crime

കൊല്ലം ജില്ലയിലെ ചിതറയിൽ സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയം കലർത്തി രക്തസാക്ഷികളുടെ എണ്ണം കൂട്ടാനാണ് കോടിയേരി ബാലകൃഷണനും അദ്ദേഹത്തിന്റെ പാർട്ടിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് . വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. എന്നാൽ ആ കുടുംബത്തിന്റെ ദു:ഖത്തിൽ ചേരുന്നതിന് പകരം കൊലപാതകത്തെ വികലമാക്കി രാഷ്ട്രീയവത്കരിക്കാനാണ് സി.പി.എമ്മും കോടിയേരിയും ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

അസ്വാഭാവികമായ മരണങ്ങളെ ന്യായീകരിക്കാനില്ലെന്നും ചോരക്കറ പുരണ്ട ഏത് കരവും ശിക്ഷിക്കപ്പെടണമെന്നും പി.സി.വിഷ്ണുനാഥ് ആവശ്യപ്പെടുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിനുള്ള കോൺഗ്രസിന്റെ തിരിച്ചടിയാണ് ചിതറ കൊലപാതകമെന്ന കോടിയേരിയുടെ പരാമർശം നിലവാരത്തകർച്ചയാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സന്ദേശം സിനിമയുടെ പ്രസക്തി വീണ്ടും കൂടുന്നു.
സത്യൻഅന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ട് ഒരുക്കിയ 'സന്ദേശം' എന്ന സിനിമയിൽ ഒരു സന്ദേശവുമില്ലെന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ ഈയിടെ അഭിപ്രായപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. കാലത്തിന് മുമ്പേ സഞ്ചരിച്ച 'സന്ദേശം' സിനിമയിലേതുപോലെ, ഒരു അജ്ഞാത മൃതദേഹം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്ക് എങ്ങനെ ഹർത്താൽ നടത്താമെന്ന് ഈയിടെയും കാണിച്ചുവെന്നതാണ് അതിന്റെ പ്രസക്തിയെന്നാണ് നടൻ ഹരീഷ് പേരടി ആ പരാമർശത്തിന് നൽകിയ മറുപടി.

''എന്നാലും എന്റെ ഗോപാലൻകുട്ടി നായരേ അങ്ങേക്ക് ഈ ഗതികേട് വന്നല്ലോ'' എന്ന് കവലയിൽ കിടക്കുന്ന, തനിക്ക് അജ്ഞാതനായ ഒരാളുടെ മൃതദേഹത്തിന് മുമ്പിൽ നിന്ന് വിലപിക്കുന്ന മാമുക്കോയയുടെ കഥാപാത്രത്തെപ്പോലെ കോമഡിയായി മാറുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ കാണിച്ച വിലാപം.

അസ്വാഭിവകമായ ഒരു മരണവും ന്യായീകരണമില്ലാത്ത പാതകമാണ്; ചോരക്കറ പുരണ്ട ഏതൊരു കരവും ശിക്ഷിക്കപ്പെടണം. ശനിയാഴ്ച കൊല്ലം വളവുപച്ച മഹദേവർകുന്ന് സജീന മൻസിലിൽ ബഷീറെന്ന എഴുപത്തിരണ്ടുകാരൻ വാക്ക് തർക്കത്തെ തുടർന്ന് നാട്ടുകാരന്റെ കുത്തേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ആ കുടുംബത്തിന്റെ ദു:ഖത്തിൽ ചേരുന്നതിന് പകരം ആ കൊലപാതകത്തെ ഇത്ര വികലമാക്കി രാഷ്ട്രീയവത്കരിക്കാനാണ് കേടേയിരിയും സി പി എമ്മും ശ്രമിക്കുന്നത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിനുള്ള കോൺഗ്രസിന്റെ തിരിച്ചടിയാണ് ചിതറ കൊലപാതകമെന്ന കോടിയേരിയുടെ പരാമർശം നിലവാരത്തകർച്ച മാത്രമല്ല സമീപകാലത്ത് കേട്ട ഏറ്റവും വലിയ ഹാസ്യം കൂടിയാണ്. കാസർഗോഡ് രാഷ്ട്രീയ നേതാക്കൾ ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ രണ്ട് പ്രവർത്തകരെ വെട്ടിക്കൊന്നതിന് കൊല്ലത്ത് വയോധികനായ ഒരാളെ കൊന്ന് കോൺഗ്രസ് തിരിച്ചടിച്ചുവെന്നൊക്കെ പറയാനുള്ള തൊലിക്കട്ടി കോടിയേരിക്കേ കാണൂ. പി ബി അംഗം എം എ ബേബിയും സമാനമായ പ്രസ്താവന നടത്തി തങ്ങളുടെ കൈയിൽ പുരണ്ട രക്തക്കറ മായ്ച്ചുകളയാൻ ശ്രമിച്ചിരുന്നു.

എന്നാൽ കൊലയ്ക്ക് പിന്നിൽ മരച്ചീനി കൊടുക്കാത്തതിലുള്ള തർക്കമെന്നും വ്യക്തി വൈരാഗ്യമെന്നും പോലീസ് എഫ് ഐ ആറിൽ പറയുന്നു; കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും നേരത്തെ ബഷീറിന്റെ സഹോദരനെയും പ്രതി കുത്തിയിട്ടുണ്ടെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു; ഇരട്ടപ്പേര് വിളിച്ചതോടെയാണ് തർക്കമുണ്ടായതെന്ന് മാധ്യമങ്ങൾ പറയുന്നു; പ്രദേശികമായ സി പി എം പ്രവർത്തകർ തന്നെ അതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉറപ്പിച്ച് പറയുന്നുണ്ട് (ചില സ്‌ക്രീൻഷോട്ടുകൾ ഇതോടൊപ്പം ചേർക്കാം). ...വസ്തുത ഇതായിരിക്കെ കോടിയേരിക്ക് മാത്രമാണ് അതൊരു രാഷ്ട്രീയ തിരിച്ചടിയായത്. രക്തസാക്ഷികളുടെ എണ്ണം കൂട്ടാൻ ഈ പാർട്ടി ഏതറ്റം വരെ പോകുമെന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് കോടിയേരിയുടെ വാക്കുകൾ.


മലയാളികൾ ഇതെല്ലാം കേട്ട് പരിഹസിക്കുന്നത് കോടിയേരി കാണുന്നുണ്ടോ ആവോ.
എന്ത് പ്രഹസനമാണ് സജീ...!
പി സി വിഷ്ണുനാഥ്‌