major-ravi

കൊച്ചി: പാകിസ്ഥാനിലുള്ള ഭീകരരുടെ ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന തകർത്തത് കൊണ്ടാണ് അവർ തിരിച്ചടിക്കാൻ ശ്രമിക്കുന്നതെന്ന് മേജർ രവി. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും തെളിവ് ആവശ്യപ്പെടുന്നതിനെയും മേജർ രവി വിമർശിച്ചു. ഈ സാഹചര്യത്തിൽ നമ്മൾ കാണിക്കേണ്ടത് ഐക്യമാണ് തെളിവ് ചോദിക്കുകയല്ല വേണ്ടതെന്നും മേജർ രവി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചോദിച്ചത് തെളിവ് കാണിച്ച് തരൂ എന്നാണ്. ഇതൊക്കെ ബാലിശമായ ചോദ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. നമ്മൾ ചെയ്തു,​ ഇതിന്റെ മറുപടിയായാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത്. നമ്മൾ അവിടെ പലതും ചെയ്തിട്ടുണ്ട്. എന്നാൽ അത് സർക്കാർ വേണ്ട സമയത്ത് പറയും ചിലപ്പോൾ പറയുകയുമില്ല. മേജർ രവി വിശദീകരിച്ചു.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ടാണ് വിവരങ്ങൾ പുറത്തുവിടാത്തത്. അവർക്ക് ഭീകരമായി അടി പറ്റിയിട്ടുണ്ട്. ഇതേതുടർന്നാണ് പാകിസ്ഥാൻ എഫ് 16 വിമാനവുമായി ഇന്ത്യയ്ക്കെതിരെ വരുകയും നമ്മൾ മിഗ് 21 യുദ്ധവിമാനവുമായി അവരെ പ്രതിരോധിക്കുകയും ചെയ്തത്. താൻ പ്രധാനമന്ത്രിയേയോ സർക്കാരിനെയോ പിന്തുണച്ച് സംസാരിക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് പ്രധാനമന്ത്രി ഔദാര്യമെന്നും ചെയ്തിട്ടില്ല. ജനീവ കൺവൻഷൻ പ്രകാരമുള്ള കാര്യം മാത്രമാണ് ചെയ്തത്. അതുകൊണ്ട് ഇമ്രാൻ ഖാനെ പൊക്കിയടിക്കേണ്ട ആവശ്യമില്ല. യുദ്ധം ഉണ്ടാകില്ലെന്നും ഇന്ത്യയുടെ ശക്തി പാകിസ്ഥാൻ മനസിലാക്കിയത് കൊണ്ട് അവർ യുദ്ധത്തിന് വരില്ലെന്നും മേജർ രവി പറഞ്ഞു.