ബംഗളൂരു: തന്റെ പിതാവ് എച്ച്. ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം മൈസൂരുവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മാത്രം ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിൽ പോകാൻ മോദിക്ക് സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ, ഇന്ത്യ - പാക് അതിർത്തിയിലേക്ക് തുറന്ന ജീപ്പിൽ സഞ്ചരിച്ച ഒരേയൊരു പ്രധാനമന്ത്രി ദേവഗൗഡയാണ്. ബി.ജെ.പി പ്രവർത്തകർ വിജയക്കൊടി പാറിക്കുന്നത് യുദ്ധവിമാനം പറപ്പിച്ച് പാക് മണ്ണിൽ ആക്രമണം നടത്തിയത് അവരാണെന്ന രീതിയിലാണ്. സ്ഥിതിഗതികളെ സ്ഥാപിത താത്പര്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണ് അവർ. മാത്രമല്ല, രാജ്യത്തെ സംരക്ഷിക്കുന്നത് അവർ മാത്രമാണെന്ന തരത്തിലാണ് പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.