പത്തനംതിട്ട : ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയിൽ ഇക്കുറി താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഇതിനായി മികച്ച സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനുള്ള അടവുകൾ പയറ്റാനൊരുങ്ങുകയാണ് പാർട്ടി. തിരുവനന്തപുരം കഴിഞ്ഞാൽ പാർട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ ജനകീയ മുഖമായ കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ഒരു വിഭാഗം മുൻകൈ എടുക്കുന്നത് .
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയിൽവാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത എന്നത് പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാണ് സാദ്ധ്യത. ജാമ്യാപേക്ഷയിൻ മേലുള്ള കോടതി ഉത്തരവ് പ്രകാരം കെ.സുരേന്ദന് പത്തനംതിട്ടയിൽ പ്രവേശിക്കുവാനുള്ള വിലക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് വിലക്ക് അവസാനിച്ചിരിക്കുകയാണ്. ഈ വിവരം കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പേജിലൂടെ പ്രവർത്തകർക്കായി പങ്ക് വയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരിൽ ആവേശം നിറയ്ക്കുന്നതിനുമായി ബി.ജെ.പി നടത്തുന്ന പരിവർത്തൻയാത്രയുടെ തെക്കൻമേഖല ജാഥ നയിക്കാൻ കെ.സുരേന്ദ്രനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. നാളെ മുതൽ പരിവർത്തൻയാത്ര പത്തനംതിട്ടയിൽ നിന്നാണ് ആരംഭിക്കുന്നത്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് യാത്രയുടെ ആരംഭം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള സമരപാതയിൽ എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായും, പന്തളം കൊട്ടാരവുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ കെ.സുരേന്ദ്രനായി എന്നതും മികവായി പാർട്ടി വിലയിരുത്തുന്നുണ്ട്.