ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്ക് അയൽക്കാരായ എവർട്ടൺ തടയിട്ടു. കഴിഞ്ഞ ദിവസം നടന്ന മെഴ്സിസൈഡ് ഡെർബിയിൽ എവർട്ടൺണിനോട് ഗോൾ രഹിത സമനിലിയിൽ കുടുങ്ങിയതോടെയാണ് മാഞ്ചസ്റ്രർ സിറ്റിയെ മറകടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരം ലിവർപൂൾ നഷ്ടമാക്കിയത്. പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യൻമാരായ സിറ്റിയെക്കാൾ ഒരു പോയിന്റ് പിറകിലാണ് ഇപ്പോൾ ലിവർ. സിറ്റിക്ക് 29 മത്സരങ്ങളിൽ നിന്ന് 71 പോയിന്റും ലിവറിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 70 പോയന്റുമാണുള്ളത്.
എവർട്ടണിന്റെ തട്ടകമായ ഗുഡിസൺപാർക്കിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം മൊഹമ്മദ് സല രണ്ട് സുവർണാവസരങ്ങൾ നഷ്ടമാക്കിയതാണ് ലിവറിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ എവർട്ടൺ ഗോളി ജോർദാൻ പിക്ഫോർഡ് സലയ്ക്ക് വിലങ്ങ് തടിയായപ്പോൾ രണ്ടാം പകുതിയിൽ പ്രതിരോധ ഭടൻ മൈക്കേൽ കെയ്നാണ് ഈജിപ്ഷ്യൻ താരത്തിന് തടസമായെത്തിയത്.
മത്സരത്തിൽ പന്തടക്കത്തിലും ബാൾ പെസിഷനിലും പാസിംഗിലും ഉതിർത്ത ഷോട്ടുകളിലുമെല്ലാം മുൻതൂക്കം ലിവറിന് തന്നെയായിരുന്നു. ലിവർപൂളിന് കിട്ടിയ സമനില കിരീടപോരാട്ടം ആകാംഷാഭരിതമാക്കിയിരിക്കുകയാണ്.
ചെൽസിയുടെ ചിരി
മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫുൾഹാമിനെ കീഴടക്കി. ഗോൺസ്വാലോ ഹിഗ്വയിനും ജോർഗീഞ്ഞോയും നേടിയ ഗോളുകളാണ് സറി ബോയ്സിന് ജയമൊരുക്കിയത്. കാലും ചേംബേഴ്സാണ് ഫുൾഹാമിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിലുടനീളം മുൻതൂക്കം ചെൽസിക്ക് തന്നെയായിരുന്നു. ലീഗ് കപ്പ് ഫൈനലിൽ സബ്സ്റ്റിറ്റ്യൂഷന് വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുത്തിയ ഗോൾ കീപ്പർ കെപ അരിസബലാഗയ്ക്ക് സറി ഇന്നലെ അവസരം കൊടുത്തു.
ചില അബദ്ദങ്ങൾ കാണിച്ചെങ്കിലും പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള ഫുൾഹാം താരം റയാൻ ബാബേലിന്റെ ഗോൾ ശ്രമം നിഷ്ഫലമാക്കി കെപ കൈയടി നേടി. മറുവശത്ത് ക്ലോഡിയോ റാനിയേരിയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയ ഒഴിവിൽ ഫുൾഹാമിമന്റെ കെയർ ടേക്കറായ സ്കോട്ട് പാർക്കർക്ക് തുടക്കം തോൽവിയോടെയായി.
മറ്റ് മത്സരങ്ങളിൽ വാറ്റ്ഫോർഡ് 2-1ന് മുൻചാമ്പ്യൻമാരായ ലെസ്റ്ററിനെയും വെസ്റ്റ് ഹാം 2-0 ത്തിന് ന്യൂകാസിലിനെയും ബ്രൈറ്റൺ 1-0ത്തിന് ഹഡ്ഡേഴ്സ് ഫീൽഡിനെയും ക്രിസ്റ്രൽ പാലസ് 3-1ന് ബേൺലിയേയും കീഴടക്കി.
മാഞ്ചസ്റ്രർ സിറ്റി -71 (പോയിന്റ്)
ലിവർപൂൾ - 70 (പോയിന്റ്)