news

1. പ്രളയക്കെടുതിയില്‍ തകര്‍ന്ന ഇടുക്കിയിലെ കര്‍ഷകരെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ബാങ്കുകള്‍ എന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറെട്ടോറിയം അനുവദിക്കണം എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ബാങ്കുകളോടും സംസ്ഥാന തലത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചും മൊറട്ടോറിയം നല്‍കണമെന്ന ആവശ്യം അറിയിച്ചിട്ടും അനുസരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല


2. യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ജപ്തി നോട്ടീസ് അയച്ച് ഗുണ്ടകളെ പോലെ കര്‍ഷകരെ ബാങ്കുകള്‍ ഭീഷണി പെടുത്തുന്നു എന്നും സുനില്‍ കുമാര്‍. അതേസമയം, ഇടുക്കിയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് എന്ന് കോണ്‍ഗ്രസ്. പ്രളയ കെടുത്തി വകവയ്ക്കാതെ കര്‍ഷകരുടെ കടങ്ങള്‍ പിരിച്ചെടുക്കാനും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയക്കാനും ബാങ്കുകള്‍ തയ്യാറായിട്ടും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് ആരോപണം

3 പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തില്‍ 250ലേറെ ഭീകരരെ വധിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പതിമൂന്നാം ദിവസം വ്യോമാക്രമണം നടത്തി വിജയം കണ്ടു. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധസേനയുടെ ആക്രമണത്തിന് ഉടനടി പ്രതികാരം ചെയ്യാന്‍ സാധിച്ച ഒരോയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ

4. പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെ പാക് സൈന്യത്തിന്റെ പിടിയിലായ നമ്മുടെ ജവാനെ 30 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തിരിച്ചു കിട്ടി. മോദിയുടെ ഇച്ഛാശക്തി മൂലം ആണിതെന്നും ബി.ജെ.പി അധ്യക്ഷന്‍. പ്രതികരണം, അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തില്‍. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പിയുടെ ആദ്യ പ്രതികരണം ആണിത്

5. അതേസമയം, അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുന്നു. ബി.ജെ.പി അധ്യക്ഷന് ഈ കണക്ക് എവിടുന്ന് കിട്ടിയെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും പി. ചിദംബരവും ചോദിച്ചു. ബാലാക്കോട്ടില്‍ കുറഞ്ഞത് 325 ഭീകരര്‍ അടക്കം 350 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 300 പേര്‍ കൊല്ലപ്പെട്ടെന്നു പ്രധാനമന്ത്രിയോ ഏതെങ്കിലും വക്താവോ പറഞ്ഞോയെന്നാണു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ ചോദിച്ചിരുന്നു

6. ചിതറ കൊലപാതകം പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. ബഷീറിനെ കുത്തിയത്, കൊല്ലാന്‍ വേണ്ടിയുള്ള ഉദ്ദേശ്യത്തോടെ. ഇന്നലെ വൈകുന്നേരം പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയത് എന്നും ഷാജഹാന്‍ പറഞ്ഞു.

7. ഷാജഹാനെ കസ്റ്റടിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പൊലീസ് അന്വേഷിക്കും. സി.പി.എം പ്രാദേശിക നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ബഷീറിനെ കുത്തികൊന്ന ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സി.പി.എമ്മും ഇയാള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നുണ്ട്.

8. അതിര്‍ത്തിയെ അശാന്തമാക്കി ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍. പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവയ്പ്പ്. നിലവില്‍ വെടിവെപ്പ് അവസാനിച്ചിരിക്കുക ആണ്. പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല

9. കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സേന നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടി ഉതിര്‍ത്തിരുന്നു. ഉറി മേഖലയില്‍ നടത്തിയ പാക് സേനയുടെ വെടിവയ്പില്‍ ഏഴ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു

10. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് മാദ്ധ്യമങ്ങള്‍. അസ്ഹര്‍ ജീവനോടെ ഉണ്ടെന്നും മറിച്ചുള്ള വാര്‍ത്തള്‍ വ്യാജമാണെന്നും പാക് ടെലിവിഷന്‍ ചാനലായ ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചാണ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്.

11.ഭീകര സംഘടനകള്‍ക്ക് എതിരെ നടപടി എടുക്കണം എന്ന് പാകിസ്ഥാനോട് ബ്രിട്ടനും. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകാനുളള കാരണങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി വേണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ആഗോള ഭീകരവിരുദ്ധ നടപടികളില്‍ പാകിസ്ഥാന്റെ ആത്മാര്‍ഥമായ ഇടപെടല്‍ തെളിയ്ക്കണം എന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി