ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാൻ വൈകിയത് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽഗാന്ധി പറഞ്ഞു. റാഫേലിനെച്ചൊല്ലി ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമർശത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾക്ക് ലജ്ജയില്ലേ, നിങ്ങൾ 30,000 കോടിരൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന് (അനിൽ അംബാനി) നൽകി. നിങ്ങൾ മാത്രമാണ് റാഫേൽ ജെറ്റ് വിമാനങ്ങളുടെ വരവ് വൈകിയതിന്റെ യഥാർത്ഥ കാരണക്കാരൻ"- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ വ്യോമസേനയുടെ ധീരനായ വിംഗ് കമാൻഡർ അഭിനന്ദനെ പോലെയുള്ളവർ ജീവൻ പോലും പണയം വച്ചാണ് കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങൾ പറപ്പിക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ ആരോപിച്ചു. റാഫേൽ യുദ്ധവിമാനങ്ങളുടെ അപര്യാപ്തത ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റാഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും സ്വാർത്ഥ താത്പര്യത്തോടെ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.