നാഗ്പൂർ: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് മത്സരം. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ട്വന്റി -20 പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഇന്ത്യയ്ക്ക് ഒന്നാം ഏകദിനത്തിലെ വിജയം. മറുവശത്ത് ആസ്ട്രേലിയ ഒരു തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. നാട്ടിൽ ഇന്ത്യയോട് ഏകദിന, ടെസ്റ്റ് പരമ്പരകൾ തോറ്രതിന് തിരിച്ചടി നൽകുകയെന്നതാണ് അവരുടെ പ്രധാന അജണ്ട.
ജയം തുടരാൻ ഇന്ത്യ
വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി എം.എസ്.ധോണിയും തകർപ്പൻ ബാറ്രിംഗുമായി കേദാർ ജാദവുമാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 99/4 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും പിന്നീട് 141 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തി വിക്കറ്ര് നഷ്ടം കൂടാതെ ഇന്ത്യയെ വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരുവരുടെയും ഫോം ഇന്ത്യയ്ക്ക് നൽകുന്ന ആത്മ വിശ്വാസം ചില്ലറയല്ല. അകതേസമയം ശിഖർ ധവാന്റെ മങ്ങിയ ഫോം ഇന്ത്യയ്ക്ക് തലവേദനാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതിരുന്ന അമ്പാട്ടി റായ്ഡുവിന് പകരം ഫോമിലേക്ക് തിരിച്ചെത്തിയ കെ.എൽ.രാഹുലിന് ഇന്ന് അവസരം കിട്ടാൻ സാധ്യതയുണ്ട്.
തിരിച്ചുവരവിന് ഓസീസ്
ബാറ്റിംഗിലും ബൗളിംഗിലും ഓസീസിന് ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല. തുടക്കത്തിലും ഇടയ്ക്കും സംഭവിച്ച തകർച്ച വൻ സ്കോർ നേടുന്നതിന് അവർക്ക് വിലങ്ങ് തടിയായി.
ബൗളിംഗിലും ഇടയ്ക്ക് ലഭിച്ച ബ്രേക്ക് ത്രൂ മുതലാക്കാനാകാതെ പോയി.
നായകൻ ഫിഞ്ചിന്റെ ചാഞ്ചാടുന്ന ഫോമാണ് ഓസീസിന്റെ ഏറ്രവും വലിയ തിരിച്ചടി.ടീമിൽ തിരിച്ചെത്തിയ ഷോൺ മാർഷ് ആഷ്ടൺ ടർൺർക്ക് പകരം അവസാന പതിനൊന്നിൽ ഇടം നേടിയേക്കും,.
നോട്ട് ദ പോയിന്റ്
3 മത്സരങ്ങളിൽ വി.സി.എ ഗ്രൗണ്ടിൽ ഇന്ത്യയും ആസ്ട്രേലിയയും ഇതിന് മുമ്പ് മുഖാമുഖം വന്നിട്ടുണ്ട്. മൂന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം.
2009 ഒക്ടോബർ 28ന് ഈ ഗ്രൗണ്ട് വേദിയായ ആദ്യ ഏകദിനത്തിൽ ഇന്ത്യയും ആസ്ട്രേലിയയും ആണ് ഏറ്രുമുട്ടിയത്. ആ മത്സരത്തിൽ 99 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
2013 ഒക്ടോബർ 30ന് നടന്ന മത്സരത്തിൽ 6 വിക്കറ്റിനും 2017 ഒക്ടോബർ 1ന് നടന്ന മത്സരത്തിൽ 7 വിക്കറ്റിനുമായിരുന്നു ആസ്ട്രേലിയക്കെതിരെ ഇവിടെ ഇന്ത്യയുടെ ജയം.
ടിവി ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിൽ