മാനവികത എന്നത്തേക്കാളും പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് നമ്മെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന വിശിഷ്ട വ്യക്തിയായിരുന്നു ജസ്റ്റിസ് ഡി. ശ്രീദേവി. അവർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. നീതിന്യായ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഒരാളല്ല ഞാൻ. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച് രണ്ട് തവണ വനിതാ കമ്മിഷൻ ചെയർപേഴ്സണായി പ്രവർത്തിച്ച ശേഷമുള്ള ജസ്റ്റിസ് ഡി. ശ്രീദേവിയുടെ ബഹുമുഖ പ്രവർത്തന മണ്ഡലത്തിൽ അവരെ ഏതാനും വർഷങ്ങൾ അടുത്തറിയാനും ഒപ്പം പ്രവർത്തിക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയിലാണ് ഈ കുറിപ്പെഴുതുന്നത്.
'ശ്രീ നാരായണഗുരുവിന്റെ കർമ്മമണ്ഡലമായിരുന്ന അരുവിപ്പുറത്ത് നമുക്കൊരു സ്ഥാപനം തുടങ്ങണം. സമൂഹത്തിന് നന്മയുണ്ടാകുന്ന ചില ചെറിയ കാര്യങ്ങൾ നമുക്ക് അവിടെ നടത്താം. ഡോക്ടറുടെ സേവനം വേണം'. എന്റെ അച്ഛനുമായി (അമരവിള ബി. തങ്കപ്പൻ) വളരെ വർഷങ്ങളായി ജസ്റ്റിസിന് പരിചയമുണ്ടായിരുന്നെങ്കിലും, ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒരു വൃദ്ധസദനത്തിന്റെ വാർഷികയോഗത്തിൽ വെച്ചായിരുന്നു. അവിടെ വച്ചാണ് ഈ ആവശ്യം അവർ അറിയിച്ചത്. കേരളം മുഴുവൻ അറിയപ്പെടുന്ന ജസ്റ്റിസിന്റെ കൂടെ പ്രവർത്തിക്കാൻ കിട്ടിയ അവസരം ഞാൻ വിനയാന്വിതനായി ഏറ്റെടുത്തു. 'വിശ്വനന്മ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ജസ്റ്റിസ് ഓതർ ഡയറക്ടറായും ഞാൻ പ്രസിഡന്റായും എൽ.പി. ജയിൻ സെക്രട്ടറിയായും മറ്റ് അഞ്ച് പേർ സ്ഥിരാംഗങ്ങളായും ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
അരുവിപ്പുറത്ത് ഗുരു തപസ് ചെയ്തിരുന്ന കൊടിതൂക്കി മലയിലേയ്ക്കുള്ള വഴിയിൽ തനി ഗ്രാമീണ മുഖച്ഛായയുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലം വാങ്ങി. ഇടത്തരക്കാർക്ക് പ്രാപ്യമായ തരത്തിൽ താമസിക്കാൻ പറ്റുന്ന ഒരു വൃദ്ധസദനം തുടങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിന് ഒരു പേരുമിട്ടു - പ്രശാന്തം. അവിടെ പണിയുന്ന കെട്ടിടത്തിലെ ഓരോ മുറിയും സ്‌പോൺസർ ചെയ്യാൻ ജസ്റ്റിസിനെ അടുത്തറിയാവുന്ന ആറുപേർ മുന്നോട്ടുവന്നു. അവർ നൽകിയ തുകകൊണ്ടാണ് എട്ടു മുറികളുള്ള ഒരു കെട്ടിടം ഞങ്ങൾ പണിയാൻ തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞങ്ങളിരുവരും അരുവിപ്പുറത്തെ കെട്ടിടം പണി നിരീക്ഷിക്കുവാൻ പോകുമായിരുന്നു. ആ യാത്രകളിൽ ജസ്റ്റിസ് കൈകാര്യം ചെയ്തിരുന്ന കേസുകളെക്കുറിച്ചും അതിൽ ഉൾപ്പെട്ടിരുന്ന വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ എന്നോട് പറയുമായിരുന്നു. കുടുംബകോടതികളിൽ വന്ന കേസുകൾ വിവരിക്കുമ്പോൾ ജസ്റ്റിസ് വളരെ വാചാലയാകുമായിരുന്നു. അതിൽ പലതിലും ഒരു കഴമ്പുമില്ലാത്തവയായിരുന്നുവെന്നും നിസാര കാര്യങ്ങളിൽ വെറുതെ കലഹിച്ച് ജീവിതം ഹോമിച്ചവയായിരുന്നുവെന്നും പ്രത്യേകം എടുത്തുപറയുമായിരുന്നു. ഭർത്താവിന് രുചിയുള്ള നല്ല കറിയുണ്ടാക്കിക്കൊടുത്താൽ തീരാവുന്ന പിണക്കമേ അതിൽ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ പറയുമായിരുന്നു. വിവാഹിതരാകുന്നതിന് മുമ്പ് തന്നെ വിവാഹജീവിതത്തെ കുറിച്ചും കരുതലുകളെക്കുറിച്ചും മന:ശാസ്ത്രപരമായ സമീപനത്തോടെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയാണെങ്കിൽ ഇത്രമാത്രം വിവാഹമോചനം ഉണ്ടാകുമായിരുന്നില്ല എന്ന് പല യോഗങ്ങളിലും സ്വകാര്യസംഭാഷണങ്ങളിലും ജസ്റ്റിസ് പറയുന്നത് കേട്ടിട്ടുണ്ട്.
ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു - ഹൈക്കോടതി ഉൾപ്പെടെ വലിയ നീതിന്യായ സ്ഥാപനങ്ങളിൽ വലിയൊരു കാലയളവ് പ്രവർത്തിച്ചിട്ടും തനി ഗ്രാമ്യമായ ഭാഷയിലായിരുന്നു അവർ സംവദിച്ചിരുന്നത്. ഒരുപക്ഷേ ചിറയിൻകീഴ് എന്ന ഗ്രാമത്തെ അവർ ഹൃദയത്തോടടുത്തു വച്ചിരിന്നതുകൊണ്ടാകാം. ഞങ്ങൾ തുടങ്ങിവച്ച കെട്ടിടത്തിന്റെ പണി സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇഴഞ്ഞു നീക്കിയപ്പോൾ ജസ്റ്റിസിന്റെ മനസ് അസ്വസ്ഥമാകുമായിരുന്നു. എന്റെ കാലത്ത് തന്നെ ഇത് പൂർത്തിയാകുമോ എന്ന് യാത്രയ്ക്കിടയിൽ അവർ ചോദിക്കുമായിരുന്നു. ഏകദേശം പണിപൂർത്തിയായി കഴിഞ്ഞതിന് ശേഷമാണ് ജസ്റ്റിസ് മരിക്കുന്നത്. ബാക്കി വന്ന നിർമ്മാണ പ്രവർത്തനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും വിശ്വനന്മയുടെ ഭാരവാഹികൾ പൂർത്തിയാക്കി കഴിഞ്ഞു. ജസ്റ്റിസിന്റെ ആഗ്രഹം പൂവണിയുന്നു. ഇനി അവിടെ ഒരു വൃദ്ധസദനം ഉണ്ടാകണം. മക്കളുടെ സജീവ സാന്നിദ്ധ്യസഹകരണത്തോടെ വൃദ്ധരായ മാതാപിതാക്കളെ സ്‌നേഹത്തോടെയും കരുതലോടെയും പരിപാലിക്കുന്ന, അവർക്ക് സുരക്ഷിതത്വവും ആരോഗ്യവും പ്രദാനം ചെയ്യുന്ന, തരത്തിലുള്ള ഒരു വ്യത്യസ്തമായ സങ്കേതം. അതുപോലെ മാനവികതയ്ക്ക് വേണ്ടി ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ ഒരുകേന്ദ്രവും. ജസ്റ്റിസ് ഡി. ശ്രീദേവി എന്ന മനുഷ്യ സ്‌നേഹിയുടെ ഓർമ്മയ്ക്കായി പണിതുയർത്തിയ ഈ സ്ഥാപനം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
വിശ്വനന്മ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളെയും ജസ്റ്റിസിനെ സ്‌നേഹിച്ചിരുന്ന വലിയ ഒരു ജനതതിയെയും ഔപചാരികമായ ഉത്ഘാടനത്തിന് ഇതിനാൽ ക്ഷണിച്ചുകൊണ്ട്, ഈ ചരമദിനത്തിൽ ജസ്റ്റിസ് ഡി. ശ്രീദേവി മാനവികതാ കേന്ദ്രം (Justice D. Sreedevi Centre for Humanism) ശ്രദ്ധാഞ്ജലിയായി ഞങ്ങൾ സമർപ്പിക്കുന്നു.
( ലേഖകൻ വിശ്വനന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റാണ് )