ന്യൂഡൽഹി: സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം വിവാദമാകുന്നു. പഠനവൈകല്യമുള്ള കുട്ടികൾക്കായി തയ്യാറാക്കിയ പ്രൊജക്ടിനെക്കുറിച്ച് ഐ.ഐ.ടി വിദ്യാർത്ഥി സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. ഐ.ഐ.ടി ഖരഗ്പൂരിലെ വിദ്യാർത്ഥികളുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെയാണ് മോദിയുടെ വിവാദ പരാമർശമുണ്ടായത്.
പഠന വൈകല്യമുള്ള കുട്ടികൾക്കായി തയ്യാറാക്കിയ പ്രൊജക്‌ട് പ്രധാനമന്ത്രിയുടെ മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു വിദ്യാർത്ഥി.പ്രോജക്‌ട് നാല്‍പതിനും അമ്പതിനും ഇടയിലുള്ള കുട്ടികൾക്കും പ്രയോജനപ്പെടുമോ എന്ന് മോദി ചോദിച്ചു.
സദസിൽ നിന്നുയർന്ന കൂട്ടച്ചിരികൾക്ക് പിന്നാലെ പ്രയോജനപ്പെടുമെന്ന് വിദ്യാർത്ഥി മറുപടി പറഞ്ഞു. അപ്പോൾ അത്തരം കുട്ടികളുടെ അമ്മമാർക്ക് സന്തോഷമാകുമെന്നായിരുന്നു മോദിയുടെ മറുപടി.
നാണം കെട്ട പരാമർശമാണ് മോദിയുടേതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശിച്ചു. പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാൾക്ക് യോജിക്കാത്ത പരാമർശമാണ് മോദി നടത്തിയതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലും പരാമർശത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.