കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലം മുതൽക്കേ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്നു ജേക്കബ് തോമസ് ഐ.പി.എസ്. ഏത് വകുപ്പിൽ പ്രവർത്തിച്ചാലും അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തിയിരുന്ന അദ്ദേഹം ഒരു വർഷത്തിലേറെയായി സസ്‌പെൻഷനിലാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഫയർഫോഴ്സിൽ ജോലി ചെയ്ത സമയമായിരുന്നു തന്റെ സർവീസ് കാലഘട്ടത്തിൽ ഏറ്റവും സമ്മർദ്ദം നേരിട്ടതെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നു.
കേരളത്തിന്റെ നിരവധി ഭാഗങ്ങളിൽ വമ്പൻ കെട്ടിടങ്ങളുൾപ്പെടെ തീപിടിത്തമുണ്ടാവുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ വാക്കുകൾ പുറത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തി സുരക്ഷയെ നോക്കുകുത്തിയാക്കിയ കെട്ടിട പ്രോജക്ടുകൾക്ക് ഫയർഫോഴ്സ് മേധാവിയായിരിക്കെ ജേക്കബ് തോമത് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിപ്പൊക്കിയ കേരളത്തിലെ ചില ആശുപത്രികളിൽ തീപിടിത്തമുണ്ടായാൽ രോഗികൾക്ക് എണീറ്റ് ഓടാൻ പോലുമാവില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.
ഒരു ഘട്ടത്തിൽ അറുപതോളം ഫ്ളാറ്റുകളുടെ അനുമതി തടയുന്ന അവസ്ഥയിലെത്തിയപ്പോഴാണ് രാഷ്ട്രീയ നേതൃത്വം ഇടപെട്ടു തുടങ്ങിയത്. നിയമസഭയിൽ മന്ത്രിയടക്കം തന്നെ ആക്ഷേപിച്ചിരുന്നുവെന്നും, ജനവിരുദ്ധനെന്ന് ഉമ്മൻചാണ്ടി തന്നെ ആക്ഷേപിച്ചതിന് പിന്നിൽ ജനങ്ങൾ സുരക്ഷിതമായി ജീവിക്കണം എന്ന തന്നിലുള്ള ഉത്തരവാദിത്വം നടപ്പിലാക്കാൻ ശ്രമിച്ച മുൻകരുതലാണെന്നും അദ്ദേഹം പറയുന്നു.
തന്റെ നടപടികളിൽ അസ്വസ്ഥരായ ബിൽഡേഴ്സിനോട് കോടതിയിൽ പോയി ചലഞ്ച് ചെയ്യാനാണ് ആവശ്യപ്പെട്ടത് . കോടതി ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്ന് അറിയാമായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ബിൽഡേഴ്സിൽ ഒരാൾ പോലും കോടതിയിൽ പോയില്ല. എന്നാൽ ഇതേ സമയം തനിക്ക് മൂന്ന് മെമ്മോകളാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയത്. പറ്റുമെങ്കിൽ തന്നെ സസ്‌പെന്റ് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ജേക്കബ് തോമസ് തുറന്നടിക്കുന്നു. എന്നാൽ ഇതേ സമയം മന്ത്രിസഭയിൽ നിന്നും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ശക്തമായ പിന്തുണ നൽകിയെന്നും ജേക്കബ് തോമസ് സമ്മതിക്കുന്നുണ്ട്.