ന്യൂഡൽഹി: അതിർത്തി ലംഘിച്ചെത്തിയ പാക് പോർവിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചു വരവിനെ അഭിമാനത്തോടെയാണ് രാജ്യം സ്വീകരിച്ചത്. രാജ്യത്തേക്ക് തിരികെയെത്തുമ്പോൾ അപൂർവ്വമായ നേട്ടം കൈവരിച്ചായിരുന്നു വീരപുത്രൻ തിരികെ എത്തിയത്.
അമേരിക്കൻ നിർമിതമായ എഫ്16 എന്ന പോർ വിമാനമായിരുന്നു പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനായി ഉപയോഗിച്ചത്. വ്യോമാക്രമണങ്ങൾ നടത്താൻ അതികായനായ എഫ്16, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പോർ വിമാനമാണ്. വ്യോമാക്രമങ്ങളിൽ വളരെ വേഗത്തിൽ ഗതിവിഗതികൾ നിയന്ത്രിക്കാനും ആക്രമണങ്ങൾ നടത്താനും സാധിക്കുമെന്നത് തന്നെയാണ് എഫ്16ന്റെ പ്രത്യേകത. 'പോരാടും പരുന്ത്' എന്നർത്ഥം വരുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്.
എന്നാൽ പാക് വിമാനങ്ങളെ തുരത്തുമ്പോൾ അഭിനന്ദൻ ഉപയോഗിച്ചത് മിഗ്21 പോർ വിമാനമായിരുന്നു. എഫ്16ന് സമാനമായ രീതിയിലാണ് മിഗ് 21ന്റെ പ്രവർത്തനം. എഫ്16ന് സമാനമായ ആയുധങ്ങൾ തന്നെയാണ് മിഗിലും ഉപയോഗിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി തിരിച്ചടിക്കാനോ ആക്രമണ തന്ത്രങ്ങൾക്ക് എളുപ്പം വഴങ്ങുന്ന വിമാനമല്ല മിഗ്21 എന്നത് വാസ്തവം. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് അഭിനന്ദൻ എഫ്16 വെടിവെച്ചിടുകയായിരുന്നു. വിമാനം പൂർണമായും നശിക്കുകയും അതിലെ പൈലറ്റ് മരിച്ചതായുമാണ് റിപ്പോർട്ടുകൾ. ഇതിലൂടെ അഭിനന്ദന് സ്വന്തമായത് മറ്റാർക്കുമില്ലാത്ത നേട്ടമാണ്. ഇതോടെ എഫ്16 വെടിവെച്ചിട്ട ആദ്യത്തെ വ്യോമസേന ഉദ്യോഗസ്ഥാനായി അഭിനന്ദൻ മാറി. എഫ്16 വിമാനവും തകരുകയും നിയന്ത്രിച്ചിരുന്ന പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തത് പാക് സൈന്യത്തിന് തീരാനഷ്ടം തന്നെയാണെന്ന് എയർ ചീഫ് മാർഷൽ കൃഷ്ണസ്വാമി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അതിർത്തി ലംഘിച്ച് എത്തിയ പാക് പോർവിമാനങ്ങളെ ഇന്ത്യൻ വ്യോമസേന തുരത്തിയോടിച്ചിരുന്നു. ഇതിനിടയിൽ അഭിനന്ദൻ ഉപയോഗിച്ചിരുന്ന വിമാനം പാക് സൈന്യം വെടിവച്ചിടുകയായിരുന്നു.
വിമാനത്തിൽ നിന്ന് അദ്ദേഹം രക്ഷപെട്ടെങ്കിലും എത്തിയത് പാക് നിയന്ത്രണ മേഖലയിലായിരുന്നു. തുടർന്ന് പാക് സൈന്യം അഭിനന്ദനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ മൂന്നാം ദിവസം അദ്ദേഹത്തെ പാകിസ്ഥാൻ മോചിപ്പിച്ച് രാജ്യത്തിമ് കൈമാറുകയും ചെയ്തു. കർശന പരിശോധനകളുടെ ഭാഗമായി അഭിനന്ദൻ ഇപ്പോൾ സൈനിക ആശുപത്രിയിൽ തുടരുകയാണ്. അഭിനന്ദന്റെ വാരിയെല്ലിന് പരിക്കുള്ളതായി ആശുപത്രി വൃത്തങ്ങൾ വിവരം പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമായിരിക്കും അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് കടക്കാൻ സാധിക്കുക.