കോയമ്പത്തൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ഇഷാ യോഗ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് കോയമ്പത്തൂർ ഇഷാ യോഗ സെന്ററിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ രാഷട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും. യോഗാ സെന്ററിലെ ധ്യാന ലിംഗത്തിൽ നടക്കുന്ന പഞ്ചഭൂത ആരാധനയിൽ പങ്കെടുക്കുന്ന അദ്ദേഹം ധ്യാനലിംഗ, ലിംഗ ഭൈരവി ദേവി, സൂര്യകുണ്ഠ് എന്നിവ സന്ദർശിക്കും.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് ഇഷാ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവിനൊപ്പം രാഷ്‌ട്രപതി വൃക്ഷത്തൈകൾ നടും. തുടർന്ന്, അമിത് ത്രിവേദി, ഹരിഹരൻ, കാർത്തിക് തുടങ്ങി പ്രശസ്ത ഗായകർ നയിക്കുന്ന ഗാനമേളയും അസർബൈജാനിൽ നിന്നുളള വാദ്യകലാകാരന്മാരുടെ പരിപാടികളും അരങ്ങേറും. ശാസ്ത്രീയ നൃത്തപരിപാടികളും നാടൻ കലാരൂപങ്ങളും സംസ്കാര - ധ്യാന സമ്മേളനങ്ങളുമായി രാത്രി മുഴുവൻ നീളുന്ന പരിപാടികളിൽ ഇഷ ഫൗണ്ടേഷൻ സംഗീത സംഘമായ 'സൗണ്ട്സ് ഒഫ് ഇഷ'യും പങ്കുചേരും. സദ്ഗുരുവിനൊപ്പമുള്ള മഹാധ്യാനവും നടക്കും. ലക്ഷക്കണക്കിനു പേർ പങ്കെടുക്കുന്ന പരിപാടി വിവിധ ഭാഷകളിലെ പ്രമുഖ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും.
കൗമുദി ടിവിയിൽ
തത്സമയം
ഇഷാ ഫൗണ്ടേന്റെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ ഇഷാ യോഗ സെന്ററിൽ ഇന്നു നടക്കുന്ന മഹാശിവരാത്രി പരിപാടികൾ കൗമുദി ടിവി തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീത, നൃത്തകലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നും, സദ്ഗുരുവിന്റെ മഹാധ്യാനവും ഉൾപ്പെടെയുള്ള പരിപാടികളുടെ സംപ്രേഷണം ഇന്നു രാത്രി 10.30 മുതൽ രാവിലെ 6.00 വരെയാണ്.