കൊല്ലം : കടയ്ക്കൽ ചിതറ വളവുപച്ചയിൽ സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനും സി.പി.എം അനുഭാവിയായിരുന്നുവെന്ന് സഹോദരൻ സുലൈമാന്റെ വെളിപ്പെടുത്തൽ. മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും തുടക്കം മുതൽ ബന്ധുക്കളടക്കമുള്ളവർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ കടയ്ക്കലിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനാണെന്നും, ഇത് ഒരു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണെന്നും ആരോപിച്ച് സി.പി.എമ്മിലെ മുതിർന്ന നേതാക്കളുൾപ്പെടെ രംഗത്ത് വന്നിരുന്നു. അതേസമയം മരച്ചീനി നൽകാത്തതിലെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന വാർത്ത തുടക്കം മുതൽക്കേ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പിടിയിലായ പ്രതിയും കുടുംബവും സി.പി.എം. അനുഭാവികളാണെന്നും എന്നാൽ ഇതുവരെ പാർട്ടിക്കുവേണ്ടി പരസ്യ പ്രവർത്തനം നടത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി സഹോദരൻ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളെല്ലാം കമ്യൂണിസ്റ്റ് കുടുംബമാണെന്നും നാട്ടിലിറങ്ങി തിരക്കിയാൽ മനസിലാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടിയുറച്ച സി.പി.എം പ്രവർത്തകനായിരുന്നു മരണപ്പെട്ട മുഹമ്മദ് ബഷീർ.മരച്ചീനി ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാവുകയും ഷാജഹാൻ ബഷീറിനെ ഇരട്ടപ്പേര് വിളിക്കുകയുമായിരുന്നു.പിന്നീട് വീട്ടിലെത്തിയ മുഹമ്മദ് ബഷീർ കുളിക്കാനിറങ്ങുമ്പോൾ പിന്തുടർന്നെത്തിയ ഷാജഹാൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശരീരമാസകലം ഒമ്പത് കുത്തുകളേറ്റിരുന്നു. പൊലീസ് പിടിയിലായ പ്രതി ഷാജഹാനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.