമേതിയിൽ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ എ.കെ 203 തോക്കുകളുടെ നി‌ർമ്മാണ യൂണിറ്റിന് മോദി തറക്കല്ലിട്ടു. പാറ്റ്നയിലെ റാലിക്കുശേഷമാണ് മോദി അമേതിയിലെത്തിയത്. എക്കാലവും ഗാന്ധി കുടുബത്തോട് കൂറുപുലർത്തിയ അമേതി ജനത, കേന്ദ്ര സർക്കാരിന്റെ 'സബ് കാ സാത്, സബ് കാ വികാസ്" എന്ന ലക്ഷ്യത്തിന് ഉത്തമ ഉദാഹരണമാണെന്ന് മോദി പറഞ്ഞു.

റഷ്യ- ഇന്ത്യ സംയുക്ത സഹകരണത്തിലാണ് അമേതിയിൽ തോക്ക് നി‌ർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു. അമേതിയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ 'മേഡ് ഇൻ അമേതി" എന്ന് അറിയപ്പെടുമെന്നും ഭീകരരെ നേരിടാൻ ഇത് സൈന്യത്തെ സുസജ്ജമാക്കുമെന്നും മോദി പറഞ്ഞു. കരസേനയെയും അവരുടെ ആവശ്യങ്ങളും നിരാകരിച്ച യു.പി.എ സർക്കാർ  വർഷങ്ങളായി റാഫേലിനു മുകളിൽ അടയിരിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു.  സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും മോദി സന്ദർശിച്ചു.