pic

സാഹസിക ബൈക്ക് റൈഡിംഗ് ഇഷ്‌ടപ്പെടുന്നവരെ ലക്ഷ്യമിട്ട് പ്രമുഖ ഇറ്രാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനെലി അവതരിപ്പിച്ച പുത്തൻ മോഡലുകളാണ് ടി.ആർ.കെ 502, ടി.ആർ.കെ 502 എക്‌സ് എന്നിവ. യഥാക്രമം അഞ്ചുലക്ഷം രൂപ, 5.40 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. ഇരു ബൈക്കുകളുടെയും ബുക്കിംഗ് കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. എപ്രിൽ മുതൽ ഇവ നിരത്തിലിറങ്ങും,

ഇന്ത്യയിൽ അഡ്വഞ്ചർ വിഭാഗത്തിലേക്ക് ബെനെലിയുടെ പ്രവേശനമാണ് ഇരു മോഡലുകളും ചേർന്ന് നടത്തുന്നത്. ഇറ്റലിക്ക് പുറമേ അർജന്റീന,​ ചൈന. ദക്ഷിണ-പൂർവേഷ്യ എന്നിവിടങ്ങളിൽ ലഭിച്ച വൻ സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് ബെനെലി ടി.ആർ.കെ 502,​ 502 എക്‌സ് എന്നിവ ഇന്ത്യയിലെത്തുന്നത്. കവാസാക്കി വേർസിസ് 650,​ സുസുക്കി വി-സ്‌ട്രോം 650 എക്‌സ്.ടി.,​ ബി.എം.ഡബ്ള്യു ജി310 ജി.എസ്.,​ റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയോടാണ് ഇവ ഇന്ത്യൻ വിപണിയിൽ ഏറ്റുമുട്ടുന്നത്. കവാസാക്കി വേർസിസ്,​ റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവ എത്തിയതോടെ ഇന്ത്യയിലും അഡ്വഞ്ചർ റൈഡിംഗിന് പ്രിയമേറിയിട്ടുണ്ട്. ടി.ആർ.കെ 502,​ 502 എക്‌സ് എന്നിവ ഈ രംഗത്ത് വലിയ നേട്ടം ഇന്ത്യയിൽ സമ്മാനിക്കുമെന്നാണ് ബെനെലിയുടെ പ്രതീക്ഷ.

ഒന്നര മീറ്ററോളം ഉയരവും രണ്ടുമീറ്ററോളം നീളവുമുള്ള,​ വലിയ ബൈക്ക് തന്നെയാണ് ടി.ആർ.കെ 502. സെമി-ഫെയേഡ് രൂപകല്‌പനയാണുള്ളത്. തനത് അഡ്വഞ്ചർ ലുക്ക്,​ ആകർഷണമാണ്. വലിയ വിൻഡ് സ്‌ക്രീനും ഹാൻഡിൽ ബാറിലെ നക്കിൾ ഗാർഡും സാഹസികഭാവം ബൈക്കിന് നൽകുന്നു. ഡ്യുവൽ ഹെഡ്‌ലാമ്പാണുള്ളത്. എൽ.ഇ.ഡി പെരുമയുള്ളതാണ് ഇൻഡിക്കേറ്ററും ടെയ്‌ൽലാമ്പും. 800 മുതൽ 840 എം.എം വരെയാണ് ഇരു മോഡലിന്റെയും സീറ്റുയരം. 190-220 എം.എം ഗ്രൗണ്ട് ക്ളിയറൻസ് സാഹസിക റൈഡിംഗിന് അനുയോജ്യം തന്നെ. ഇന്ധനടാങ്കിൽ 20 ലിറ്റർ പെട്രോൾ നിറയും.

500 സി.സി.,​ പാരലൽ ട്വിൻ ലിക്വിഡ് കൂളായ എൻജിനാണ് ഇരു മോഡലുകളുടെയും ഹൃദയം. 47 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 46 എൻ.എം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം ഏഴ് സെക്കൻഡിനകം കൈവരിക്കാൻ ഇവയ്ക്ക് കഴിയും. മൈലേജ് 30-35 കിലോമീറ്റർ പ്രതീക്ഷിക്കാം. പിറേലി 17 ഇഞ്ച് ടയറുകളും മികച്ച സസ്‌പെൻഷനുകളും ഡിസ്‌ക് ബ്രേക്കുകളും എ.ബി.സും യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കും.