nithin-gadkari

നാഗ്‌പൂർ: മൂത്രത്തിൽ നിന്ന് യൂറിയ ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഉദാഹരണ സഹിതമായിരുന്നു മന്ത്രിയുടെ വിശദീകരണം. മനുഷ്യ മൂത്രത്തിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാമെന്നും ഗഡികരി പറഞ്ഞു. തന്റെ മൂത്രം ശേഖരിച്ച് ഡൽഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ വളമായി ഉപയോഗിച്ചപ്പോൾ മികച്ച ഫലം ലഭിച്ചതായി അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ആശയങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.

'നമ്മൾ ഇപ്പോൾ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കിൽ നമുക്ക് യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ല. മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിക്കാൻ സാധിക്കും. എന്റെ ആശയങ്ങൾ അസാധാരണമായതിനാൽ ആരും അതുമായി സഹകരിക്കാൻ സാദ്ധ്യതയില്ല. സർക്കാരിലുള്ളവർ പോലും അത് അംഗീകരിക്കില്ല,​ എല്ലാവരും വണ്ടിക്കാളകളെ പോലെ എങ്ങോട്ടും തിരിയാതെ മുന്നോട്ട് തന്നെ പോവുകയാണ്' ​- ഗഡ്കരി വ്യക്തമാക്കി.

മനുഷ്യ മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിച്ച് എടുത്താൽ ജൈവ വളമായി ഉപയോഗിക്കാം. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമിൽ 25 ശതമാനം വിളവർധനവാണ് ഉണ്ടായെതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫാമിലെ ആവശ്യത്തിന് മുടി മഹാരാഷ്ട്രയിൽ നിന്ന് ലഭിക്കാത്തതിനാൽ ഓരോ മാസവും തിരുപ്പതിയിൽ നിന്നാണ് മുടി വരുത്തുന്നത്. ദിവസവും അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയിൽ എത്തിച്ച് അമിനോ ആസിഡ് വേർതിരിച്ച് എടുക്കുകയാണ്. ഇപ്പോൾ ദുബായ് ഗവർൺമെന്റിൽ നിന്നും തന്റെ സ്ഥാപനത്തിന് 180കണ്ടയ്നർ അമിനോ ആസിഡ് ആവശ്യപ്പെട്ട് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.