shivarathri-

സംഹാരമൂർത്തിയായ ശിവഭഗവാന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് ശിവരാത്രി. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് സകലപാപങ്ങളെയും ഇല്ലാതാക്കി കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. . ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. പൂർവികർക്കു ബലി തർപ്പണം ചെയ്യുന്നതു മുടങ്ങിയാൽ പിതൃ പൂജയ്ക്കു പറ്റിയ അവസരം കൂടിയാണിത്.

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

ഈ വർഷത്തെ ശിവരാത്രിക്ക് ഏറെ പ്രത്യേകതയുണ്ട്. ശിവാരാധനയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള തിങ്കളാഴ്ചയാണ് ഇത്തവണത്തെ ശിവരാത്രി വരുന്നത്. ഏഇക്കൊല്ലത്തെ വ്രതാനുഷ്ഠാനത്തിനു ഏറെ പ്രത്യേകതകൾ ഉണ്ട്. 2019 മാർച്ച് 04 തിങ്കളാഴ്ചയാണ് ശിവരാത്രി വരുന്നത്. ശിവരാത്രിയും തിങ്കളാഴ്ചയും ഒരുമിച്ച് വരുന്നത് വളരെ അപൂർവ്വമാണ് എന്ന് പറയാം. മാത്രമല്ല ശിവരാത്രി തലേന്ന് ഞായറാഴ്ച പ്രദോഷവും വരുന്നു. അതായത് പ്രദോഷവും ശിവരാത്രിയും ചേർന്ന് വ്രതമെടുക്കുന്നത് ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

തലേന്ന് ഒരിക്കലൂണിലൂടെ വ്രതം തുടങ്ങാം. രാത്രി ഉപവാസം പ്രധാനം. അല്ലെങ്കിൽ അരി ഭക്ഷണം കഴിയ്ക്കരുത്. വേണമെങ്കിൽ പഴങ്ങളോ മറ്റോ ആകാം.ശിവരാത്രി ദിവസം അതിരാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തി "ഓം നമശിവായ" ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. ശിവാഷ്ടകം, ശിവ സഹസ്ര നാമം എന്നിവ ചൊല്ലുന്നതും നല്ലതാണ്. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നിവേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്.

അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂവളമാല ശിവന് വഴിപാടു ചെയ്യുന്നതും പൂജിച്ച കൂവളമില ചൂടുന്നതും നല്ലതാണ്. കൂവളത്തിന്റെ ഇല പ്രദോഷത്തിനും ശിവരാത്രി ദിവസവും നുള്ളരുത്. കൂവളത്തില കൊണ്ടുള്ള അർച്ചനയും പ്രധാനമാണ്. . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം . രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

ദമ്പതിമാർ ഒരുമിച്ച് ഇന്നേ ദിവസം ഉപവാസം നോൽക്കുന്നതും, ക്ഷേത്ര ദർശനം നടത്തുന്നത് ഏറെ നല്ലതാണ്. ഐക്യമത്യ സൂക്ത അർച്ചന, ഉമാ മഹേശ്വര പൂജ എന്നിവ ഏറെ നല്ലതാണ്. ഇത് ദാമ്പത്യ സംബന്ധമായ പ്രശ്‌നങ്ങൾക്കു പരിഹാരമാണ്.

സ്വയംവര പുഷ്പാജ്ഞലി നടത്തുന്നത് മംഗല്യഭാഗ്യത്തിന് ഉത്തമമാണ്. ശിവന് നെയ്യ് വിളക്ക്, പിൻവിളക്ക്, കരിക്കുമുട്ട് എന്നിവയെല്ലാം ഇന്നേ ദിവസം നടത്തിയാൽ ഏറെ ഗുണകരമാണ്. ശിവനു ധാരയും ഇഷ്ട വഴിപാടാണ്. ഇതു പോലെ പാലഭിഷേകവും നല്ലതാണ്.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.