-amit-shah

ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആക്രമണത്തിൽ ഇന്ത്യയ്‌ക്ക് നഷ്ടമുണ്ടായില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ,​ വ്യോമസേന മരണസംഖ്യയുടെ കണക്ക് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം,​ അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മരണസംഖ്യയെ കുറിച്ച് നിരവധി പേർ സംശയമുയർത്തുന്നുമുണ്ട്. എന്നാൽ,​ അമിത് ഷാ ഇപ്പോൾ ഒരു കണക്കുമായി എത്തിയിരിക്കുകയാണ്. 250 പേർ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വ്യോമാക്രമണത്തെ രാഷ്ട്രീയ നേട്ടമായി ഉപയോഗിക്കുകയല്ലേ ഇത്? -കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി ചോദിച്ചു.

വ്യോമാക്രമണത്തില്‍ 350 പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് ആരാണ് പ്രചരിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം ചോദിച്ചു. ഇത്തരമൊരു പ്രചരണത്തിന് പിന്നിൽ സർക്കാർ തന്നെയാണെന്നും എന്തുകൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ വ്യോമസേനയോ വ്യക്തത വരുത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.