health-insurance

തിരുവനന്തപുരം: സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ് കരാർ വീണ്ടും റിലയൻസ് ജനറൽ ഇൻഷുറൻസിന് നൽകിയത് വിവാദത്തിൽ. നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഈ കമ്പനി ആശുപത്രികൾക്ക് കൃത്യസമയത്ത് പണം നൽകാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നുവെന്നാണ് ആരോപണം.

കുടിശ്ശിക നിലനിൽക്കെയാണ് എല്ലാ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ച് പുതുതായി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടത്തിപ്പും റിലയൻസ് സ്വന്തമാക്കിയത്. കമ്പനി കുടിശ്ശിക വരുത്തിയതുകാരണം അർബുദ, ഹൃദ്രോഗ ചികിത്സയ്ക്കുള്ള ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികൾക്ക് പണം നൽകാൻ പല ആശുപത്രികൾക്കും കഴിഞ്ഞിരുന്നില്ല.

അതേസമയം,​റിലയൻസിന്റേത് ഏറ്റവും കുറഞ്ഞ പ്രീമിയമാണെന്ന കാര്യം പരിഗണിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായുള്ള ടെൻഡർ ഇവാല്വേഷൻ കമ്മിറ്റിയാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

‌1671 രൂപ വാർഷിക പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ കവറേജുള്ള ആരോഗ്യ ഇൻഷുറൻസിന്റെ ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏപ്രിൽ ഒന്നിനാണ് പദ്ധതി തുടങ്ങുന്നത്. നിലവിലെ ചിസ്, ആർ.എസ്.ബി.വൈ പദ്ധതിയിൽ അംഗങ്ങളായ സംസ്ഥാനത്തെ 40.96 ലക്ഷം കുടുംബങ്ങൾക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തിരഞ്ഞെടുത്ത സർക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സയും ഇവർക്ക് ലഭ്യമാകും. പ്രതിവർഷം പ്രീമിയം ഇനത്തിൽ 690 കോടിയോളം രൂപയാണ് റിലയൻസിന് ലഭിക്കുന്നത്.