ന്യൂഡൽഹി: പാക് കസ്റ്റഡിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വ്യോമസേന വെെമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീണ്ടും വിമാനം പറത്തണമെന്നുള്ള ആഗ്രഹം. എത്രയും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന് അഭിനന്ദൻ പറഞ്ഞതായി പി.ടി.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യോമസേന കാമാൻഡറോടും അഭിനന്ദനെ ചികിത്സിക്കുന്ന ഡോക്ടർമാരോടുമാണ് ഇക്കാര്യം പറഞ്ഞത്.
അഭിനന്ദന്റെ ആവശ്യത്തെ അംഗീകരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. ആർമി റിസർച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ പരിശോദിച്ച് വരികയാണ്. വീണ്ടും വിമാനങ്ങൾ പറത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാദ്ധ്യമാക്കാൻ എല്ലാ പരിശ്രമവും നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു.
അഭിനന്ദൻ വർദ്ധമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പാകിസ്ഥാന്റെ കസ്റ്റഡിയിൽ വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏൽക്കേണ്ടിവന്നില്ലെന്ന് അഭിനന്ദൻ പറഞ്ഞിരുന്നു. അവർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിൽ നിന്ന് നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെയാണെന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.