oic

കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗം

ന്യൂഡൽഹി:കാശ്‌മീരിൽ 'ഇന്ത്യൻ ഭീകര പ്രവർത്തനം' 'ജനങ്ങളെ കൂട്ടത്തോടെ അന്ധരാക്കൽ' എന്നീ പരാമർശങ്ങൾ ഉൾപ്പെട്ട ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സമ്മേളനത്തിലെ പ്രമേയം ഇന്ത്യ തള്ളി. കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശ മന്ത്രാലയം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുകയും ചെയ്‌തു.

57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അബുദാബിയിൽ നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ജമ്മുകാശ്‌മീരിലെ 'ഇന്ത്യൻ ഭീകരവാദം', 'ജനങ്ങളെ കൂട്ടത്തോടെ അന്ധരാക്കുന്ന പെല്ലറ്റാക്രമണം" തുടങ്ങിയ പരാമർശങ്ങൾ ഉണ്ടായത്. ഇന്ത്യൻ സേന പെല്ലറ്റ് തോക്കുപയോഗിച്ച് വെടിവയ്ക്കുന്നതിനെയാണ് ജനങ്ങളെ അന്ധരാക്കൽ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്.

ഇന്ത്യൻ സേന നിരന്തരമായി വെടിനിറുത്തൽ കരാർ ലംഘിക്കുന്നതിൽ ഒ.ഐ.സി ആശങ്ക രേഖപ്പെടുത്തുന്നതായും കാശ്മീരിലെ ജനങ്ങൾക്ക് മാനുഷികമായ സഹായങ്ങൾ എത്തിക്കാൻ ഒ.ഐ.സി രാജ്യങ്ങൾ സഹായിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു.

ഒ. ഐ.സിയുടെ അൻപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ അതിഥി രാജ്യമായി പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ബഹിഷ്കരിച്ച സമ്മേളനത്തിലാണ് ജമ്മുകാശ്‌മീരിനെ പറ്റിയുള്ള പ്രമേയത്തിൽ പാകിസ്ഥാന് അനുകൂലം എന്ന് വ്യാഖ്യാനിക്കാവുന്ന പരാമർശങ്ങൾ വന്നത്. ഇന്ത്യ - പാകിസ്ഥാൻ സമാധാന പ്രക്രിയ എന്ന മറ്റൊരു പ്രമേയത്തിൽ പാകിസ്ഥാന്റെ സമാധാന യത്നങ്ങളെ ഒ. ഐ. സി പ്രശംസിച്ചു. ലോകത്തെ മുസ്ലീം ന്യൂന പക്ഷത്തെ പറ്റിയുള്ള പ്രസ്താവനയിൽ അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് ഇന്ത്യാ ഗവൺമെന്റ് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശ കാര്യമന്ത്രി സുമ സ്വരാജ് സമ്മേളനത്തിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് ഇന്ത്യയെ അമ്പരപ്പിക്കുന്ന ഈ പരാമർശങ്ങളുണ്ടായത്.

ജമ്മുകാശ്‌മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ പ്രശ്‌നങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ പ്രസ്താവനയിൽ മറുപടി നൽകി.

ഇന്ത്യയുടെ ഉൽക്കണ്ഠ മനസിലാക്കിയ യു. എ. ഇ വിദേശകാര്യമന്ത്രി ഷെയ്‌ക്ക് അബ്ദുള്ള, ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് ആശങ്ക വേണ്ടെന്നും ഒ. ഐ. സി ഇന്ത്യയെ ക്ഷണിച്ചതിലൂടെ വളരെ ശുഭകരമായ സന്ദേശമാണ് നൽകിയതെന്നും ഭാവിയിൽ ഇന്ത്യയെ കൂട്ടായ്മയിൽ പങ്കാളിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

സമ്മേളനത്തിന്റെ പ്രധാന രേഖയായ അബുദാബി പ്രഖ്യാപനത്തിൽ ഇന്ത്യയെക്കെതിരായ പരാമർശങ്ങൾ ഇല്ലെന്നും മറ്റ് പ്രമേയങ്ങൾക്ക് ഒ.ഐ. സിയുടെ ഏകകണ്ഠ അംഗീകാരം ആവശ്യമില്ലെന്നും ഒ.ഐ. സി ഉദ്യോഗസ്ഥർ പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെ പ്രസ്‌താവനയിൽ അഭിനന്ദിച്ചു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് പ്രശ്നം വഷളായിരിക്കെയാണ് ഇന്ത്യയെ അതിഥിയായി ക്ഷണിച്ചത്. ആഗോള തലത്തിൽ ഭീകരപ്രവർത്തനത്തെ ചെറുക്കാൻ രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സുഷമാ സ്വരാജ് സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.